രാഹുല്‍ അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും: നവജ്യോത് സിങ് സിദ്ധു

SIDDU

ചണ്ഡീഗഢ്: രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് നവജ്യോത് സിങ് സിദ്ധു. യഥാര്‍ഥ ദേശീയത എന്താണെന്ന് സോണിയ ഗാന്ധിയില്‍ നിന്ന് പഠിക്കണമെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം സോണിയ കോണ്‍ഗ്രസിനെ നയിച്ചത് പ്രശംസനീയമായ രീതിയിലാണെന്നും സിദ്ധു പറഞ്ഞു. 10 കൊല്ലം തുടര്‍ച്ചയായി കേന്ദ്രത്തില്‍ മികച്ച ഭരണം കാഴ്ച വെയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചത് സോണിയയുടെ നേതൃത്വത്തിലാണെന്ന് സിദ്ധു പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തില്‍ 70 കൊല്ലത്തോളം രാജ്യത്ത് ഒരു തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന ബിജെപി ആരോപണത്തെ സിദ്ധു നിരസിച്ചു. രാജ്യം ഏറ്റവുമധികം പുരോഗതി കൈവരിച്ച ഭരണകാലം കോണ്‍ഗ്രസിന്റേതാണെന്ന് സിദ്ധു പറഞ്ഞു.

ബിജെപിയോട് വിശ്വസ്തത പുലര്‍ത്തുന്നവരെ ദേശസ്‌നേഹികളെന്നുംപാര്‍ട്ടി വിടുന്നവരെ രാജ്യദ്രോഹികളെന്നും വിളിക്കുന്നതാണ് ബിജെപിയുടെ പ്രത്യക്ഷനയമെന്നും സിദ്ധു കുറ്റപ്പെടുത്തി. റഫാല്‍ ഇടപാടിലെ അഴിമതിയോരോപണം പൊതുതിരഞ്ഞെടുപ്പില്‍ മോദിയ്ക്കെതിരായി പ്രതിഫലിക്കുമെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ധു പഞ്ചാബിലെ ടൂറിസം,സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്.

Top