ബി.ജെ.പി പ്രതീക്ഷയർപ്പിച്ച തിരുവനന്തപുരത്തും പത്തനംതിട്ടയിലും സ്ഥാനാർത്ഥി നിർണ്ണയം തിരിച്ചടിക്കുമോ ?

ത്തവണ കേരളത്തില്‍ നിന്നും അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച ബി.ജെ.പിക്ക് ട്രാജഡിയാവുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പത്തനംതിട്ട,തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രണ്ട് മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സായി പ്രശാന്തിനാണ് മര്‍ദനമേറ്റത്. ഇയാളെ ബി.ജെ.പി ഓഫീസിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചതായ പരാതിയില്‍ കഴക്കൂട്ടത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുമ്മനം രാജശേഖരന്‍ അതല്ലെങ്കില്‍ പ്രമുഖ ദേശീയ നേതാക്കളില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയായുമെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കരുതിയിരുന്നത്.എന്നാല്‍, പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സകല കണക്കു കൂട്ടലുകളും തെറ്റിച്ച് കേന്ദ്ര സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയാക്കി കെട്ടിയിറക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. ഈ നീക്കത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കുണ്ടെന്ന പ്രചരണം ശക്തമായത് ബി.ജെ.പി – സംഘപരിവാര്‍ പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് തിരുവനന്തപുരം. കണക്കുകള്‍വച്ച് പരിശോധിച്ചാല്‍ തൃശൂരിനേക്കാള്‍ ബി.ജെ.പി വിജയസാധ്യത കാണേണ്ട മണ്ഡലവും തിരുവനന്തപുരമാണ്. എന്നാല്‍, രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടാലും അത്ഭുതപ്പെടാനില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ബി.ജെ.പിക്ക് അവരുടെ വോട്ടുകള്‍ മുഴുവന്‍ പെട്ടിയില്‍ വീഴ്ത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നിരീക്ഷകരും നല്‍കിയിരിക്കുന്നത്.

ഇടതുപക്ഷം ജനകീയ നേതാവായ പന്ന്യന്‍ രവീന്ദ്രനെ രംഗത്തിറക്കിയതോടെ പ്രചരണ രംഗത്ത് വലിയ കുതിപ്പാണ് ഇടതുപക്ഷം ഉണ്ടാക്കിയിരിക്കുന്നത്. 2019-ല്‍ രാഹുല്‍ ഇഫക്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശശി തരൂരിന്റെ വോട്ടുകളാണ് പ്രധാനമായും പന്ന്യന്‍ ചോര്‍ത്താന്‍ സാധ്യത. ഹമാസ് വിരുദ്ധ പ്രസ്താവനയോടെ മുസ്ലിം സമുദായത്തിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഇപ്പോള്‍ തന്നെ ശശി തരൂര്‍ നേരിടുന്നുണ്ട്. കഴിഞ്ഞ തവണ തരൂരിന്റെ പെട്ടിയില്‍വീണ ക്രൈസ്തവ വോട്ടുകളിലും ഇത്തവണ കുറവുണ്ടാകാനാണ് സാധ്യത. ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം രംഗത്തിറക്കിയതാണ് തരൂരിന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നത്.

തിരുവനന്തപുരം ലോകസഭ മണ്ഡലത്തിനു കീഴിലെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് ഇടതുപക്ഷമാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറും ഇടതുപക്ഷത്തിന്റെ കൈവശമാണുള്ളത്. ഇതു തന്നെയാണ് പന്ന്യന്‍ രവീന്ദ്രന്റെ ആത്മവിശ്വാസത്തിന്റെയും അടിസ്ഥാനം. ബി.ജെ.പി – കോണ്‍ഗ്രസ്സ് വോട്ടുകളാണ് ഇത്തവണ ഭിന്നിക്കുകയെന്നാണ് ഇടതുനേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്തെ അവസ്ഥ ഇതാണെങ്കില്‍ , പത്തനംതിട്ടയിലെ അവസ്ഥ ഇതിലും ദയനീയമാണ്. പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് , ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ബി.ജെ.പിക്ക് നല്ല വോട്ട് ബാങ്കുള്ള പത്തനംതിട്ടയില്‍,അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ,ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് പാര്‍ട്ടി കൂപ്പ് കുത്തുമെന്നാണ് , ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. വലിയ പ്രതിഷേധമാണ്,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ പത്തനംതിട്ടയില്‍ നടക്കുന്നത്.

അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്ന് തുറന്നടിച്ച, പത്തനംതിട്ടയിലെ ബി.ജെ.പി ജില്ലാ നേതാവ് ശ്യം തട്ടയിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും , പ്രതിഷേധം തണുത്തിട്ടില്ല. അനില്‍ ആന്റണി ഒരുലക്ഷം വോട്ട് തികയ്ക്കില്ലന്ന് , ശ്യാം പറയുമ്പോള്‍ ചങ്കിടിക്കുന്നത് അനില്‍ ആന്റണിക്കു തന്നെയാണ്. ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ ദേശീയ തലത്തില്‍ ബി.ജെ.പി നല്‍കിയ പദവിയും ഈ ആന്റണി പുത്രന് നഷ്ടമാകും.അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്നെതിരെ പി.സി ജോര്‍ജും കടുത്ത പ്രതിഷേധത്തിലാണുള്ളത്. നേതൃത്വം പറഞ്ഞാല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ഇപ്പോള്‍ അദ്ദേഹം പറയുന്നുണ്ടെങ്കിലും അവസാനം പി.സി വിഭാഗവും പാലം വലിക്കാനുള്ള സാധ്യത ഏറെയാണ്.

ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മറ്റു ബി.ജെ.പി സ്ഥാനാര്‍ത്ഥികളേക്കാള്‍ വീക്കാണ് ആനില്‍ ആന്റണി. അവസരവാദ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് അദ്ദേഹമെന്നാണ് പൊതുവെ വിമര്‍ശിക്കപ്പെടുന്നത്. മര്യാദയ്ക്ക് ഒരു പ്രസംഗം നടത്താന്‍ പോലും അനില്‍ ആന്റണിക്ക് കഴിയില്ലന്നാണ് ബി.ജെ.പി അനുഭാവികളും കരുതുന്നത്. ഇങ്ങനെ ഒരാളെ പത്തനംതിട്ട പോലുള്ള ഒരു മണ്ഡലത്തില്‍ കെട്ടിയിറക്കിയ ബി.ജെ.പി നേതൃത്വത്തിനെതിരെ പരിവാറുകാര്‍ ഒന്നടങ്കം തിരിഞ്ഞിരിക്കുകയാണ്. പി.സി ജോര്‍ജിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ ഇടപെട്ട തുഷാര്‍ വെള്ളാപ്പള്ളി എവിടെ മത്സരിച്ചാലും അവിടെ തിരിച്ചടി നല്‍കാനാണ് ഒരുവിഭാഗം ബി.ജെ.പി പ്രവര്‍ത്തകരുടെ നീക്കം.

അതേസമയം, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തിരുവനന്തപുരം,പത്തനംതിട്ട മണ്ഡലങ്ങളിലെ ഇടതുപക്ഷത്തിന്റെ സാധ്യതയെ ആണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും വലിയ വോട്ട് നഷ്ടം ഈ മണ്ഡലങ്ങളില്‍ ഉണ്ടാകുമെന്നാണ് ഇടതു നേതൃത്വം വിലയിരുത്തുന്നത്. വെള്ളാപ്പള്ളിക്കും കുടുംബത്തിനും ഈഴവ വോട്ടുകളെ സ്വാധീനിക്കാന്‍ ഒരു കാരണവശാലും കഴിയില്ലന്നത് ഈ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിക്കുമെന്നാണ് ഇടതു നേതാക്കള്‍ തുറന്നടിക്കുന്നത്. ശബരിമല വിവാദം ഇപ്പോള്‍ ഇല്ലാത്തതും രാഹുല്‍ ഇഫക്ട് ഇനി ഉണ്ടാവില്ലന്നതും ഇടതു പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതാണ്. ബി.ജെ.പി ഉറപ്പായും വിജയിക്കുമെന്ന് പ്രഖ്യാപിച്ച തൃശൂരില്‍ പോലും വി.എസ് സുനില്‍കുമാര്‍ സ്ഥാനാര്‍ത്ഥി ആയതോടെ ഒരേസമയം ബി.ജെ.പിയും കോണ്‍ഗ്രസ്സുമാണ് പ്രതിരോധത്തിലായിരിക്കുന്നത്.

EXPRESS KERALA VIEW

Top