Will vigilance inquire Police recruitment scam and Medical College Agreement case against Chennithala?

തിരുവനന്തപുരം: പൊലീസ് നിയമനത്തട്ടിപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത.

കേരളത്തെയാകെ ഞെട്ടിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പങ്ക് ഉണ്ടെന്ന് പ്രതി ശരണ്യ രഹസ്യമൊഴി നല്‍കിയിരുന്നു.

ഹരിപ്പാടുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തലയെ നേരില്‍ കണ്ടതെന്നാണ് ശരണ്യ നല്‍കിയ 14 പേജുള്ള രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് കാര്‍ത്തികപള്ളി മണ്ഡലം പ്രസിഡന്റ് നൈസിലും മന്ത്രിയുടെ ഓഫീസ് സ്റ്റാഫ് വേണുവും കൂടെയുണ്ടായിരുന്നതായി മൊഴിയില്‍ പറയുന്നുണ്ട്.

നൈസിലാണ് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത്. അരമണിക്കൂര്‍ പുറത്തിരുന്നതായും തുടര്‍ന്ന് നൈസില്‍ അകത്തേയ്ക്ക് വിളിപ്പിച്ചതായും മൊഴിയില്‍ ശരണ്യ പറഞ്ഞിരുന്നു.

തട്ടിപ്പിന് സഹായകരമായ കേരള പൊലീസിന്റെയും പി എസ് സിയുടെയും സീല്‍ തന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ‘നമുക്ക് വേണ്ടി ആളെ പിടിക്കുന്ന ആളാണ്’ എന്ന് പറഞ്ഞാണ് തന്നെ രമേശ് ചെന്നിത്തലയ്ക്ക് പരിചയപ്പെടുത്തിയതെന്നും ശരണ്യ മൊഴിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആരംഭിച്ചശേഷം ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് എസ് പി ഭീഷണിപ്പെടുത്തിയതായും രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്ത് പറയരുതെന്നായിരുന്നു ഭീഷണി.

ജോലി ഒന്നും ഇല്ലാതെ വിഷമിച്ച കാലത്ത് കോണ്‍ഗ്രസുകാരാണ് തന്നെ സമീപിച്ച് ജോലി വാഗ്ദാനം ചെയ്തത്. മികച്ച ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞ് ഒന്നരലക്ഷം രൂപയും വാങ്ങി. പിന്നീട് ജോലിയെപ്പറ്റി തിരക്കിയപ്പോള്‍ ആറ് പേര്‍കൂടെ ഉണ്ടെങ്കില്‍ മാത്രമേ ജോലി ലഭിക്കൂ എന്നായിരുന്നു ഇവരുടെ മറുപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് ഇവര്‍ പറഞ്ഞു. ഇതില്‍ താന്‍ സംശയം പ്രകടിപ്പിച്ചപ്പോഴാണ് തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേയ്ക്ക് നേരിട്ട് കൂട്ടിക്കൊണ്ടുപോയത്. ആഭ്യന്തരമന്ത്രിയെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ ഒന്നും പേടിക്കേണ്ട എല്ലാം കൃത്യമായി നടക്കുമെന്ന് വേണു ആശ്വസിപ്പിക്കുകയും ചെയ്തു.

പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അവരോട് സത്യം തുറന്ന് പറഞ്ഞപ്പോള്‍ മൊഴിമാറ്റി പറയുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി തന്നെ ഉപദ്രവിച്ചതായും ശരണ്യ പറഞ്ഞിരുന്നു.

സംസ്ഥാന പൊലീസില്‍ ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇതുവരെ പരാതി നല്‍കിയത് അമ്പതോളം പേരാണ്. നൂറുകണക്കിന് പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പൊലീസില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു രണ്ടു കോടിയിലേറെ രൂപയാണ് ശരണ്യ തട്ടിപ്പു നടത്തിയത്. കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ സ്വദേശികളാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും.

വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞാണ് ശരണ്യ തട്ടിപ്പിന് കളമൊരുക്കിയത്. ആഭ്യന്തരമന്ത്രിയുടെ ഭാര്യയുമായി അടുപ്പമുണ്ടെന്നും ഇതിലൂടെ പിന്‍വാതില്‍ നിയമനം വാങ്ങിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്.

ആരോപണവിധേയനായ ചെന്നിത്തല തന്നെ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്. ഗുരുതരമായ ഈ തട്ടിപ്പ് ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കൈമാറുമെന്നാണ് സൂചന.

ആഭ്യന്തരവകുപ്പില്‍ നിന്ന് ഇതുസംബന്ധമായി നിര്‍ദ്ദേശം ലഭിച്ചാലും ഇല്ലെങ്കിലും ആരെങ്കിലും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാല്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെന്നിത്തലക്കെതിരെയടക്കം അന്വേഷണം ഉണ്ടാകുമെന്നുറപ്പാണ്.

യുഡിഎഫ് ഭരണാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരവകുപ്പ് കൈയ്യാളിയിരുന്ന രമേശ് ചെന്നിത്തലയും പന്ത് തട്ടിക്കളിച്ച ജേക്കബ് തോമസാണ് വിജിലന്‍സ് ഡയറക്ടര്‍ എന്നത് ചെന്നിത്തലയെ സംബന്ധിച്ച് രാഷ്ട്രീയ ഭാവിക്ക് തന്നെ വന്‍ വെല്ലുവിളിയാണ്.

മാത്രമല്ല ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് മെഡിക്കല്‍ കോളേജിന് വേണ്ടി ഉയര്‍ന്ന തുകയ്ക്ക് കരാര്‍ ഉറപ്പിച്ച നടപടിയും ഇതിനകം അദ്ദേഹത്തിന് കുരുക്കായിട്ടുണ്ട്. 4.61 കോടി രൂപ സര്‍ക്കാരിന് നഷ്ടം വന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്.

ഈ സംഭവത്തിലും വിജിലന്‍സ് പിടിമുറുക്കിയാല്‍ അതും ചെന്നിത്തലയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്.

Top