പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കും, ഗോവിന്ദന്‍ മാസ്റ്റര്‍ നല്‍കിയ വിശദീകരണം എന്റെ നിലപാടാണ്; കെ.അനില്‍ കുമാര്‍

കൊച്ചി: തട്ടം പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ.അനില്‍ കുമാര്‍. പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്നും എം.വി ഗോവിന്ദന്‍ നല്‍കിയ വിശദീകരണമാണ് തന്റെ നിലപാടെന്നും അനില്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് ഏറ്റെടുക്കുന്നുവെന്നും അനില്‍ കുമാര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കും. എസ്സന്‍സ് സമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ഒരുവിഷയത്തോട് ഞാന്‍ നടത്തിയ മറുപടിയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നല്‍കിയ വിശദീകരണം എന്റെ നിലപാടാണ്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് തീവ്രവാദ രാഷ്ട്രീയങ്ങള്‍ക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തില്‍ ഒരു മിക്കാന്‍ പാര്‍ട്ടി നല്‍കിയ വിശദീകരണം വളരെ സഹായിക്കും’ പാര്‍ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റു് കാരനെന്ന നിലയില്‍ ഞാന്‍ ഏറ്റെടുക്കുന്നു.

കെ അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശം തള്ളി സിപിഐഎം രംഗത്ത് വന്നിരുന്നു. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കെ ടി ജലീലും, എ എം ആരിഫ് എംപിയും പരാമര്‍ശങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അനില്‍കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്. എഎം ആരിഫ് എംപി, മാതാവിന്റെ മരണാനന്തര ചടങ്ങ് മതപരമായാണ് നടത്തിയതെന്നും കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി. ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് എ എം ആരിഫും അനില്‍കുമാറിനെ തള്ളുന്ന നിലപാട് വ്യക്തമാക്കി. പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിവാദ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞത്.

Top