മൂന്നാമതും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലേക്കോ ? ‘ഇന്ത്യാ’ സഖ്യത്തില്‍ പ്രതീക്ഷകള്‍ നഷ്ടമാകുന്നു

വീണ്ടും ഒരു മോദി സര്‍ക്കാര്‍ വരില്ലന്നു തറപ്പിച്ചു പറയുന്നവര്‍ പോലും നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോള്‍ വലിയ ആശങ്കയിലാണ് ഉള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തില്‍ നാം കരുതുന്നതിലും വലിയ ഭിന്നതയാണ് ഉള്ളത്. ഈ സഖ്യത്തിന്റെ മൂന്നാം യോഗം നടക്കാനിരിക്കെയാണ് പൊട്ടിത്തെറി രൂക്ഷമായിരിക്കുന്നത്.

ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയുടെ പ്രസ്താവന കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് ഇടപെട്ട് തിരുത്തിയിട്ടുണ്ടെങ്കിലും എ എ.പിയെ സംബന്ധിച്ച് ഈ പ്രസ്താവന കൊണ്ടുമാത്രം അവര്‍ തൃപ്തരല്ല. എ.എ.പിയുടെ ശക്തി കേന്ദ്രമായ ഡല്‍ഹിയില്‍ ഏഴു ലോകസഭ സീറ്റുകളാണ് ഉള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ ഏഴ് ലോകസഭ സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയാണ്. ഇത്തവണയും മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് അല്‍ക്ക ലാംബ പറഞ്ഞത് ചുമ്മാതല്ല. ഡല്‍ഹിയിലെ നേതാക്കളും എഐസിസി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവര്‍ ഇത്തരമൊരു പ്രതികരണം നടത്തിയിരുന്നത്.അതുകൊണ്ടു തന്നെയാണ് ലാംബയെ തിരുത്തിയ എ.ഐ.സി.സി വക്താവിന്റെ പ്രസ്താവനയെ എ.എ.പി നേതൃത്വം മുഖവിലക്കെടുക്കാതിരിക്കുന്നത്.

ഡല്‍ഹിയിലും പഞ്ചാബിലും ഭരണമുള്ള എ എ.പിയുടെ ഈ സംസ്ഥാനങ്ങളിലെ പ്രധാന രാഷ്ട്രീയ എതിരാളി തന്നെ കോണ്‍ഗ്രസ്സാണ്. ഇനി അഥവാ സീറ്റ് വിഭജനത്തിന് കോണ്‍ഗ്രസ്സ് തയ്യാറായാല്‍ പോലും എത്ര സീറ്റുകളില്‍ എന്ന ചോദ്യവും പ്രസക്തമാണ്.രണ്ട് സംസ്ഥാനങ്ങളിലും ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഭൂരിപക്ഷം സീറ്റുകളിലും എ.എ.പി അവകാശവാദ മുന്നയിക്കുക സ്വാഭാവികമാണ്.

എന്നാല്‍ അധികാര മോഹികള്‍ ധാരാളമുള്ള കോണ്‍ഗ്രസ്സിന് അതൊരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുകയില്ല. സീറ്റുകള്‍ വീട്ടുകൊടുക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചാല്‍ റിബല്‍ സ്ഥാനാര്‍ത്ഥികളും ധാരാളമുണ്ടാകും. ഇക്കാര്യം ഇതിനകം തന്നെ ഡല്‍ഹിയിലെ നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുമുണ്ട്.

പഞ്ചാബിലെ സ്ഥിതിയും വ്യത്യസ്തമല്ല. 13 ലോകസഭ സീറ്റുകള്‍ ഉള്ള ഈ സംസ്ഥാനത്ത് 2019 -ല്‍ 9 സീറ്റുകളിലും വിജയിച്ചിരുന്നത് കോണ്‍ഗ്രസ്സാണ്. ഇതില്‍ ഒരു സീറ്റ് അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് നഷ്ടപ്പെടുകയുണ്ടായി. ബി.ജെ.പിക്കും ശിരോമണി അകാലിദളിനും രണ്ട് വീതം സീറ്റുകളും എ.എ.പിക്ക് ഒരു സീറ്റുമാണ് പഞ്ചാബില്‍ ഉള്ളത്. എന്നാല്‍ സീറ്റ് വിഭജനം നടക്കുമ്പോള്‍ ഈ കണക്കുകള്‍ മാറി നില്‍ക്കും.

പഞ്ചാബ് ഭരണം പിടിച്ച കണക്ക് എ.എ.പി നിരത്തിയാല്‍ കൂടുതല്‍ ലോകസഭ സീറ്റുകള്‍ കോണ്‍ഗ്രസ്സ് എ.എ.പിക്ക് വിട്ടു നല്‍കേണ്ടി വരും. ഈ യാഥാര്‍ത്ഥ്യം പഞ്ചാബ് കോണ്‍ഗ്രസ്സിലും വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഡല്‍ഹിയിലെയും പഞ്ചാബിലെയും കോണ്‍ഗ്രസ്സ് നേതാക്കള്‍ എ.എ.പിയുമായുള്ള സഖ്യത്തെ ശക്തമായാണ് എതിര്‍ക്കുന്നത്. സഖ്യമാകാമെന്ന അഭിപ്രായമുള്ള ഏതാനും ചിലര്‍ പോലും പഞ്ചാബിലെ സീറ്റു വിഭജനത്തില്‍ കോണ്‍ഗ്രസ്സിന് മേധാവിത്വം കിട്ടണമെന്ന നിലപാടിലാണ്.

ഡല്‍ഹിയില്‍ ഹൈക്കമാന്റ് എ.എ.പിയോട് ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നത് പകുതി സീറ്റുകളാണ്. ഈ രണ്ട് ആവശ്യങ്ങളും ഭരണകക്ഷിയായ എ.എ.പിയെ സംബന്ധിച്ച് അംഗീകരിക്കാന്‍ കഴിയുന്നതുമല്ല. പിന്നെ എങ്ങനെ എ.എ.പി – കോണ്‍ഗ്രസ്സ് സഖ്യമുണ്ടാകുമെന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

എ എ.പിയുമായി ദേശീയ തലത്തില്‍ ധാരണ ഉണ്ടാക്കിയാല്‍ ഡല്‍ഹിയിലും പഞ്ചാബിലും മാത്രമല്ല മോദിയുടെ ഗുജറാത്തിലും ഹരിയാണയിലും ഉള്‍പ്പെടെ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഈ സഖ്യത്തിനു കഴിയും. എന്നാല്‍ പുതിയ സംഭവവികാസങ്ങളോടെ ഇത്തരമൊരു സഖ്യത്തിനുള്ള സാധ്യതയാണ് അടഞ്ഞിരിക്കുന്നത്.

കേരള മോഡല്‍ വേണമെന്നാണ് പഞ്ചാബ് – ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും വിശാല പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യില്‍ സഖ്യകക്ഷികളാണെങ്കിലും കേരളത്തില്‍ രണ്ട് മുന്നണികളായിട്ടാണ് ഈപാര്‍ട്ടികള്‍ മത്സരിക്കുന്നത്. സമാനമായ മോഡലാണ് പഞ്ചാബിലും ഡല്‍ഹിയിലും വേണ്ടതെന്നാണ് പി.സി.സി നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലും ഡല്‍ഹിയിലും എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ ക്ഷയിപ്പിക്കുമെന്നും സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോക്‌സഭയിലും നിയമസഭയിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കണം. അല്ലാതിരുന്നാല്‍ പാര്‍ട്ടിക്ക് ഭാവിയില്‍ അധികാരത്തില്‍ തിരിച്ചെത്തുക അസാധ്യമായിരിക്കുമെന്നതാണ് അവരുടെ വാദം. ഈ വാദത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വമുള്ളത്.

എ.എ.പിയുമായുള്ള സഖ്യം പൊളിഞ്ഞാല്‍ പിന്നെ… ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യമെന്ന മേനി നടിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുകയില്ല. വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ്സിനെ വിശ്വാസത്തിലെടുക്കാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അതോടെ ബുദ്ധിമുട്ടാകും. ‘ചെകുത്താനും കടലിനും ‘ ഇടയില്‍പ്പെട്ട അവസ്ഥയാണിത്. അതെന്തായാലും പറയാതെ വയ്യ.

ഇതിനു പുറമെ എന്‍സിപി നേതാവ് ശരത് പവാറിന്റെ ചാഞ്ചാട്ടവും ‘ഇന്ത്യ’ സഖ്യത്തിന്റെ മുനയൊടിക്കുന്നതാണ്. പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാം യോഗം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കെയാണ് പവാര്‍ ക്യാംപ് ആടിഉലയുന്നത്. പവാര്‍ ബി.ജെ.പി സഖ്യത്തില്‍ പോകില്ലന്നു പറയുന്നുണ്ടെങ്കിലും അദ്ദേഹവും ബി.ജെ.പിയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായാണ് ‘ഇന്ത്യ’ സഖ്യം കരുതുന്നത്.

എന്‍.സി.പിയില്ലാതെ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ സഖ്യത്തിന് കഴിയുകയില്ല.കോണ്‍ഗ്രസ്സിന്റെ അടിത്തറയാകട്ടെ മഹാരാഷ്ട്രയിലും തകര്‍ന്നു കിടക്കുകയാണ്. ഉദ്ധവ് വിഭാഗം ശിവസേനയുടെ കരുത്തില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന്റെ ഏക പ്രതീക്ഷ.

എന്‍സിപിയെ മാറ്റിനിര്‍ത്തിയാണ് നിലവില്‍ കോണ്‍ഗ്രസും-ശിവസേനയും ലോക്‌സഭാ സീറ്റ് ചര്‍ച്ചകള്‍ നടത്തി വരുന്നത്. ഓഗസ്റ്റ് 13-ന് ശരദ് പവാര്‍ ഉപമുഖ്യമന്ത്രി അജിത് പവാറിനെ കണ്ടതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ്-ശിവസേനാ നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. 48 ലോകസഭ സീറ്റുകള്‍ ഉള്ള മഹാരാഷ്ട്ര ബി.ജെ.പിക്കും പ്രതിപക്ഷ സഖ്യത്തിനും ഏറെ നിര്‍ണ്ണായകമാണ്.

ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തി ‘ഇന്ത്യ’ സഖ്യത്തെ തകര്‍ക്കുക എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ്. മഹാരാഷ്ട്രയില്‍ അത് സംഭവിച്ചു കഴിഞ്ഞു. ഡല്‍ഹിയിലും പഞ്ചാബിലും ബി.ജെ.പി ആഗ്രഹിച്ചതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

യു.പിയില്‍ മായാവതിയുടെ ബി.എസ്.പിയും ബി.ജെ.പി.ക്കു മുന്നില്‍ സറണ്ടര്‍ ചെയ്തു കഴിഞ്ഞു. ‘ഇന്ത്യ’ സഖ്യത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ബിജു ജനതാദളും ബി.ജെ.പിക്ക് നല്‍കുന്ന പ്രതീക്ഷയും വളരെ വലുതാണ്.ആന്ധ്രയും ഒറീസയും ഭരിക്കുന്ന ഈ പാര്‍ട്ടികള്‍ സ്വന്തം നിലയ്ക്ക് കരുത്ത് കാട്ടാനാണ് ഒരുങ്ങുന്നത്.

രാജ്യത്ത് ഏറ്റവും അധികം ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി യിലും മധ്യപ്രദേശ് രാജസ്ഥാന്‍ ഗുജറാത്ത് തുടങ്ങി കര്‍ണ്ണാടകയില്‍ വരെ ഇത്തവണയും വമ്പന്‍ വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അവര്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മറ്റൊരു സംസ്ഥാനം ബീഹാറാണ്. ‘ഇന്ത്യ’ സഖ്യത്തിന്റെ ബുദ്ധി കേന്ദ്രമായ നിതീഷ് കുമാറിന്റെ തട്ടകത്തിലെ വിജയം മോദിയെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്.

സൂപ്പര്‍ താരങ്ങളുടെ പിന്തുണയില്‍ തമിഴ്‌നാട്ടിലും തെലങ്കാനയിലും സീറ്റുകള്‍ നേടാന്‍ ബി.ജെ.പി കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈയുടെ പദയാത്രയും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ തവണ വിജയിച്ച സംസ്ഥാനങ്ങളില്‍ ഏതെങ്കിലും കൈവിട്ടാല്‍ പോലും പകരം ഇടങ്ങളും ബി.ജെ.പി പദ്ധതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തില്‍ പോലും രണ്ടു സീറ്റുകള്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ലോകസഭ തിരഞ്ഞെടുപ്പില്‍ പരസ്പരം സീറ്റുകള്‍ വിട്ടു കൊടുത്തും കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണി നിരത്തിയും ‘ഇന്ത്യ’ സഖ്യം മുന്നോട്ടു പോയില്ലങ്കില്‍ ബി.ജെ.പിയെ സംബന്ധിച്ച് വിജയം വളരെ എളുപ്പമാകും.

പ്രതിപക്ഷ സഖ്യത്തില്‍…നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന പാര്‍ട്ടികള്‍ വിജയിച്ച ശേഷം ബി.ജെ.പി പാളയത്തില്‍ എത്തില്ലന്ന് ഉറപ്പു വരുത്തേണ്ടതും പ്രതിപക്ഷ നേതാക്കളുടെ മാത്രം ഉത്തരവാദിത്വമാണ്. രാജ്യത്ത് ഖദറാണ് ഏറ്റവും കൂടുതല്‍ കാവിയണിഞ്ഞിരിക്കുന്നതെന്നതും ഓര്‍ക്കുന്നത് നല്ലതായിരിക്കും. ഇക്കാര്യത്തില്‍ ബി.ജെ.പി പാളയത്തില്‍ എത്തില്ലന്നു ഉറപ്പിച്ചു പറയാന്‍ പറ്റുന്നത് ഇടതുപക്ഷത്തെ മാത്രമാണ്. നമുക്ക് മുന്നിലെ ചരിത്രവും അതു തന്നെയാണ്.

Top