സോളാർ കേസിൽ പുനരന്വേഷണത്തിന് കളമൊരുങ്ങുമോ ? പരാതിക്കാരിയുടെ നിലപാടിനെ ഉറ്റുനോക്കി രാഷ്ട്രീയ കേരളം

സോളാർ കേസിൽ പിണറായി സർക്കാറിനെ വെട്ടിലാക്കാൻ ശ്രമിച്ച് സ്വയം വെട്ടിലായ അവസ്ഥയിലാണിപ്പോൾ കോൺഗ്രസ്സ് നേതൃത്യമുള്ളത്. ഉമ്മൻചാണ്ടിയെ കുരുക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് പാർട്ടിയിൽ ഭിന്നാഭിപ്രായമുള്ളത്. കേന്ദ്ര ഏജൻസി അന്വേഷിച്ചാലും കേരള പൊലീസ് അന്വേഷിച്ചാലും കുരിക്കിലാവാൻ പോകുന്നത് കോൺഗ്രസ്സ് നേതാക്കൾ ആണെന്ന നല്ല ബോധ്യം നേതാക്കൾക്കിടയിലുണ്ട്. അതുകൊണ്ട് തന്നെയാണ് മുൻ ആഭ്യന്തര മന്ത്രിമാരായ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ അന്വേഷണത്തെ ഭയക്കുന്നതെന്നാണ് കോൺഗ്രസ്സിലെ തന്നെ ഒരു വിഭാഗം കരുതുന്നത്. ഇക്കാര്യത്തിൽ യു.ഡി.എഫ് അണികൾക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഉമ്മൻചാണ്ടിയെ കുടുക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ആരായാലും ആ ഗൂഢാലോചന പുറത്തു വരണമെന്നതാണ് അണികളുടെ ആവശ്യം. യു.ഡി.എഫ് ഘടക കക്ഷികൾക്കിടയിലും ഇതേ അഭിപ്രായം ശക്തമായതോടെയാണ് അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. പാർട്ടിയിലെ എതിരാളികളെ ഒതുക്കാനുളള അവസരമായാണ് സോളാർ ഗൂഢാലോചന കേസിനെ വി.ഡി സതീശൻ നോക്കി കാണുന്നത്.

സർക്കാർ ഈ കേസിൽ കക്ഷിയല്ലാത്തതിനാൽ പുനരന്വേഷണം അടക്കമുള്ളവയ്ക്ക് സർക്കാരിന് നേരിട്ട് തീരുമാനമെടുക്കാൻ തടസ്സമുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് കത്ത് നൽകിയാൽ അത് മുൻ നിർത്തി സി.ബി.ഐയോട് ആവശ്യപ്പെടാൻ സർക്കാറിനു കഴിയും. പരാതിക്കു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സി.ബി.ഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായവർക്ക് മാനനഷ്ടത്തിന് കേസ് നൽകാൻ തടസ്സമില്ലങ്കിലും ഈ കേസിൽ ഉമ്മൻചാണ്ടി ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയമായി പരാതി നൽകേണ്ടത് കോൺഗ്രസ് നേതാക്കളുടെയും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും ബാധ്യതയാണ്. ആ കടമ സതീശനെങ്കിലും നിറവേറ്റുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

പരാതിക്കാരി എഴുതിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേർത്തതാണെന്ന സി.ബി.ഐ.യുടെ കണ്ടത്തലിലാണ്. പ്രതിപക്ഷ നേതാവിപ്പോൾ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണംതന്നെ വേണമെന്ന ആവശ്യമാണ് സതീശൻ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണം വേണ്ട നടപടിയാണ് വേണ്ടതെന്ന നിലപാട് യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ സ്വീകരിച്ച ഘട്ടത്തിൽ തന്നെയാണ് വി.ഡി സതീശൻ ഇത്തരമൊരു നിലപാട് പരസ്യമാക്കിയിരിക്കുന്നത്. ഇക്കര്യം മുൻ നിർത്തി കത്തു നൽകാൻ പ്രതിപക്ഷ നേതാവ് തയ്യാറായാൽ കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അതോടെ പുറത്തു വരിക.

അതേസമയം ഐ ഗ്രൂപ്പ് നേതാക്കൾ മാത്രമല്ല എ ഗ്രൂപ്പ് നേതാക്കളും ഗൂഢാലോചന കേസ് അന്വേഷിക്കുന്നതിനെ ഭയക്കുന്നുണ്ട്. അതും ഇപ്പോൾ വ്യക്തമാണ്. എന്തിനേറെ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പോലും പറയുന്നത് “കഴിഞ്ഞത് കഴിഞ്ഞു, ഇനിയൊരു അന്വേഷണവും വേണ്ടതില്ലന്നാണ്” സോളാ‌ർ പീഡനക്കേസിൽ പൊതുപണത്തിൽ നിന്നും കോടികൾ മുടക്കി അന്വേഷണം നടത്തുന്നതിലുള്ള എതിർപ്പാണ് ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചതെങ്കിലും ഇത്തരം ഒരു നിലപാട് സ്വീകരിക്കാൻ ചാണ്ടി ഉമ്മനെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന കാര്യത്തിൽ പരക്കെ സംശയം ഉയർന്നിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ ചോദ്യത്തിനും കോൺഗ്രസ്സ് നേതൃത്വം ഇനി മറുപടി പറയേണ്ടി വരും.

കണ്ണൂരിൽ നിന്നും വന്ന പോലീസ് സംഘം സോളാർ കേസിലെ പരാതിക്കാരിയെ പിടികൂടും മുൻപ് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വീട് വളഞ്ഞ് പിടികൂടിയതു മുതൽ ഈ കേസിലെ ദുരൂഹതകളും ഏറെയാണ്. ഈ റെയ്ഡിൽ ഡി.വൈ.എസ്.പിയും സംഘവും പിടിച്ചെടുത്ത മൊബൈൽ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന പലതും ഉണ്ടായിരുന്നതായി പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട യുവതി തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. മധ്യമേഖല ഐ.ജി യുടെ നിർദ്ദേശ പ്രകാരമാണ് പെരുമ്പാവൂർ ഡി.വൈ.എസ്.പി സരിതയെ അറസ്റ്റ് ചെയ്തിരുന്നത്. ഈ ഐ.ജിക്കെതിരെ സരിത പീഢന പരാതി നൽകിയെങ്കിലും ഒരന്വേഷണം പോലും ഉണ്ടായിരുന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.

യുവതിയുടെ കൈവശമുണ്ടായിരുന്ന ഐജിയുടെ ചില ദൃശ്യങ്ങൾ പിടിച്ചെടുക്കുന്നതിനായി ഐജി തന്നെ നേരിട്ട് ഇടപെട്ട് നടത്തിച്ച അറസ്റ്റും റെയ്ഡുമാണ് സംഭവിച്ചതെന്ന ആരോപണവും അക്കാലത്ത് ശക്തമായിരുന്നു. റെയ്ഡിൽ നിന്നും ലഭിച്ച ചില നേതാക്കൾക്കെതിരായ തെളിവുകൾ ഇതേ ഐജി തന്റെ അടുപ്പക്കാരനായ രാഷ്ട്രീയ നേതാവിന് കൈമാറിയതോടെയാണ് കേസിന്റെ ഗതിമാറി രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയതെന്നാണ് പറയപ്പെടുന്നത്. ഈ നേതാവ് പാർട്ടിയിലെ എതിരാളികളെ സ്വന്തം ഗ്രൂപ്പെന്ന് പോലും നോക്കാതെ ഒതുക്കാൻ നടത്തിയ നീക്കത്തിന്റെ ആകെ തുകയാണ് ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിന്റെ മൂല കാരണമെന്നതും പരസ്യമായ രഹസ്യമാണ്. അവസരം മുതലാക്കി ഉമ്മൻചാണ്ടിയെ ഒതുക്കാൻ അദ്ദേഹത്തിന്റെ ഒപ്പം ഉള്ളവർ പോലും ശ്രമിച്ചു എന്നതും ഒരു യാഥാർത്ഥ്യമാണ്.

ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കാൻ തുടങ്ങിയാൽ ഇതെല്ലാം പുറത്തു വരുമെന്ന ഭയമാണ് ഗ്രൂപ്പ് ഭേദമന്യേ അന്വേഷണത്തെ എതിർക്കാൻ കോൺഗ്രസ്സ് നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കു പുറമെ ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എം.പി, അടൂർ പ്രകാശ്, എ.പി അനിൽകുമാർ എന്നീ നേതാക്കളും സോളാർ യുവതി നൽകിയ പീഢന കേസിലെ പ്രതികളാണ്. ഇതിൽ ഇവരെ എല്ലാവരെയും കുറ്റവിമുക്തമാക്കുന്ന റിപ്പോർട്ടാണ് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തമാക്കിയ റിപ്പോർട്ട് കോടതി അംഗീകരിച്ചതു പോലെ മറ്റുള്ളവരുടെ റിപ്പോർട്ടു കൂടി കോടതി അംഗീകരിക്കുന്നതോടെ കേരളത്തെ പിടിച്ചു കുലുക്കിയ പീഢന കേസ് തന്നെയാണ് ഇല്ലാതാകുക.

കുറ്റവിമുക്തരാകുന്ന എല്ലാവർക്കും പരാതിക്കാരിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ അവകാശമുണ്ടെങ്കിലും മാന നഷ്ടത്തിന് ഒരു വക്കിൽ നോട്ടീസ് പോലും അയക്കാൻ തയ്യാറാകാത്തവർ ഇനി കേസ് കൊടുക്കാൻ തയ്യാറാകുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുകയില്ല. അതിന് പ്രധാന കാരണം ഉമ്മൻചാണ്ടി ഒഴികെ പീഢന കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ പലരുടെയും സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരിയുടെ കൈവശം ഉണ്ട് എന്നതു തന്നെയാണ്. ഇനിയും ഇത്തരം തെളിവുകൾ അവർ ഉപയോഗിക്കുമോ എന്ന ഭയം ചില നേതാക്കൾക്കെങ്കിലും ഇപ്പോഴും ഉണ്ട്. അർദ്ധരാത്രിയിൽ സോളാർ നായികയുമായി മണിക്കൂറുകളോളം നേതാക്കൾ സംസാരിച്ച കാൾ വിശദാംശം പുറത്ത് വന്നപ്പോൾ ഈ നടപടിയെ രൂക്ഷമായി പരിഹസിച്ച് ആദ്യം രംഗത്ത് വന്നവരിൽ ഒരാൾ കെ.മുരളീധരനായിരുന്നു എന്നതും ശ്രദ്ധേയമാണ്.

നീണ്ട ഒമ്പതു വർഷം കേരള രാഷ്ട്രീയത്തേയും അതിലേറെ കോൺഗ്രസിനേയും പിടിച്ചുലച്ച ശേഷമാണ് സോളാർ കേസ് ഇപ്പോൾ കാറ്റൊഴിഞ്ഞ ബലൂൺ പോലെ ആയി മാറിയിരിക്കുന്നത്. ഇത്തരം ഒരവസ്ഥ ഈ കേസിന് ഉണ്ടാക്കി കൊടുത്തതിൽ ചെറുതല്ലാത്ത ഒരു പങ്ക് കോൺഗ്രസ്സിൽ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറി പിന്നീട് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് വരെയായ എ.പി അബ്ദുള്ളക്കുട്ടിക്കും ഉണ്ടെന്ന ആരോപണവും അണിയറയിൽ ശക്തമാണ്. ഉന്നതനായ ബി.ജെ.പി നേതാവിനെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നൽകുമോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്.

ബാഹ്യ ശക്തികളുടെ പ്രേരണയിൽ ഉമ്മൻ ചാണ്ടിയെ കുരുക്കിയപ്പോൾ ആ പഴുതിൽ മറ്റുള്ളവർക്ക് കൂടി രക്ഷപ്പെടാനുള്ള സാഹചര്യം ഒരുങ്ങിയതായാണ് ഈ വിഭാഗം സംശയിക്കുന്നത്. ഇത് കേവലം ഒരു സംശയം മാത്രമായി വിലയിരുത്താമെങ്കിലും പുതിയ കാലത്ത് ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. ഇത്തരം സംശയങ്ങളുടെ മുനയൊടിക്കാൻ പരാതിക്കാരിക്ക് എതിരെ മാനനഷ്ടത്തിനു കേസ് നൽകാൻ അബ്ദുള്ളക്കുട്ടി ഉൾപ്പെടെ കുറ്റവിമുക്തരാകുന്ന എല്ലാ നേതാക്കാളും തയ്യാറാകണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചന കേസിൽ അന്വേഷണം ആവശ്യപ്പെടാൻ വി.ഡി സതീശനെ നിർബന്ധിതമാക്കിയതും പൊതു സമൂഹത്തിൽ നിന്നും ഉയർന്ന ഈ സമ്മർദ്ദം തന്നെയാണ്.

അന്വേഷണം നടന്നാലും ഇല്ലങ്കിലും ഇക്കാര്യത്തിൽ രാഷ്ട്രീയ നേട്ടം ഇടതുപക്ഷത്തിനു തന്നെയാണ്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നടന്ന സംഭവത്തിൽ ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരു ഉത്തരവാദിത്വവുമില്ല. പരാതിക്കാരി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ അതിനോട് അനുകൂല നിലപാട് സ്വീകരിക്കുക മാത്രമാണ് ഇടതു സർക്കാർ ചെയ്തത്. ഉത്തരവാദിത്വപ്പെട്ട ഒരു ഭരണകൂടം സ്വീകരിക്കേണ്ട നടപടി തന്നെയാണത്.

സോളാർ കേസുണ്ടായതും അറസ്റ്റ് നടന്നതും എല്ലാം യു.ഡി.എഫ് ഭരണ കാലത്താണ്. സോളാർ കമ്മീഷനെ വച്ച് അന്വേഷണം നടത്തിച്ചതും ഉമ്മൻ ചാണ്ടി സർക്കാറാണ്. കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എ.പി.അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈബി ഈഡൻ തുടങ്ങിയ 30 ഓളം യു.ഡി.എഫ് നേതാക്കളുമായി സോളാർ നായിക ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ പുറത്ത് വന്നതും യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴാണ്. കോൺഗ്രസ്സ് നേതാക്കൾ മറന്നാലും രാഷ്ട്രീയ കേരളത്തിന് ഇതൊന്നും അത്രപെട്ടന്ന് മറക്കുവാൻ സാധിക്കുകയില്ല. അതു തന്നെയാണ് യാഥാർത്ഥ്യവും…

EXPRESS KERALA VIEW

Top