സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കും; ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്ന് മോദി

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പോയ ഒരു വര്‍ഷത്തില്‍ ചരിത്രപരമായ പല തീരുമാനങ്ങള്‍ക്കും രാജ്യം സാക്ഷിയായെന്നും അതിവേഗ പുരോഗതി കൈവരിച്ചെന്നും ജനങ്ങള്‍ക്കായി എഴുതിയ കത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുന്നു.

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കോവിഡ് കാലത്തെ രാജ്യം ഫലപ്രദമായി നേരിടുകയാണെന്നും ലോകത്തിനാകെ മാതൃകയാവുന്ന തരത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയെ നിങ്ങള്‍ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും മോദി തുറന്ന കത്തില്‍ എഴുതി.

കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികളും ചെറുകിട വ്യാപാരികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ വലിയ ദുരന്തങ്ങളായി മാറില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍, രാജ്യത്തെ ഓരോ പൗരനും തനിക്കു ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. നാമിതുവരെ പ്രകടിപ്പിച്ച ക്ഷമ ഇനിയങ്ങോട്ടും തുടരാന്‍ നമുക്കാവണമെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.
കോവിഡ് നാശം വിതച്ച മറ്റു ലോകരാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതും, സുരക്ഷിതവുമായ ഒരിടമായി ഇന്ത്യ മാറിയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടാനുണ്ടെന്ന് തനിക്കറിയാമെന്നും രാജ്യം അനവധി പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. രാത്രിയും പകലും ഞാന്‍ ജോലി ചെയ്യുകയാണ്. എനിക്ക് പോരായ്മകളുണ്ടാവാം എന്നാല്‍ നമ്മുടെ രാജ്യത്തിന് അത്തരം പോരായ്മകളില്ല. ഞാന്‍ എന്നെ വിശ്വസിക്കുന്നതിലേറെ നിങ്ങളേയും നിങ്ങളുടെ ശക്തിയേയുമാണ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.

സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികള്‍ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയെ തീരൂ. അത് യാഥാര്‍ഥ്യമാക്കാന്‍ ഒരു മാര്‍ഗമേ ഉളളൂ; ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ സ്വയംപര്യാപ്ത ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാല്‍വയ്പാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവില്‍ ലോകം മുഴുവന്‍ ഈ മഹാമാരിയോട് പോരാടുകയാണ്. നമ്മുക്കും ഇതു പരീക്ഷണക്കാലമാണ്. എന്നാല്‍ ഈ മഹാമാരി എന്നത്തേക്കുമല്ലെന്നും നമ്മുടെ യാത്ര ഇവിടെ അവസാനിക്കില്ലെന്നും നിങ്ങളെല്ലാവരും ഓര്‍ക്കണമെന്നും മോദി പറഞ്ഞു.

Top