വൃക്ക തട്ടിപ്പ് കേസിനും പാലത്തായി കേസിന്റെ ഗതി വരുമോ ? പ്രതി ആര് ?

കാക്കിക്കു മേല്‍ പൊലീസ് തന്നെ കരിവാരിതേയ്ക്കരുത്. അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. പാലത്തായിയിലെ ‘പാപക്കറ’ വൃക്കയില്‍ തീര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിന് നേരും നെറിയും വേണം. യാഥാര്‍ത്ഥ്യ ബോധത്തോടെയാകണം കാര്യങ്ങള്‍ കാണേണ്ടത്. അവയവ കച്ചവട മാഫിയ സജീവമെന്ന് മാധ്യമങ്ങള്‍ പറയുന്നത് പോലെ ഉണ്ടയില്ലാ വെടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വയ്ക്കരുത്. അവയവ കച്ചവടം നടന്നെങ്കില്‍ എവിടെ നടന്നു ?,ആരാണ് കുറ്റവാളികള്‍ ?, ബലിയാടായത് ആരൊക്കെ ? എന്നതിനും വിശദീകരണം വേണം. ഇത്തരമൊരു വ്യക്തത നല്‍കാതെ ‘അവയവ കച്ചവടം വ്യാപകം’ എന്ന് പറഞ്ഞാല്‍ അതിനെ പബ്ലിസിറ്റി സ്റ്റണ്ടായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.

ഇപ്പോള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലും ഒരു പ്രതിയുമില്ല വ്യക്തതയുമില്ല. ചുമ്മാ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങള്‍ എന്ത് അന്വേഷണമാണ് നടത്തി കൊണ്ടിരിക്കുന്നത് ? അത് അറിയാനുള്ള അവകാശം കേരളത്തിലെ പൊതു സമൂഹത്തിനുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിച്ച് കച്ചവടവും ചൂഷണവും വ്യാപകമായി നടക്കുന്നുണ്ടെന്നാണ് ഉത്തരവാദപ്പെട്ട ക്രൈംബ്രാഞ്ച് ഉദ്യാഗസ്ഥന്‍ തന്നെ പറയുന്നത്. ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഇവരുടെ പേര് പരാമര്‍ശിക്കാന്‍ എന്താണ് ക്രൈംബ്രാഞ്ചിന് മടി ? ഏത് കച്ചവട സ്ഥാപനത്തെ സഹായിക്കാനാണ് ഇത്തരമൊരു ഒളിച്ചു കളി നടത്തുന്നത് എന്നതും നാടിന് അറിയേണ്ടതുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെല്ലാം വൃക്ക കച്ചവടത്തില്‍ പങ്കുണ്ടെന്ന ക്രൈംബ്രാഞ്ച് വാദം തന്നെ ഞെട്ടിക്കുന്നതാണ്. കൊടുങ്ങല്ലൂരില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് സംസ്ഥാന വ്യാപകമായി ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ വിലപേശിയുള്ള അവയവ കച്ചവടവും അതിന്റെ മറവിലുള്ള ചൂഷണവും സംസ്ഥാനത്ത് വ്യാപകമെന്ന ഗുരുതര കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിശദമായ പരിശോധനക്ക് വിധേയമാക്കണം. കണ്ണൂര്‍, കൊച്ചി റെയ്ഞ്ചുകളിലെ ക്രൈംബ്രാഞ്ച് ഐ.ജിമാരും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള പരിചയമൊന്നുമില്ലാത്തവര്‍ക്കാണ് ഇവര്‍ വൃക്ക നല്‍കിയതത്രെ. പണം വാങ്ങിയാണ് കൈമാറ്റമെന്ന് കണ്ടതോടെയാണ് അനധികൃതമെന്ന് ഉറപ്പിച്ചിരുന്നത്. മറ്റ് ജില്ലകളില്‍ നിന്നും ഇത്തരത്തിലെ കൈമാറ്റ വിവരം ലഭിച്ചതായും ക്രൈംബ്രാഞ്ച് ഐ.ജി അവകാശപ്പെടുന്നുണ്ട്. ഇതില്‍ ചിലര്‍ പണം നല്‍കാതെ കബളിപ്പിക്കപ്പെട്ടതായി കണ്ടതിനാലാണ് സംസ്ഥാന വ്യാപക ഏജന്റുമാര്‍ ഉള്ളതായി സംശയിക്കുന്നതെന്നാണ് വാദം. സംസ്ഥാനത്ത് അവയവ കൈമാറ്റത്തിന് തെരഞ്ഞടുക്കെപ്പെട്ട 35 ആശുപത്രികളാണുള്ളത്. ഭൂരിഭാഗം കൈമാറ്റങ്ങളും ഈ ആശുപത്രികള്‍ വഴിയല്ല നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ചിലത് ഇത്തരം ആശുപത്രികള്‍ വഴിയും നടന്നിട്ടുണ്ട്. ഇതിനായി വിവരങ്ങള്‍ മറച്ചുവയ്ക്കാനും വ്യാജ രേഖകള്‍ ഉണ്ടാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ക്രൈംബ്രാഞ്ച് കരുതുന്നുണ്ട്. ഡി.ജി.പിക്ക് തിരുവനന്തപുരം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐ.ജി നല്‍കിയ ഈ റിപ്പോര്‍ട്ട് അന്വേഷണത്തിനായി തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് കൈമാറിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ അവയവ കൈമാറ്റങ്ങളാണ് ഈ സംഘം അന്വേഷിക്കുന്നത്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് നടന്നതായി പറയപ്പെടുന്ന അവയവ കച്ചവടം സംബന്ധിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി പൊലീസ് മേധാവിക്ക് നല്‍കിയതില്‍ തന്നെ അസ്വാഭാവികതയുണ്ട്. ഇതേക്കുറിച്ച് ആധികാരികമായി മറുപടി പറയേണ്ടത് കൊച്ചി റെയ്ഞ്ചിലെ ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളാണ്.

കാരണം അദ്ദേഹത്തിന്റെ അധികാര പരിധിയില്‍പ്പെട്ട ജില്ലയാണ് തൃശൂര്‍. കൊടുങ്ങല്ലൂരിലെ ഒരു കോളനിയിലെ കുറച്ചധികം പേര്‍ വൃക്ക ദാനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി പറയുന്നത്. അപ്പോള്‍ കൊച്ചി റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐ.ജിയുടെ പ്രവര്‍ത്തന മേഖല ഏതാണ് എന്നതിനും ഡി.ജി.പി മറുപടി പറയണം. എന്താണ് ക്രൈംബ്രാഞ്ചില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നത് സര്‍ക്കാറും അടിയന്തരമായി പരിശോധിക്കേണ്ടതാണ്. പാലത്തായി കേസ് അന്വേഷിക്കേണ്ടിയിരുന്നത് ക്രൈംബ്രാഞ്ച് കണ്ണൂര്‍ ഐ.ജിയായിരുന്നു. എന്നാല്‍ അതും അന്വേഷിച്ചതാകട്ടെ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയാണ്. ഒടുവി, കോടതിക്ക് തന്നെ ഇടപെട്ട് അന്വേഷണ സംഘത്തെ തന്നെ പുറത്താക്കേണ്ടിയും വന്നിരുന്നു.

സമാന സാഹചര്യം അവയവ തട്ടിപ്പ് കേസിലും നടക്കില്ലെന്നതിന് എന്ത് ഉറപ്പാണുള്ളത് ? ഇപ്പോള്‍ കേസന്വേഷിക്കുന്ന സംഘത്തിന്റെ കാര്യത്തിലും ചില ആശങ്കകള്‍ ഉണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇതിനു മറുപടി പറയേണ്ടത്. സംസ്ഥാന പൊലീസ് മേധാവി ഈ സിസ്റ്റം തന്നെ തകര്‍ക്കുമോയെന്ന ഭയം സേനയില്‍ തന്നെ ഇപ്പോള്‍ വ്യാപകമാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ ഗൗരവമായി കാണാന്‍ തയ്യാറാകണം. ഏതെങ്കിലും ഉദ്യോഗസ്ഥനോട് ഡി.ജി.പിക്കുള്ള താല്‍പര്യമാകരുത് അന്വേഷണ ചുമതല നല്‍കാനുള്ള അളവുകോല്‍. ഇക്കാര്യത്തില്‍ നിലവിലെ സിസ്റ്റത്തില്‍ നിന്നാണ് ഡി.ജി.പി പ്രവര്‍ത്തിക്കേണ്ടത്.

ഡി.ജി.പിക്ക് രഹസ്യമായി ഐ.ജി നല്‍കിയ റിപ്പോര്‍ട്ട് എങ്ങനെയാണ് ചോരുന്നത് ? ആരാണ് ചോര്‍ത്തിയത് എന്നീ കാര്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടതുണ്ട്. രഹസ്യമായി ചെയ്യേണ്ടത് രഹസ്യമായാണ് ചെയ്യേണ്ടത്. എന്നാല്‍ മാത്രമേ പ്രതികള്‍ രക്ഷപ്പെടാതെ ഇരിക്കുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ ക്രൈം ബ്രാഞ്ച് ഐ.ജി പറഞ്ഞത് ശരിയാണെങ്കില്‍ ഈ സമീപനമാണ് സ്വീകരിക്കേണ്ടിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്ത കണ്ടാല്‍ ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായാണ് തോന്നുക. ഇതിന് പിന്നിലെ താല്‍പര്യം പ്രേക്ഷകരാണ് ഇനി വിലയിരുത്തേണ്ടത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ ടാര്‍ഗറ്റ് ചെയ്യാനല്ല ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്, തിരുത്താന്‍ വേണ്ടി മാത്രമാണ്. വകുപ്പ് മേധാവി മിടുക്കനാണെങ്കില്‍ ഇതൊന്നും ഒരു ഡിപ്പാര്‍ട്ട്‌മെന്റിലും സംഭവിക്കുകയില്ല. തിരുത്തേണ്ടത് ആദ്യം ഡി.ജി.പി തന്നെയാണ്.

Top