അമിത് ഷാ കേരളത്തിലെത്തിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം ന്യായീകരിക്കാന്‍ കോഴിക്കോട്ടെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ. കേന്ദ്രമന്ത്രി വി മുരളിധരന്‍ കേരളത്തിലെത്തിയാല്‍ പ്രതിക്ഷേധമറിയിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുള്‍ മജീദ് ഫൈസി അറിയിച്ചു.

കേരളത്തിനുള്ള പ്രളയസഹായം നിഷേധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപകപോക്കലാണ്. അതുകൊണ്ടു തന്നെ ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തു നടത്തുന്ന മുഴുവന്‍ സര്‍വേകളും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

ഈ മാസം 11 മുതല്‍ പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി എസ്ഡിപിഐ ക്യാംപെയ്‌നുകള്‍ ആരംഭിക്കുമെന്നും അബ്ദുള്‍ മജീദ് ഫൈസി അറിയിച്ചു.

Top