ശോഭ സുരേന്ദ്രന്‍ ദേശീയ വനിതാ കമ്മീഷന്റെ തലപ്പത്ത് എത്തുമോ ?

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭ സുരേന്ദ്രന്റെ മുന്നേറ്റം ബിജെപിയെ തന്നെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ബി ജെ പി എ പ്ലസ് മണ്ഡലങ്ങളായി കണക്കു കൂട്ടിയ തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ നേടിയ വോട്ടിംഗ് ശതമാനത്തിനൊപ്പം നേടാന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. മികച്ച പ്രാസംഗിക കൂടിയായ ശോഭ സുരേന്ദ്രന്റെ വ്യക്തി പ്രഭാവമാണ് വോട്ട്‌നില വര്‍ധിപ്പിക്കുവാന്‍ സഹായകമായത്.

എന്നാല്‍, കഴിഞ്ഞ ഏഴ് മാസത്തോളമായി ശോഭ സരേന്ദ്രന്‍ പൊതുരംഗത്ത് സജീവമല്ലായിരുന്നു. ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം അറയിക്കുകയും ചെയ്തിരുന്നു. ഏഴു മാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.

ബിജെപിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭ സുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെ ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ശോഭയ്ക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. നേരത്തേ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതിനിടെയാണ് ദേശീയ തലത്തില്‍ ഒരു പ്രമുഖസ്ഥാനം ശോഭ സുരേന്ദ്രന് ഉടന്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി ഉന്നതങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. അത് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്കാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top