ലിയോയിലൂടെ ദളപതിയുടെ പൊളിറ്റിക്കൽ ‘അജണ്ട’ നടപ്പാകുമോ ? ആശങ്കയിൽ തമിഴകത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ

ലിയോ എന്ന ദളപതി വിജയ് യുടെ സിനിമയാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ വിദേശത്ത് ഉൾപ്പെടെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് കളക്ഷനാണ് ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ പുതിയ ചരിത്രമാണ് ലിയോ രചിക്കാൻ പോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജും സൂപ്പർതാരം ദളപതി വിജയ് യും ഒന്നിക്കുന്ന ആക്ഷൻ സിനിമയാണ് എന്നതാണ് ലിയോയുടെ മൂല്യം വർദ്ധിപ്പിക്കുന്നത്. ഒക്ടോബർ 19നാണ് റിലീസ്.

ലിയോ ഒരു ശരാശരി സിനിമയായിൽ പോലും 1000 കോടി രൂപയോളം കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. റിലീസിനു മുൻപു തന്നെ 500 കോടിയുടെ ബിസിനസ്സും ലിയോ സ്വന്തമാക്കിയിട്ടുണ്ട്. മറ്റൊരു സിനിമയ്ക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത നേട്ടമാണിത്. ബോളിവുഡിലെ സൂപ്പർ താരങ്ങൾ പോലും വിജയ് എന്ന സൂപ്പർതാരത്തിന്റെ മുന്നേറ്റത്തിനു മുന്നിൽ പകച്ചിരിക്കുകയാണ്. വിജയ് യുടെ ഈ പ്രായത്തിൽ ഇതുവരെ ഇന്ത്യയിലെ മറ്റൊരു താരവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല.

ലിയോ പുറത്തിറങ്ങുന്നതോടെ ദളപതിയുടെ താരമൂല്യവും കുത്തനെ വർദ്ധിക്കാൻ തന്നെയാണ് സാധ്യത. ലിയോക്ക് ശേഷം വിജയ് നായകനാകുന്നത് സൂപ്പർ സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയിലാണ്. ഇതിനു ശേഷം സിനിമയിൽ നിന്നും അവധിയെടുത്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് വിജയ് പദ്ധതി തയ്യാറാക്കുന്നത്. സിനിമയും രാഷ്ട്രീയവും ഇടകലർന്ന തമിഴക രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ അട്ടിമറിയോടെ വിജയ് ഭരണം പിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നത്.

തമിഴകത്തെ സൂപ്പർ താരങ്ങളായിരുന്ന എം.ജി.രാമചന്ദ്രനും ജയലളിതയും തമിഴ്നാട് മുഖ്യമന്ത്രിമാരായ മോഡലിൽ സിനിമാമേഖലയിൽ നിന്നും അവരുടെ പിൻഗാമിയായി ദളപതി വിജയ് വരണമെന്നാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത്. ആ ആഗ്രഹം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ സംഭവിക്കുമെന്നു തന്നെയാണ് ആരാധകരുടെ കണക്കുകൂട്ടൽ. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നതും തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്നതും ഒരു സുപ്രഭാതത്തിൽ മാത്രം ഉയർന്ന ആവശ്യമായിരുന്നില്ല. ഈ രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തികൂടിയാണ് ‘വിജയ് മക്കൾ ഇയക്കമെന്ന’ പേരിൽ ഒരു ആരാധക സംഘടനയും രൂപീകരിച്ചിരിക്കുന്നത്.

ഇന്ന് തമിഴകത്തു മാത്രമല്ല കേരളത്തിൽ പോലും ശക്തമായ അടിത്തറയുള്ള സംഘടനയാണിത്. മലയാള സൂപ്പർതാരങ്ങളായ മോഹൻലാലിന്റെയും മമ്മുട്ടിയുടെയും ആരാധകർ പോലും ഇവിടെ ദളപതിയുടെ ആരാധകരാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർവരെ അതിൽ ഉൾപ്പെടും. അതു കൊണ്ട് തന്നെ വലിയ ഓപ്പണിങ്ങാണ് വിജയ് സിനിമകൾക്ക് കേരളത്തിലും ലഭിക്കാറുള്ളത്.

തമിഴ്നാട്, കർണ്ണാടക, തെലങ്കാന, ആന്ധ്ര, പോണ്ടിച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോൾ ദളപതിക്ക് ആരാധകർ വർദ്ധിച്ചിട്ടുണ്ട്. എന്തിനേറെ നിരവധി വിദേശ രാജ്യങ്ങളിലും ദളപതിക്കു കിട്ടുന്ന പിന്തുണ ഏതൊരു സൂപ്പർതാരത്തെയും അസൂയപ്പെടുത്തുന്നതാണ്. കണക്കുകൾ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. അമ്പരപ്പിക്കുന്ന നേട്ടം തന്നെയാണിത്. അതെന്തായാലും… പറയാതെ വയ്യ.

സ്വന്തം തട്ടകമായ തമിഴ്നാട്ടിൽ മുക്കിലും മൂലയിലും വരെ വിജയ് ആരാധകരുടെ സംഘടനയ്ക്ക് ശക്തമായ വേരുകൾ ഉണ്ട്. ഓരോ ജില്ലയിലും ലക്ഷക്കണക്കിന് പ്രവർത്തകരും ‘വിജയ് മക്കൾ ഇയക്ക’ത്തിനുണ്ട്. ഈ കരുത്ത് തമിഴ് നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ചങ്കിടിപ്പിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ദളപതിയുടെ ഫോട്ടോ മാത്രം ഉപയോഗിച്ച് പ്രചരണം നടത്തിയ 100-ൽ അധികം സ്ഥാനാർത്ഥികളാണ് വിജയം നേടിയിരുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളെ മാത്രമല്ല ദളപതിയെ പോലും ഞെട്ടിച്ച റിസൾട്ടായിരുന്നു ഇത്.

രാഷ്ട്രീയത്തിൽ ഇറങ്ങാൻ ദളപതിക്ക് ആത്മവിശ്വാസം നൽകുന്നതും തന്റെ ആരാധകർ നേടിയ ഈ വിജയമാണ്. ജീവ- കാരുണ്യ മേഖലകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന സംഘടന കൂടിയാണ് “വിജയ് മക്കൾ ഇയക്കം”. വിദ്യാർത്ഥി – യുവജന വിഭാഗങ്ങൾക്കിടയിൽ മാത്രമല്ല സ്ത്രീകൾക്കിടയിലും വലിയ സ്വീകാര്യതയാണ് ഈ ആരാധക സംഘടനക്കുള്ളത്. ഇതെല്ലാം ഒത്തൊരുമിച്ച് ഒരുമുന്നേറ്റമായി മാറിയാൽ അതോടെ… തമിഴ്നാടിന്റെ രാഷ്ട്രീയ ചിത്രം തന്നെയാണ് മാറ്റി എഴുതപ്പെടുക.

EXPRESS KERALA VIEW

Top