ഷാഫിയും കെ.സിയും സ്ഥാനാർത്ഥിയായത് ബി.ജെ.പിയെ സഹായിക്കാനോ ? കോൺഗ്രസ്സിനെ വെട്ടിലാക്കുന്ന ചോദ്യം

ലോകസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു വകതിരിവും കോണ്‍ഗ്രസ്സ് കാണിച്ചിട്ടില്ലന്നു വ്യക്തമാക്കുന്നതാണ് വടകരയിലെയും ആലപ്പുഴയിലെയും സ്ഥാനാര്‍ത്ഥിത്വങ്ങള്‍. വടകരയില്‍ ഷാഫിപറമ്പില്‍ എങ്ങാനും ജയിച്ചാല്‍ അദ്ദേഹത്തിന് എം.എല്‍.എസ്ഥാനം തന്നെ രാജിവയ്‌ക്കേണ്ടി വരും.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17483 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഷാഫി പറമ്പിലിന് കഴിഞ്ഞ തവണ പക്ഷേ… ഭൂരിപക്ഷത്തില്‍ കുത്തനെയാണ് ഇടിവുണ്ടായിരിക്കുന്നത്. 2021-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനോട് 3859 വോട്ടിനു മാത്രമായിരുന്നു ഷാഫിയുടെ വിജയം. ഷാഫി പറമ്പിലല്ലാതെ മറ്റേത് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ്സ് രംഗത്തിറക്കിയാലും മണ്ഡലം കൈവിട്ടു പോകാന്‍ തന്നെയാണ് സാധ്യത.

‘ബി.ജെ.പി സംസ്ഥാനത്ത് ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റി ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് നല്‍കാനാണോ ഷാഫി വടകരയില്‍ മത്സരിക്കുന്നത് ‘ എന്ന ചോദ്യത്തിന് ഷാഫി മാത്രമല്ല കോണ്‍ഗ്രസ്സ് നേതൃത്വവും മറുപടി പറയേണ്ടി വരും. ഷാഫിയെ വിജയിപ്പിച്ചാല്‍ കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രചരണം ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ ശക്തമാണ്. പാലക്കാട് ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് യുഡിഎഫിന് അഗ്‌നിപരീക്ഷയാകുമെന്ന കാര്യത്തില്‍ മുസ്ലീംലീഗിനും സംശയമില്ല.

ഈ യാഥാര്‍ത്ഥ്യം കൂടി പരിഗണിച്ചാണ് കെ.മുരളീധരനെ വടകരയില്‍ നിന്നും മാറ്റരുതെന്ന അഭ്യര്‍ത്ഥന ലീഗ് നേതൃത്വം നടത്തിയിരുന്നത്. എന്നാല്‍ റിയാലിറ്റി മനസ്സിലാക്കാതെ എടുത്തതീരുമാനം അടിച്ചേല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ സീറ്റ് നിര്‍ണ്ണയ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയും മാത്രമല്ല സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും നിലവില്‍ വിമര്‍ശനം നേരിടുന്നുണ്ട്.

വടകരയ്ക്ക് സമാനമായ തെറ്റായ തീരുമാനമാണ് ആലപ്പുഴയുടെ കാര്യത്തിലും കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ഇനിയും വര്‍ഷങ്ങളുടെ കാലാവധി ബാക്കി നില്‍ക്കെ അതൊന്നും പരിഗണിക്കാതെയാണ് ആലപ്പുഴയില്‍ മത്സരിക്കുവാന്‍ കെ.സി വേണുഗോപാല്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യസഭയിലെ സീറ്റ് പോകുകയാണെങ്കില്‍ പോകട്ടെ എന്നതാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. ഇതാകട്ടെ പൊതു സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശവുമാണ്. ലോകസഭയില്‍ വലിയ ഭൂരിപക്ഷമുള്ള ബി.ജെ.പി സഖ്യത്തിന് രാജ്യസഭയിലെ ഭൂരിപക്ഷത്തിന് നാല് സീറ്റുകളുടെ കുറവു മാത്രമാണുള്ളത്. കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ വിജയിച്ചാല്‍ അദ്ദേഹം രാജിവയ്ക്കുന്ന രാജ്യസഭ സീറ്റ് ബി.ജെ.പിയാണ് കൊണ്ടുപോകുക. രാജസ്ഥാനില്‍ നിന്നും കെ.സി രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവിടെ ഭരണത്തില്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസ്സായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ഇപ്പോള്‍ രാജസ്ഥാന്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. അവരുടെ സീറ്റുനില വച്ചു നോക്കുമ്പോള്‍ രാജ്യസഭയിലേക്ക് ഒഴിവു വന്നാല്‍ വിജയിക്കാന്‍ പോകുന്നതും ബി.ജെ.പി സ്ഥാനാര്‍ത്ഥി തന്നെയാകും. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവരുടെ രാഷ്ട്രീയ അജണ്ട പാര്‍ലമെന്റില്‍ നടപ്പാക്കണമെങ്കില്‍ രാജ്യസഭയും കനിയേണ്ടതുണ്ട്. ആ രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ കരുത്ത് ചോര്‍ത്തുന്ന നിലപാടാണ് ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ചുരുക്കിപറഞ്ഞാല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വടകരയിലും ആലപ്പുഴയിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് ബി.ജെ.പിയാണ്. അതാകട്ടെ വ്യക്തവുമാണ്. നിയമസഭയിലേക്കും രാജ്യസഭയിലേക്കും ബി.ജെ.പി പ്രതിനിധികളെ വിജയിപ്പിക്കാന്‍ ഷാഫിയെയും കെ.സിയെയും വിജയിപ്പിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇനി മുസ്ലീം ലീഗിനും മറുപടി പറയേണ്ടി വരും. കരുണാകര പുത്രി കാവിയണിഞ്ഞതിനു പിന്നാലെ ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്ന മൂര്‍ച്ചയേറിയ മറ്റൊരു ആയുധമാണ് കോണ്‍ഗ്രസ്സിന്റെ ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.വടകരയിലും ആലപ്പുഴയിലും തൃശൂരിലും മാത്രമല്ല കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന പ്രചരണ തന്ത്രമാണിത്.

അതേസമയം ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് രണ്ട് എം.എല്‍.എമാരാണ്. മട്ടന്നൂര്‍ എം.എല്‍.എ ആയ കെ.കെ ശൈലജയാണ് വടകരയില്‍ ഷാഫി പറമ്പിലിനോട് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60963 വോട്ടുകള്‍ക്ക് വിജയിച്ച കെ.കെ ശൈലജയ്ക്ക് എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാലും മട്ടന്നൂരില്‍ ഉപതിരഞ്ഞെടുപ്പു നടന്നാല്‍ നിഷ്പ്രയാസം വിജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിയും. ഇടതുപക്ഷത്തിന്റെ മറ്റൊരു കോട്ടയായ ചേലക്കരയില്‍ നിന്നും 39400 വോട്ടിന്റെ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ട മന്ത്രികൂടിയായ കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോകസഭ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. അദ്ദേഹം വിജയിച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാലും ചേലക്കരയില്‍ ഇടതുപക്ഷത്തിന് ഭയപ്പെടേണ്ട കാര്യമില്ല.

സിറ്റിംഗ് ജനപ്രതിനിധികളെ മത്സരിപ്പിക്കുമ്പോള്‍ ഇടതുപക്ഷം പുലര്‍ത്തിയ ജാഗ്രതയാണ് കോണ്‍ഗ്രസ്സ് ഇവിടെ കാണിക്കാതിരിന്നിരിക്കുന്നത്. ഇതിനെ മണ്ടന്‍ തീരുമാനമായി മാത്രമേ രാഷ്ട്രീയ കേരളത്തിന് വിലയിരുത്താന്‍ കഴിയുകയൊള്ളൂ.വടകരയിലും ആലപ്പുഴയിലും വിജയിക്കാന്‍ പോകുന്നില്ലന്ന ഉറച്ച ബോധ്യം കോണ്‍ഗ്രസ്സിനെ നയിച്ചാലും ഇത്തരമൊരു തീരുമാനം അവര്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. കേവലം ഒരു മത്സരം എന്നതിലുപരി യാതൊരു വിജയ പ്രതീക്ഷയും കോണ്‍ഗ്രസ്സിന് ഈ മണ്ഡലങ്ങളില്‍ ഇല്ലെങ്കില്‍ അതൊരു വല്ലാത്ത ഗതികേടു തന്നെയാണ്. അതെന്തായാലും പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top