Windows Shook, We Hid Under Bed: Pathankot Martyr’s daughter

ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച സുബേദാര്‍ മേജര്‍ ഫത്തേ സിങ്ങിനെ ഓര്‍ത്ത് അഭിമാനത്തോടെ മകള്‍ മധു.

വീടിന്റെ ജനാലകളിലുള്‍പ്പെടെ വെടിയുണ്ടകളേറ്റിട്ടും സധൈര്യം നെഞ്ചുവിരിച്ച് ആയുധവുമെടുത്ത് അക്രമികളുടെ അടുത്തേക്ക് കുതിച്ച അച്ഛന്റെ ഓര്‍മ്മകള്‍ വേര്‍പാടിന്റെ വേദനയിലും തനിക്കഭിമാനം പകരുന്നതാണെന്ന് മധു പറഞ്ഞു.

ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചത്. വെടിയൊച്ച കേട്ടത് മാത്രമാണ് ഓര്‍മയിലുള്ളത്. പെട്ടെന്ന് തന്നെ അച്ഛന്‍ യൂണിഫോം ധരിക്കുകയും വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു. ഞങ്ങള്‍ക്കും വെടിയൊച്ചയുടെ ശബ്ദം കേള്‍ക്കാമായിരുന്നു. വീടിന്റെ ജനാലകളിലും വെടിയുണ്ടകളേറ്റു. രണ്ടു മണിക്കൂറോളം കട്ടിലിനടിയില്‍ ഞങ്ങള്‍ ഒളിച്ചിരുന്നു. രാത്രിയായപ്പോള്‍ വൈദ്യുതി വിളക്കുകളെല്ലാം കെടുത്തി. അതിനാല്‍ ഭീകരര്‍ക്ക് അകത്തു ഞങ്ങള്‍ ഒളിച്ചിരുപ്പുണ്ടെന്നു കാണാനായില്ല. കുറച്ചു സമയങ്ങള്‍ക്കുശേഷം വീണ്ടും വെടിവയ്പ് തുടര്‍ന്നു മധു തന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു.

സത്യത്തിനു വേണ്ടി പോരാടാനും നല്ലതെന്നു തോന്നുന്നവ ചെയ്യാനും തിന്മളെ ചെറുത്തു തോല്‍പ്പിക്കാനും അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഇതിനുവേണ്ടിയാണ് അദ്ദേഹം തന്റെ ജീവന്‍ വെടിഞ്ഞതെന്നും മധു പറഞ്ഞു. 25 കാരിയായ മധു ഇംഗ്ലീഷ് അധ്യാപികയാണ്. മധുവിന്റെ സഹോദരനും സൈനിക ഓഫിസറാണ്.

1995ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ, വെള്ളി മെഡലുകള്‍ നേടിയ വ്യക്തിയായിരുന്നു സുബേദാര്‍ ഫത്തേ സിങ്. 2009ല്‍ ദോഗ്ര റജിമെന്റില്‍ നിന്ന് സുബേദാര്‍ മേജറായി വിരമിച്ചു. അതിനുശേഷം അദ്ദേഹം പ്രതിരോധ സുരക്ഷാസേനയ്‌ക്കൊപ്പം സുബേദാറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് അദ്ദേഹത്തെ പത്താന്‍കോട്ട് നിയമിച്ചത്.

ഫത്തേസിങ്ങിന്റെ ധീരരക്തസാക്ഷിത്വം സൈനികര്‍ക്കും വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.

Top