നായകന്‍ കെയിൻ വില്യംസണിന്റെ പരിക്ക് ന്യൂസിലന്‍ഡിന് തലവേദനയാകുന്നു

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നായകന്‍ കെയിൻ വില്യംസണിന്റെ പരിക്ക് ന്യൂസിലന്‍ഡിന് തലവേദനയാകുന്നു. കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണിനെ വലയ്ക്കുന്നത്.

പരുക്ക് ഭേദമായില്ലെങ്കില്‍ ലോകകപ്പിലെ ആദ്യ മത്സരം വില്യംസണ് നഷ്ടമാകും. ബാറ്റിംഗ് നിരയിലെ ഏറ്റവും മികച്ച താരത്തിന്റെ അഭാവം കിവികള്‍ക്ക് കനത്ത തിരിച്ചടിയാവും. ഒക്ടോബര്‍ 26ന് പാകിസ്ഥാനെതിരെയാണ് ന്യൂസിലന്‍ഡിന്റെ ആദ്യ പോരാട്ടം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തില്‍ വില്യംസണ്‍ ബാറ്റ് ചെയ്തിരുന്നില്ല.

നാളെ സൂപ്പര്‍ 12-ല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. അബുദാബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആണ് മത്സരം. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പുകളായ ഇംഗ്ലണ്ടിനെ നേരിടും

Top