മുസ്ലീംലീഗും ബി.ജെ.പിയും കേരളത്തെ ഒരു ‘ഭ്രാന്താലയ’മാക്കുമോ . . . ?

ര്‍ഗ്ഗീയത …. അത് … ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും ഒരു പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. തലശേരിയില്‍ പരസ്യമായി വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ സംഘ പരിവാറും വിശ്വാസം മറയാക്കി സര്‍ക്കാര്‍വിരുദ്ധ സമരത്തിന് പള്ളികളിലേക്ക് നീങ്ങുന്ന മുസ്ലിം ലീഗും അപകടകരമായ നീക്കമാണിപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഈ നീക്കത്തിനെതിരെ പ്രതികരിക്കേണ്ടത് മതേതര വിശ്വാസികളുടെ കടമയാണ്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച് പാകപ്പെടുത്തിയ മണ്ണാണിത്. ഇവിടെ അശാന്തിയുടെ വിത്തുകള്‍ മുളക്കാന്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല.

തലശ്ശേരിയില്‍ ഒരു പ്രകോപനവും ഇല്ലാതെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയിരിക്കുന്നത്. മുസ്ലീംപള്ളികള്‍ തകര്‍ക്കുമെന്ന ഭീഷണി അത്യന്തം പ്രകോപനപരമാണ്. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത റാലിയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് നേതൃത്വത്തിന്റെ അറിവോടെയല്ലങ്കില്‍ അത്തരം മുദ്രാവാക്യം വിളിച്ചവരെയും ഏറ്റു വിളിച്ചവരെയും പുറത്താക്കാനുള്ള ആര്‍ജവമാണ് ബി.ജെ.പി നേതൃത്വം കാണിക്കേണ്ടത്.

പ്രകോപനപരമായ മുദ്രാവാക്യം യുവമോര്‍ച്ച ഉയര്‍ത്തിയാലും എസ്.ഡി.പി.ഐ ഉയര്‍ത്തിയാലും അത് തെറ്റു തന്നെയാണ്. ഒരു കാലത്ത് വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട മണ്ണാണ് തലശ്ശേരിയുടേത്. അന്നു അതിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയത് കമ്യൂണിസ്റ്റുകളാണ് എന്നതും നാം തിരിച്ചറിയണം. അത്തരം നീക്കങ്ങള്‍ക്ക് വീണ്ടും ശ്രമമുണ്ടെങ്കില്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഈ നാടിന്റെ ആകെ ബാധ്യതയാണ്.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യങ്ങളിലൂടെ വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസത്തെ മറയാക്കി സര്‍ക്കാര്‍വിരുദ്ധ സമരത്തിനായി പള്ളികളിലേക്കാണ് മുസ്ലിം ലീഗുകാര്‍ നീങ്ങുന്നത്. ഇതും സംഘപരിവാറിന്റെ മാതൃകയിലാണ്. ശബരിമലയടക്കമുള്ള വിഷയങ്ങളില്‍ സംഘപരിവാര്‍ പിന്തുടര്‍ന്ന അപകടകരമായ വര്‍ഗീയക്കളിക്കാണ് ലീഗും ഇപ്പോള്‍ തീ കൊളുത്തുവാന്‍ ശ്രമിക്കുന്നത്. മതവിശ്വാസത്തെയും ഭക്തിയെയും ചൂഷണംചെയ്യുന്ന സംഘപരിവാറിന്റെ നയം ശരിവച്ചു കൊണ്ടാണ് ഇക്കൂട്ടര്‍ പള്ളികള്‍ സമരവേദികളാക്കി മാറ്റുവാന്‍ നോക്കുന്നത്. ഈ നീക്കത്തിലൂടെ സാമുദായിക ചേരിതിരിവിനും സംഘര്‍ഷത്തിനും വഴിമരുന്നിടുകയാണ് ലക്ഷ്യം. അങ്ങനെ തന്നെയാണ് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നത്.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനമാണ് ലീഗിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവരിപ്പോള്‍ പള്ളികളിലേക്ക് നീങ്ങിയിരിക്കുന്നത്. വൈള്ളിയാഴ്ച ജുമ നമസ്‌കാര ശേഷം ഇടതുപക്ഷ-സര്‍ക്കാര്‍ വിരുദ്ധ പ്രസംഗത്തിനാണ് തീരുമാനം. ഇതിനു പുറമെ ഡിസംബര്‍ ആറിന് മഹല്ലുകള്‍ കേന്ദ്രമാക്കി റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമാണ്’പള്ളിസമരം’ പ്രഖ്യാപിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി മുസ്ലീംലീഗിലെ ഒരു വിഭാഗം ‘അക്ഷയഖനി’യാക്കിയാണ് വഖഫ് ബോര്‍ഡും സ്വത്തുക്കളും കൊണ്ടു നടന്നിരുന്നത്. സ്വന്തക്കാരായ ഉദ്യോഗസ്ഥരെ ആയുധമാക്കി ഈ സംഘം വെട്ടിപ്പുകള്‍ എക്കാലവും പൂഴ്ത്തിവച്ചതായും ആരോപണമുണ്ട്. പിഎസ്‌സി വഴി ജീവനക്കാര്‍ വരുന്നതോടെ തട്ടിപ്പുകള്‍ പുറത്താകുമെന്ന ഭയമാണ് ഇപ്പോള്‍ ലീഗിനെ വിളറിപിടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം അടക്കമുള്ള ഭരണപക്ഷവും ശക്തമായി തന്നെ രംഗത്തു വന്നിട്ടുണ്ട്. മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയെ അടക്കം കൂട്ടുപിടിച്ചാണ് ലീഗിന്റെ ഈ സമരമെന്നതാണ് സി.പി.എം ആരോപണം. ഈ വിഷയത്തില്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം നിലവില്‍ ലീഗിനു ഒപ്പമാണുള്ളത്.

ശബരിമലയുടെ പേരില്‍ മുന്‍പ് വിഎച്ച്പി, ബജ്‌റംഗദള്‍ തുടങ്ങിയ തീവ്ര ഹൈന്ദവ സംഘടനകളെ ഇളക്കിവിട്ട ബിജെപിയുടെ അതേ ശൈലിയിലാണ് ലീഗിന്റെയും നിലവിലെ പോക്ക്. അതിനാണ് തീവ്ര നിലപാടുള്ള സംഘടനകളെയും അവരിപ്പോള്‍ കൂട്ടു പിടിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ ജനവികാരം സമുദായത്തിനകത്തു മാത്രമല്ല പൊതുസമൂഹത്തിലും നിലവില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

വഖഫ് ബോര്‍ഡിന്റെ ഭരണനിര്‍വഹണ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരുവിധത്തിലും കൈകടത്തിയിട്ടില്ലന്നും ഇനിയും അതൊട്ട് ചെയ്യില്ലന്നതുമാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട്. നിയമനങ്ങള്‍ പി.എസ്.സിയ്ക്ക്ക്ക് വിടുന്നതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വഖഫ് ബോര്‍ഡില്‍ മറ്റു സമുദായത്തില്‍നിന്നുള്ളവര്‍ക്ക് ജോലി ലഭിക്കും എന്ന വാദത്തെയും സര്‍ക്കാര്‍ തളളിക്കളഞ്ഞിട്ടുണ്ട്. നിയമത്തിലെ മൂന്നാം വകുപ്പില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യം എടുത്ത് പറഞ്ഞാണ് ഈ ചുട്ടമറുപടി.

മുസ്‌ലിം സമുദായത്തില്‍പെട്ട അര്‍ഹരായ യുവതിയുവാക്കള്‍ വകുപ്പുകളിലെ തലപ്പത്ത് വരുന്നതിനെ ലീഗ് ഭയപ്പെടുന്നതു എന്തിനാണെന്ന ചോദ്യം ഉയര്‍ത്തിയാണ് ലീഗ് പ്രതികരണത്തെ സി.പി.എം പ്രവര്‍ത്തകരും നേരിടുന്നത്. ഇതിനായി സോഷ്യല്‍ മീഡിയകളിലും സൈബര്‍ സഖാക്കള്‍ ക്യാംപയിന്‍ ശക്തമാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡിന്റെ കീഴില്‍ കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് ഇതിനകം തന്നെ അന്യാധീനപ്പെട്ടിരിക്കുന്നത്. ഇതു തിരിച്ചുപിടിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തവരാണ് ഇപ്പോള്‍ വിശ്വാസ പ്രശ്‌നം ഉയര്‍ത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് നിയമങ്ങളുമായി കോര്‍ത്തിണക്കി വഖഫ് വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കത്തിനും സി.പി.എമ്മിനെ സംബന്ധിച്ച് വ്യക്തമായ മറുപടിയുണ്ട്. ഹിന്ദു സമുദായത്തിലെ ജാതീയ വേര്‍തിരിവുകളാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിലെ പ്രധാന പ്രശ്‌നമെന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ജാതി വേര്‍തിരിവില്ലാത്ത മുസ്‌ലിം സമുദായത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ഏതൊരു നീക്കത്തെയും നാടിന്റെ നന്മകൊതിക്കുന്ന വിശ്വാസി സമൂഹം തള്ളിക്കളയണമെന്നതാണ് ചെമ്പടയുടെ ആവശ്യം. സര്‍ക്കാറിനെ കടന്നാക്രമിക്കാന്‍ മുസ്ലീം ലീഗും പ്രതിരോധിക്കാന്‍ സി.പി.എമ്മും രംഗത്തിറങ്ങിയതോടെ ഒരു യുദ്ധം തന്നെയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മതേതര പാര്‍ടിയാണെന്ന മുസ്ലീംലീഗിന്റെ അവകാശവാദം കൂടിയാണ് ഇപ്പോള്‍ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്.

EXPRESS KERALA VIEW

Top