ക്രിസ്മസാണെന്ന് കരുതി വീട്ടില്‍ വൈനുണ്ടാക്കേണ്ട! ‘അകത്തായാല്‍ ജാമ്യം പോലും കിട്ടില്ല’

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ സമയങ്ങളില്‍ വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്ന പതിവുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍. എന്നാല്‍ ഇനി അങ്ങനെ വൈന്‍ ഉണ്ടാക്കി ആഘോഷിക്കേണ്ട എന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. വീടുകളിലെ വൈന്‍ നിര്‍മ്മാണം നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി എക്‌സൈസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വീര്യം കുറഞ്ഞ വൈനുകള്‍ ആണെങ്കില്‍ പോലും ഇനി പിടി വീഴും എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

വീണ്ടുമൊരു ക്രിസ്മസ്-പുതുവല്‍സര കാലമെത്തിയതോടെയാണ് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് രംഗത്തെത്തിയിരിക്കുന്നത്. വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്സൈസ് പറയുന്നു. അങ്ങനെ കണ്ടെത്തിയാല്‍ റെയ്ഡ് നടത്തി പിടിക്കുമെന്നും ജാമ്യംകിട്ടാത്ത കുറ്റമാണിതെന്നും എക്സൈസ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല വീടുകളില്‍ വൈന്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍പ്രചരിപ്പിച്ചാലും കുട്ടും ഇനി പണി. അരിഷ്ടമടക്കമുള്ള ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരിവില്‍പ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്‌സൈസ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണവും വിതരണവും ക്രിസ്മസ് പുതുവത്സര കാലത്ത് കൂടി വരാറുണ്ടെന്നും ഇതവസാനിപ്പിക്കാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ വരെ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് ഇതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ സ്വീകരിക്കാനായി ജില്ലകളില്‍ സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും.

Top