മോദിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ പാഠം പഠിപ്പിക്കും ; ആഞ്ഞടിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ : നരേന്ദ്ര മോദിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം, ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി ഡിഎംകെ പ്രവര്‍ത്തകര്‍ അണിനിരക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

നരേന്ദ്രമോദി സര്‍ക്കാരിനെ കേന്ദ്രത്തില്‍ നിന്നും തൂത്തെറിയാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടെ നില്‍ക്കണമെന്നും അദ്ദേഹംപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തെ തകര്‍ക്കുന്ന, മതനിരപേക്ഷതയ്ക്ക് കോട്ടം സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്. തമിഴരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ മറ്റൊരു ഭാഗത്തും നടക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ജനാധിപത്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തിലും വര്‍ഗീയ നിറംകലര്‍ത്തുന്നവരെ എതിര്‍ക്കുമെന്നും, കള്ളന്‍മാരുടെ ഭരണത്തില്‍ നിന്നും തമിഴ്‌നാടിനെ മോചിപ്പിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന്‍ ആഞ്ഞടിച്ചത്.

ചൊവ്വാഴ്ച ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായാണ് എം കെ സ്റ്റാലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ഡിഎംകെയുടെ 2700 ലധികം പ്രതിനിധികള്‍ ആണ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്തത്. 49 വര്‍ഷത്തിന് ശേഷമാണ് ഡി എം കെയുടെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്. ട്രഷറര്‍ ആയി എസ് ദുരൈ മുരുകനേയും തിരഞ്ഞെടുത്തിട്ടുണ്ട്.

ഡി എം കെയുടെ ട്രഷററായിരുന്ന സ്റ്റാലിനെ 2017ലാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. 1969 മുതല്‍ മരണം വരെ എം കരുണാനിധി ആയിരുന്നു പാര്‍ട്ടി അധ്യക്ഷന്‍. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനായി സ്റ്റാലിന്‍ ട്രഷറര്‍ പദം രാജി വച്ച ഒഴിവിലേക്കാണ് ദുരൈ മുരുകന്‍ വരുന്നത്. പാര്‍ട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരും ഐക്യകണ്‌ഠേനയാണ് ഇരുവരെയും പിന്തുണച്ചത്.

Top