ശീതകാല ഒളിമ്പിക്‌സ്; ഇന്ത്യ ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷം ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ വച്ചു നടക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ജിയാങ് മിലിട്ടറി റെജിമെന്റല്‍ കമാന്‍ഡറാണ് ക്വി ഫബാവോ. 2020 ജൂണ്‍ 15 ന് ഗാല്‍വാലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഫബാവോ നാലുതവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ വാങ് മെങ്ങില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയാണ് ചടങ്ങിന് നേതൃത്വം നല്‍കുക. ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ക്വി ഫബാവോ ദീപശിഖയേന്തുന്ന വാര്‍ത്ത പുറത്തായതോടെ അമേരിക്കയും ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. വളരെ മോശം തീരുമാനം എന്നാണ് അമേരിക്ക ഇതിനോട് പ്രതികരിച്ചത്.

Top