Willing to discuss ‘possibilities’ of India joining elite nuclear club: Chinese envoy

ബെയ്ജിങ്: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ചൈന. ആണവഗ്രൂപ്പ് പ്രവേശനത്തിന് ശ്രമിക്കുന്ന ഇന്ത്യയുമായി എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ചൈനയുടെ ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

നേരത്തെ ചൈനയുടെ വീറ്റോ ഇടപെടലാണ് എന്‍എസ്ജി ഗ്രൂപ്പില്‍ പ്രവേശനത്തിന് ഇന്ത്യക്ക് തിരിച്ചടിയായ പ്രധാന കാരണം.

ഈ ആഴ്ചയിലെ ബ്രിക്‌സ് സമ്മേളനത്തിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയിലെത്താനിരിക്കെയാണ് ചൈനീസ് നയതന്ത്ര വിഭാഗം ഇന്ത്യയുമായി എന്‍എസ്ജി സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പറയുന്നത്.

എന്നാല്‍ ആണവഗ്രൂപ്പിലെ നിയമങ്ങള്‍ ചൈനയല്ല രൂപീകരിച്ചതെന്നും എല്ലാ അംഗരാജ്യങ്ങളും പ്രവേശനത്തെ അനുകൂലിച്ചാലെ ഇന്ത്യയുടെ പരിശ്രമം വിജയം കാണുകയുള്ളുവെന്നും ചൈനീസ് വിദേശകാര്യ ഉപമന്ത്രി ലി ബഡോങ് പറഞ്ഞു.

കഴിഞ്ഞ മാസം ബെയ്ജിങുമായി എന്‍എസ്ജി സംബന്ധിതമായി പ്രധാന ചര്‍ച്ചകള്‍ ആരംഭിച്ചതായി ന്യൂ ഡല്‍ഹി അറിയിച്ചിരുന്നു. 48 രാജ്യങ്ങളുള്ള ഗ്രൂപ്പില്‍ എല്ലാ അംഗരാജ്യങ്ങളുടേയും പിന്തുണയോടെ മാത്രമെ പ്രവേശനം സാധ്യമാവുകയുള്ളു.

റഷ്യയും യുഎസും ഫ്രാന്‍സുമായി ചേര്‍ന്ന് സഹസ്ര കോടികളുടെ ആണവ നിലയ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ആണവഗ്രൂപ്പ് അംഗത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്യാംപയ്ന്‍ തന്നെ നടത്തുന്നുണ്ട്.

ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. എന്നാല്‍ എന്‍എസ്ജി അംഗത്വത്തിന് എന്‍പിടി ഒപ്പിടണമെന്നതാണ് മുന്‍കാലത്ത് നടന്നുവന്നിരിക്കുന്ന ചട്ടമെന്ന് ചൈന ഓര്‍മ്മപ്പെടുത്തുന്നു.

2008ല്‍ ആണവ വാണിജ്യത്തിന് ഇന്ത്യക്ക് പ്രത്യേക അനുമതി എന്‍എസ്ജി നല്‍കിയെങ്കിലും സംഘടനയില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നില്ല.

Top