നമ്പി നാരായണന്‍ കേസിന്റെ മറവില്‍, കേന്ദ്രം പക വീട്ടുമോ ? ഭട്ട് മോഡല്‍ ?

.എസ്.ആര്‍.ഒ ചാരക്കേസില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെയാണ് നമ്പി നാരായണന്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്. ചാരക്കേസിനെ തന്നെ ചാരമാക്കിയായിരുന്നു ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്. തന്നെ അന്യായമായി അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചതിന് നഷ്ടപരിഹാര തുകയേക്കാള്‍ നമ്പി നാരായണനു ഇന്നാവശ്യം അതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയാണ്. അതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടമാണിപ്പോള്‍ സി.ബി.ഐ അന്വേഷണത്തില്‍ കലാശിച്ചിരിക്കുന്നത്.

സി.ബി.ഐ അന്വേഷണം പ്രധാനമായും മുതിര്‍ന്ന മുന്‍ ഐ.പി.എസ്.ഉദ്യാഗസ്ഥരെ ഉള്‍പ്പെടെയാണ് ശരിക്കും പ്രതിരോധത്തിലാക്കുന്നത്. മുന്‍ കേരള വിജിലന്‍സ് ഡയറക്ടര്‍ സിബി മാത്യു, മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍, കേരള പൊലീസിലെ എസ്.പിമാരായിരുന്ന എസ്.വിജയന്‍, കെ.കെ ജോഷ്യ എന്നിവരാണ് പ്രതിരോധത്തിലാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐയുടെ വിശദ അന്വേഷണത്തിനെതിരെ ഈ ഉദ്യോഗസ്ഥരില്‍ പലരും ഇതിനകം തന്നെ രംഗതെത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനി മോദിയുടെയും അമിത് ഷായുടെയും കണ്ണിലെ കരടായ ആര്‍.ബി ശ്രീകുമാറാണ്. നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനല്‍ കേസില്‍ കുടുക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നതെന്നാണ് ശ്രീകുമാര്‍ ആരോപിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച ചില വിവരങ്ങള്‍ തനിക്ക് ഡല്‍ഹിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണിത്. ശ്രീകുമാര്‍ ‘ഉപ്പു’ തിന്നുട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വെള്ളം കുടിക്കുക തന്നെ വേണം. എന്നാല്‍ ഗുജറാത്ത് കേഡറിലെ ഈ മുന്‍ ശത്രുവിനോട് പക വീട്ടാനുള്ള ശ്രമമാണ് ഭരണകൂടം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതും ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ അടക്കമുള്ള നടപടികളില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലന്നാണ് ശ്രീകുമാര്‍ വാദിക്കുന്നത്. ശാസ്ത്രജ്ഞന്‍ ശശി കുമാറിനെ ചോദ്യം ചെയ്യുകയും അതിനോട് അനുബന്ധിച്ച് അന്വേഷണം നടത്തുകയും മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

തന്റെ ചോദ്യം ചെയ്യലിനെ കുറിച്ച് ശശി കുമാര്‍ ഇതുവരെ പരാതി പറഞ്ഞിട്ടില്ലന്നും ശ്രീകുമാര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. നല്ല രീതിയിലാണ് ശശി കുമാറിനോട് പെരുമാറിയതെന്നും ഇക്കാര്യം ജസ്റ്റിസുമാരായ ശ്രീധരനും പട്നായികും അടങ്ങുന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തന്നെ അഭിപ്രായപ്പെട്ടിരുന്നതായും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീകുമാര്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ സംസ്ഥാന പൊലീസിനു കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അതു കൊണ്ട് തന്നെ സ്വാഭാവികമായി ശ്രീകുമാറിനെയും ഇനി സി.ബി.ഐക്ക് ചോദ്യം ചെയ്യേണ്ടി വരും.

പ്രതി ചേര്‍ക്കപ്പെടുമെന്ന ഭയം ഏറ്റവും കൂടുതല്‍ ഉള്ളതും ശ്രീകുമാറിനു തന്നെയാണ്. കേന്ദ്ര ഭരണകൂടത്തിന് തന്നോടുള്ള പക വീട്ടലായി ഈ അന്വേഷണം മാറുമെന്നാണ് അദ്ദേഹം ഭയപ്പെടുന്നത്. ശ്രീകുമാറിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ ആശങ്കയും വ്യക്തമാണ്. ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്നില്‍ സംഘ്പരിവാര്‍ ആണെന്നതിന് താന്‍ തെളിവ് ഹാജരാക്കിയതാണ് കേന്ദ്രത്തിന്റെ പകക്ക് കാരണമെന്നാണ് ശ്രീകുമാര്‍ തുറന്നടിച്ചിരിക്കുന്നത്. അന്ന് തനിക്കൊപ്പം പ്രവര്‍ത്തിച്ച ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചത് പോലെ തന്നെയും വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നാണ് ആര്‍.ബി ശ്രീകുമാര്‍ സംശയിക്കുന്നത്. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞിട്ടുണ്ട്.

ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് വിശദ അന്വേഷണം നടത്താന്‍ സി.ബി.ഐയോട് സുപ്രീംകോടതിയാണ് ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ജസ്റ്റിസ് ജെയിന്‍ സമിതി റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐക്ക് തുടര്‍ നടപടി സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ അടക്കമുള്ളവര്‍ പ്രതികളായ 1994 ലെ, ഐ.എസ്.ആര്‍.ഒ ചാരക്കേസ് കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷിച്ചിരുന്നത്.

കള്ളക്കേസിനെതിരെ നമ്പി നാരായണന്‍ നിയമ പോരാട്ടത്തിനിറങ്ങിയതോടെ വൈകിയാണെങ്കിലും നീതിപീഠം അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. ഇതിനു ശേഷം വെറുതെ ഇരിക്കാതെ തന്നെ അഴിക്കുള്ളിലാക്കിയവരെ അഴിക്കുള്ളിലാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിനാണ് നമ്പി നാരായണന്‍ തുടക്കം കുറിച്ചത്. അതാണിപ്പോള്‍ സി.ബി.ഐ അന്വേഷണത്തില്‍ കലാശിച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ജസ്റ്റിസ് ഡി.കെ. ജെയിന്‍ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുന്‍ അഡി. ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ എന്നിവര്‍ അംഗങ്ങളുമായ അന്വേഷണ സമിതി 2018 സെപ്റ്റംബര്‍ 14നാണ് രൂപവത്കരിച്ചിരുന്നത്.

ഈ സമിതിയുടെ കണ്ടെത്തല്‍ ഗുരുതര സ്വഭാവമുള്ളതാണെന്ന് വ്യക്തമായതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ചോദ്യം ചെയ്യേണ്ടി വരിക മുതിര്‍ന്ന മുന്‍ ഐ.പി.എസ് ഓഫീസര്‍മാരെ കൂടി ആയതിനാല്‍ സി.ബി.ഐ ആസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും വിശദമായ അന്വേഷണം നടക്കുക. ഈ അന്വേഷണ റിപ്പോര്‍ട്ടു കൂടി എതിരായാല്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് അഴിയെണ്ണേണ്ടി വരിക.

 

Top