സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്ക…

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ആവശ്യമെങ്കില്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വലിയ പിന്തുണയാണെന്നും, ആവശ്യമെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യാനും പാക്കിസ്ഥാന്റെ സഹായം തേടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിവുകള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്‌ഫോടന പരമ്പരകളില്‍ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ ശ്രീലങ്കയിലെ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ രാജിവച്ചു. കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്കയില്‍ നടന്ന 253 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തില്‍ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ സെക്രട്ടറിയോടും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ് പുജിത് ജയസുന്ദരയോടും രാജിവയ്ക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ചുമതലകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു രാജി ആവശ്യം. എന്നാല്‍, സ്വന്തം നിലയില്‍ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറി പറയുന്നത്.

Top