ബെഹ്റ, സന്ധ്യ, ബൈജു പൗലോസ് പ്രതിക്കൂട്ടിൽ, എന്തും സംഭവിക്കാം . . .

ടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ് ! മുൻ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് പൊലീസ് സേന. ദിലീപിനെ പൊലീസ് കുടുക്കിയതാണെന്ന് പരസ്യമായി പറയുക വഴി, ബി.സന്ധ്യ നേതൃത്വം നൽകിയ അന്വേഷണ സംഘത്തെ മാത്രമല്ല, മുൻ പൊലീസ് മേധാവി ലോകനാഥ് ബഹ്റയെയും ആർ ശ്രീലേഖ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ പ്രധാന ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ് എന്ന് അവർ ആരോപിച്ചതിനാൽ ഈ ഫോട്ടോയുടെ വിശ്വാസ്യത തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ ഫോട്ടോ വീണ്ടും കോടതി മേൽ നോട്ടത്തിൽ പരിശോധനക്ക് അയക്കേണ്ടി വരും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ, ഫോട്ടോ ഷോപ്പ് ചെയ്തതാണ് എന്ന സംശയം, ഫോട്ടോ കണ്ടപ്പോൾ തന്നെ താൻ ചൂണ്ടിക്കാട്ടിയപ്പോൾ, അവിടെ ഉണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ അക്കാര്യം സമ്മതിച്ചതാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെളിവിനു വേണ്ടി ഉണ്ടാക്കിയതാണെന്നാണ് ലഭിച്ച മറുപടിയെന്നും ശ്രീലേഖ പറയുന്നു. പഴയ എസ് കത്തി ‘ സിദ്ധാന്തം’ഓർമ്മപ്പെടുത്തുന്ന വെളിപ്പെടുത്തലാണിത്. ഈ സാഹചര്യത്തിൽ തെളിവിനു വേണ്ടി ഉണ്ടാക്കിയതാണെന്നു പറഞ്ഞ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യേണ്ടി വരും.

‘ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലന്നും. സഹതടവുകാരൻ വിപിനാണ് കത്തെഴുതിയതെന്നും പറഞ്ഞ ശ്രീലേഖ, ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത് എന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും ശ്രീലേഖ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണെന്നും, പൾസർ സുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും ശ്രീലേഖ പറയുന്നു. പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന തന്റെ അറിവും അവർ പങ്കുവച്ചിട്ടുണ്ട്.

ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നതാണ്, ശ്രീലേഖയുടെ മറ്റൊരു ഗുരുതര വെളിപ്പെടുത്തൽ.ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയെ രേഖാമൂലം അറിയച്ചതായും മുൻ ഡി.ജി.പി പറയുന്നു. ഈ സാഹചര്യത്തിൽ അന്നത്തെ ഡി.ജി.പി ലോകനാഥ് ബഹ്റയും ഇനി നിലപാട് വ്യക്തമാക്കാൻ നിർബന്ധിക്കപ്പെടും. ഡി.ജി.പിക്ക് ശ്രീലേഖ നൽകിയ കത്ത് കോടതിയിലും പ്രധാന തെളിവാകും.

ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ലെന്നും,  ഒരേ ടവർ ലൊക്കേഷൻ എന്നത് ഒരിക്കലും തെളിവായി കാണാൻ ആകില്ലന്നും ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും, പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്ന് തുറന്നടിക്കാനും അവർ ഈ ഘട്ടത്തിൽ തയ്യാറായിട്ടുണ്ട്.

ഒരാളെ പ്രതി ചേർക്കുന്നതിലെ തർക്കത്തിൽ വിചാരണ അനന്തമായി നീളുകയാണെന്നും. ഹാഷ് വാല്യൂ മാറി എന്നൊക്കെ പറയുന്നത് സാങ്കേതികം മാത്രമാണെന്നും മുൻ ഡി.ജി.പി ചൂണ്ടിക്കാട്ടി. താൻ പറയുന്നത് വിശ്വസിക്കേണ്ടവർ വിശ്വസിച്ചാൽ മതിയെന്ന് പറഞ്ഞാണ്  സ്വന്തം യുട്യൂബ് ചാനലിലൂടെ  ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ ശ്രീലേഖയെ വിചാരണ കോടതിയിൽ വിസ്തരിക്കേണ്ടി വരും. ഇതും അന്വേഷണ സംഘത്തിന് വലിയ തലവേദനയാകും.

സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറായ ശ്രീലേഖയുടെ പ്രതികരണത്തെ 24 ന്യൂസ് ആണ് ആദ്യം വിശദമായ ചർച്ചക്ക് വിധേയമാക്കിയത്. തൊട്ടു പിന്നാലെ മറ്റു ചാനലുകൾക്കും ശ്രീലേഖയുടെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഇതോടെ ഒരിടവേളക്കു ശേഷം വീണ്ടും ദിലീപ് പ്രതിയായ കേസ് നിയമകേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. സ്റ്റേറ്റ് പൊലീസ് പ്രതിക്കൂട്ടിൽ ആയതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ, ഹൈക്കോടതി അത് അനുവദിക്കാനുള്ള സാധ്യതയും ഏറെയാണ്.ഒരു കേസിൽ പുതിയതായി ഏതെങ്കിലും തെളിവുകൾ ലഭിച്ചാൽ വിചാരണ നിർത്തിവച്ച് തുടരന്വേഷണത്തിന് ഉത്തരവിടാൻ വിചാരണ കോടതിക്ക് അധികാരമുണ്ട്. ദിലീപ് പ്രതിയായ രണ്ട് കേസും സി.ബി.ഐ അന്വേഷിക്കണമെന്നാണ്, തുടക്കം മുതൽ ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നത്. പുതിയ സാഹചര്യത്തിൽ ഈ വാദം ദിലീപിന്റെ അഭിഭാഷകർ ഉയർത്തുമോ എന്നതാണ് നിയമ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. അതേസമയം, സിറ്റിങ്ങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും അറിയിച്ചിട്ടുണ്ട്.

Top