വിമ്പിള്‍ഡണ്‍; റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

ലണ്ടന്‍: ഓപ്പണ്‍ യുഗത്തില്‍ വിമ്പിള്‍ഡന്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഇനി സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററുടെ (39) പേരില്‍. ഇറ്റലിയുടെ ലൊറന്‍സോ സൊനെഗോയെ തോല്‍പിച്ച് ഫെഡറര്‍ അവസാന എട്ടിലെത്തി. സ്‌കോര്‍: 7-5, 6-4, 6-2.

ആദ്യ സെറ്റില്‍ ഇരുവരും 5-5ല്‍ നില്‍ക്കെ മഴയെത്തി. മഴയ്ക്കുശേഷം കളി തുടങ്ങിയപ്പോള്‍ ഫെഡറര്‍ അനായാസം മുന്നേറി. കെന്‍ റോസ്വോളിന്റെ (പ്രായം: 39 വര്‍ഷവും 224 ദിവസവും) പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണു ഫെഡറര്‍ (39 വര്‍ഷവും 337 ദിവസവും) തിരുത്തിയത്. ഇതു 18-ാം തവണയാണു ഫെഡറര്‍ വിമ്പിള്‍ഡന്‍ ക്വാര്‍ട്ടറിലെത്തുന്നത്.

എന്നാല്‍, റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ മഴ ‘ചതിച്ചു.’ 2-1നു മുന്നിട്ടു നില്‍ക്കെ മഴമൂലം തടസ്സപ്പെട്ട കളി പുനരാരംഭിച്ചപ്പോള്‍ ലോക 2-ാം നമ്പര്‍ താരത്തിനു കാലിടറി. അവസാന 2 സെറ്റുകളും നഷ്ടപ്പെട്ട് റഷ്യന്‍ താരം തോറ്റു. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍ക്കസിനോടാണു മെദ്വദേവ് തോറ്റത് (6-2, 6-7, 6-3, 3-6, 3-6).

 

 

Top