വിംബിള്‍ഡണ്‍ മത്സരക്രമമായി ; ഈ മാസം 27ന് തുടങ്ങും

ലണ്ടന്‍: വിഗ്യാതമായ വിംബിള്‍ഡണ്‍ ഗ്രാൻഡ്സ്ലാമിന്റെ ഈ വർഷത്തെ മത്സരക്രമം തീരുമാനമായി. നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ച്, ക്വാര്‍ട്ടറില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍ക്കറാസിനെ നേരിടുന്ന രീതിയിലാണ് മത്സരക്രമം. തുടരെ നാലാം വിംബിള്‍ഡണ്‍ കിരീടനേട്ടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ് രണ്ടാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവർ ഇത്തവണത്തെ വിംബിള്‍ഡണിന് ഉണ്ടാകില്ല.

റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ സെറൊണ്ടോളോയെ നേരിടും. വനിതകളില്‍ തുടരെ 35 ജയവുമായെത്തുന്ന ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക് തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാന്‍സ്ലാം കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്ന മുന്‍ ചാംപ്യന്‍ സെറീന വില്യംസ് 113 ആം റാങ്കിലുള്ള ഹാര്‍മണി ടാനെ ആദ്യറൗണ്ടില്‍ നേരിടും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് സെറീന മത്സരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ താന്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാല്‍പതുകാരിയായ സെറീന വ്യക്തമാക്കിയത്. ടെന്നിസീല്‍ നിന്ന് വിരമിച്ച ഓസ്ട്രേലിയക്കാരി ആഷ്ലി ബാര്‍ട്ടിയാണ് വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍. ഏഴ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള സെറീന അവസാനമായി കിരീടമുയര്‍ത്തിയത് 2016ലാണ്. ഈ മാസം 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്.

Top