യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; തീരുമാനമറിയിച്ച് പി.സി ജോര്‍ജ്

കോട്ടയം: യുഡിഎഫ് മുന്നണിയുടെ ഭാഗമാകാന്‍ ഒരുങ്ങി പി.സി ജോര്‍ജ് നയിക്കുന്ന കേരള ജനപക്ഷം. നിലവില്‍ കേരള ജനപക്ഷം ഒരു മുന്നണിയുടെയും ഭാഗമല്ലായിരുന്നു. യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പി.സി. ജോര്‍ജ് തന്നെയാണ് അറിയിച്ചത്.

യുഡിഎഫുമായി സഹകരിക്കണമെന്നാണ് ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം. ചിലര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് മുന്നണിയുമായി ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഇതിനോടകം തീരുമാനിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതോടെ ചില സ്ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിക്കാനാണ് തന്റെ ആഗ്രഹം. എന്നാല്‍ പാലായും കാഞ്ഞിരപ്പള്ളിയും തനിക്ക് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലങ്ങളാണ്. ഇക്കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

Top