അമേരിക്ക – ചൈന യുദ്ധം വരുമോ ? ഇന്ത്യയുടെ നിലപാട് നിർണ്ണായകം . . .

ചൈനയുടെ ഏറ്റവും വലിയ പിഴവ് എന്നു പറയുന്നത് അയല്‍ രാജ്യങ്ങളുമായുള്ള കടുത്ത ശത്രുതയാണ്. എന്തിനേറെ കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന വിയറ്റ്‌നാം പോലും ചൈനയുടെ ശത്രു രാജ്യമാണ്. ചൈനക്ക് എപ്പോള്‍ വേണമെങ്കിലും ആക്രമിച്ചു കീഴടക്കാന്‍ കഴിയുന്ന ചെറിയ രാജ്യമാണ് വിയറ്റ്‌നാം. എന്നാല്‍ അതിന് ചൈന നല്‍കേണ്ടി വരിക വലിയ വിലയായിരിക്കും. അമേരിക്കന്‍ സഖ്യ സേനയെ തുരത്തിയ പോരാട്ട വീര്യമുള്ള മണ്ണാണ് വിയറ്റ്‌നാമിന്റേത്. അവിടുത്തെ ഓരോ പൗരനും വിയറ്റ്‌നാം ഭരണകൂടത്തെ സംബന്ധിച്ച് പോരാളികളാണ്.

ഗറില്ല യുദ്ധമുറകളില്‍ വിദഗ്ദരായ വിയറ്റ് നാം സൈന്യത്തിന്റെ പക്കല്‍ ഇന്ത്യ നല്‍കിയ ബ്രഹ്‌മോസ് ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുമുണ്ട്. ചൈനയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് ഇന്ത്യ വിയറ്റ്‌നാമുമായി നിലവില്‍ സഹകരിക്കുന്നത്. പാക്കിസ്ഥാന്‍ മാത്രമാണ് ചൈനയുമായി നല്ല ബന്ധമുള്ള ഏക രാജ്യം. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലും ചൈനയുടെ സ്വാധീനം ശക്തമാണ്. അതേസമയം ഒരു യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ താലിബാന്‍ മണ്ണ് ചൈനക്ക് ഉപയോഗപ്പെടുത്താനും പരിമിതി ഏറെയാണ്. ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. ഇന്ത്യക്കും അമേരിക്കക്കും എതിരായ ഒരു നിലപാട് ഒരിക്കലും ഖത്തര്‍ ഭരണകൂടത്തിന് സ്വീകരിക്കാന്‍ കഴിയുകയില്ല.

ഖത്തറിനെ പിണക്കി താലിബാനും മുന്നോട്ട് പോകാന്‍ കഴിയില്ല. അതാണ് നിലവിലെ അവസ്ഥ. ഇറാന്‍ അമേരിക്കക്ക് എതിരായ ഏതു നീക്കത്തെയും പിന്തുണക്കുമെങ്കിലും ഇന്ത്യക്കെതിരെ ചൈന തിരിഞ്ഞാല്‍ അത് ഇറാനെയും ധര്‍മ്മസങ്കടത്തിലാക്കും. ഇറാനുമായി ഇപ്പോഴും നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. അമേരിക്ക-ചൈന ബന്ധം വഷളായ സ്ഥിതിക്ക് ഇനി ലോക രാജ്യങ്ങള്‍ക്കും വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും നിലപാട് നിര്‍ണ്ണായകമാകും.

ചൈന വിരുദ്ധ ചേരിയിലാണ് ഇന്ത്യ നിലയുറപ്പിച്ചിരിക്കുന്നത്. റഷ്യയാകട്ടെ ചൈന-അമേരിക്ക സംഘര്‍ഷത്തില്‍ പരസ്യമായി ഇടപെടാനുള്ള സാധ്യത കുറവാണ്. രണ്ടു പേരും ഏറ്റുമുട്ടിയാല്‍ അത് ലോകത്തിനു തന്നെ ഭീഷണിയാകും എന്നതിനാല്‍ ഒരു യുദ്ധം ഒഴിവാക്കാനാണ് റഷ്യ ശ്രമിക്കുക. അന്താരാഷ്ട്ര മാധ്യമങ്ങളും അതു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയുടെ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലിക്കുന്നതായ ചിത്രങ്ങള്‍ പുറത്തു വന്നത് അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചൈനയുടെ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും മാതൃകയുണ്ടാക്കിയാണ് ചൈനീസ് സൈന്യം പരിശീലനമുണ്ടാക്കുന്നത്. ഷിന്‍ഷിയാങ് പ്രവിശ്യയിലെ താക്‌ലമക്കാന്‍ മരുഭൂമിയില്‍ നടത്തുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ സാങ്കേതികകമ്പനിയായ മാക്‌സറാണ് പുറത്തുവിട്ടിരിക്കുന്നത്.

മരുഭൂമിയിലെ ചൈനീസ് സൈന്യത്തിന്റെ പുതിയ പരിശീലനകേന്ദ്രത്തില്‍ അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിന്റെയും രണ്ട് മിസൈല്‍വേധ കപ്പലിന്റെയും മാതൃകകളാണ് നിര്‍മിച്ചിട്ടുള്ളത്. ആറ് മീറ്റര്‍ വീതിയുള്ള ഒരു റെയില്‍ സംവിധാനവും അതിലൊരു കപ്പലിനോട് സാമ്യമുള്ള ടാര്‍ഗെറ്റ് ഘടിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമായി തന്നെ കാണാന്‍ കഴിയും. ചലിക്കുന്ന ഒരു കപ്പലിനെ അനുകരിക്കാന്‍ ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുമായുള്ള ഒരു യുദ്ധസാദ്ധ്യത മുന്നില്‍ കണ്ടു തന്നെയാണ് ചൈനയുടെ ഈ നീക്കങ്ങളെന്നത് വ്യക്തമാണ്. തെക്കന്‍ ചൈനക്കടല്‍ തായ്‌വാന്‍ വിഷയങ്ങളില്‍ അമേരിക്കയും ചൈനയും കടുത്ത ഭിന്നതയിലാണ്. തായ്‌വനെ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഹോങ്കോങ്ങില്‍ അമേരിക്ക നടത്തുന്ന ഇടപെടലും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള ചൈനയുടെ ഉടക്കിലാണ് അമേരിക്കയുടെ പ്രതീക്ഷ. ഇന്ത്യ ഒപ്പമുണ്ടെങ്കില്‍ ചൈനീസ് ഭീഷണി ഒരു വിഷയമേ അല്ലെന്നതാണ് അമേരിക്കന്‍ നിലപാട്. ഇന്ത്യന്‍ സൈന്യം അമേരിക്കന്‍ സഖ്യകക്ഷികളുമായി സഹകരിക്കുന്ന ഒരു സാഹചര്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ കഴിയുകയില്ല. അതു കൊണ്ടു തന്നെ ചൈനയും ഇപ്പോള്‍ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുമായി പരമാവധി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ചൈനയുടെ നീക്കം. റഷ്യയുടെ ഇന്ത്യാ അനുകൂല നിലപാടും ചൈനയെ സംബന്ധിച്ച് പിന്നോട്ടടിപ്പിക്കുന്ന കാര്യമാണ്. ഇതിനെല്ലാം പുറമെ പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ എന്നതും ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ടാകും.

ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിനു തുനിഞ്ഞാല്‍ വലിയ നാശനഷ്ടം ചൈനയുടെ ഭാഗത്തും ഉറപ്പാണ്. സൈനിക ശേഷിയിലും ആയുധ ശേഖരത്തിലും വലിയ കുതിപ്പാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ബോധ്യം പാക്കിസ്ഥാന് മാത്രമല്ല ചൈനക്കും നിലവിലുണ്ട്. അവരത് തുറന്ന് സമ്മതിക്കുന്നില്ലെന്നു മാത്രം.

ചൈനയുടെ സൈന്യത്തെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2020 ജൂലായില്‍ ചൈന പരീക്ഷണാര്‍ത്ഥം വിക്ഷേപിച്ച ആറ് ഡി.എഫ് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലുകള്‍ തെക്കന്‍ ചൈനക്കടലില്‍ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകോപനപരമായ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതമാകും എന്നതാണ് അമേരിക്കയുടെ മുന്നറിയിപ്പ്. പരിശീലന പരിപാടികള്‍ക്കെതിരെ അയല്‍ രാജ്യങ്ങളില്‍ നിന്നും ചൈന ശക്തമായ എതിര്‍പ്പാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ മഹാദുരന്തത്തിനാണ് ലോകം സാക്ഷ്യം വഹിക്കുക. മാനവരാശിയുടെ നിലനില്‍പ്പനു തന്നെ അത്തരം ഒരു സാഹചര്യം ഭീഷണിയാകും. അതാകട്ടെ വ്യക്തവുമാണ്.

EXPRESS KERALA VIEW

Top