താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കും, നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കും എന്നും ഖാര്‍ഗെ പറഞ്ഞു.

തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി.

വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തില്‍ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടി ആസ്ഥാനങ്ങളില്‍ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്.

Top