പ്രിയങ്കയും ആസാദും ബി.ജെ.പിക്ക് വെല്ലുവിളിയാകുമോ ? പുതിയ നീക്കം

യു.പി എന്ന ഉത്തര്‍പ്രദേശ് രാജ്യം ആര് ഭരിക്കണമെന്ന് നിര്‍ണ്ണയിക്കുന്ന പ്രധാന സംസ്ഥാനമാണ്. 80 ലോകസഭ സീറ്റുകളും 403 നിയമസഭ സീറ്റുകളുമാണ് ഈ സംസ്ഥാനത്തുള്ളത്. അയോദ്ധ്യ വിഷയം മുന്‍നിര്‍ത്തിയാണ് ബി.ജെ.പി യു.പിയില്‍ ഇതുവരെ നേട്ടമുണ്ടാക്കിയിരിക്കുന്നത്. നാളെയും അവര്‍ ഉന്നയിക്കാന്‍ പോകുന്നതും അതുതന്നെയാണ്. ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത് 2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ മൂന്നാം ഊഴത്തിലേക്ക് മോദി വീണ്ടും പ്രതീക്ഷയര്‍പ്പിക്കുന്നതും യു.പിയെയാണ്. അതുകൊണ്ടാണ് ഇവിടെ ഉയരുന്ന ഏത് പ്രതിഷേധവും മോദിയെ അസ്വസ്ഥമാക്കുന്നത്.

യു.പി ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രധാനമന്ത്രിയാണ് നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഇതിനു ശേഷമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷത്തിന്റെ അടിയന്തര സഹായം യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതു കൊണ്ടൊന്നും പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ധുക്കളുടെ സമ്മതമില്ലാതെ അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം യു.പി പൊലീസ് സംസ്‌കരിച്ചത് രാജ്യത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഡല്‍ഹിയിലും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയിരിക്കുന്നത്. നിര്‍ഭയ കേസിന്റെ ആവര്‍ത്തനമാണ് ഹത്രാസില്‍ നടന്നിരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ സംഭവത്തിന് പിന്നാലെ 8 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള 6 പെണ്‍കുട്ടികള്‍ യു.പി യില്‍ തന്നെ പീഡിപ്പിക്കപ്പെട്ടതും സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ഇതില്‍ ബല്‍റാംപൂരില്‍ 22 വയസുള്ള കോളേജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ കാലുകളും അക്രമികള്‍ തല്ലിയൊടിച്ചിട്ടുണ്ട്. കൊടും സ്ത്രീ പീഡനങ്ങളുടെ കേന്ദ്രമായാണ് യു.പി മാറി കൊണ്ടിരിക്കുന്നത്. മുന്‍പ് പച്ചയ്ക്ക് യുവതിയെ കത്തിച്ച സംഭവം അരങ്ങേറിയതും യോഗിയുടെ ഈ യു.പിയില്‍ തന്നെയാണ്. മുന്‍ സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ശക്തമായ പ്രതിഷേധമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ പ്രതിക്ഷേധ ‘തീ’ ബീഹാറിലേക്കും ഇപ്പോള്‍ പടര്‍ന്നിട്ടുണ്ട്. ബി.ജെ.പി- ജെ.ഡി.യു സഖ്യത്തെ പ്രതിരോധത്തിലാക്കുന്ന നീക്കമാണിത്.

നവംബറില്‍ നടക്കുന്ന ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് എന്‍.ഡി.എക്ക് നിര്‍ണ്ണായകമാണ്. ഇവിടെ ഭരണം കൈവിട്ടാല്‍ അത് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. പിന്നീട് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളെയും ഈ വിധി സ്വാധീനിക്കും. ആത്യന്തികമായി അത് മോദിയുടെ മൂന്നാം ഊഴമെന്ന സ്വപ്നത്തെയാണ് ബാധിക്കാന്‍ പോകുന്നത്. ഇത് തിരിച്ചറിഞ്ഞാണ് മോദി തന്നെ യു.പിയിലിപ്പോള്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. അക്രമികളെ ശരിയായ രൂപത്തില്‍ കൈകാര്യം ചെയ്യാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം പീഢനങ്ങള്‍ ആയുധമാക്കി ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

ബീഹാറിലെ പ്രചരണങ്ങളില്‍ യു.പി സംഭവം വലിയ പ്രചരണ വിഷയമായി മാറിയിട്ടുണ്ട്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ശക്തമായ ക്യാംപയിനാണ് ഇതുസംബന്ധമായി നടത്തി വരുന്നത്. ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ ഭീകരവേട്ടയാടലാണ് യു .പി യില്‍ നടക്കുന്നതെന്ന് ആരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര ആസാദും ശക്തമായി രംഗത്തുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് ചന്ദ്രശേഖറ ആസാദിനെ വീട്ടുതടങ്കലിലാക്കുന്ന സാഹചര്യവുമുണ്ടായി. ബി.എസ്.പിക്കും മായാവതിക്കും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ആസാദ് എ.എസ്.പി എന്ന പാര്‍ട്ടിയും ഇതിനകം രൂപീകരിച്ചിട്ടുണ്ട്. ദളിത് -മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയമാണ് ചന്ദ്രശേഖര്‍ ആസാദ് പയറ്റുന്നത്.

2022-ല്‍ യു.പിയില്‍ നിര്‍ണ്ണായക ശക്തിയാവുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. യു.പി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടിയുമായി സഹകരിക്കുമെന്ന നിലപാടിലാണ്. യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. പ്രതിപക്ഷ വിശാല ഐക്യമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ നീക്കത്തെ അഖിലേഷ് യാദവും മായാവതിയും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നുമാകില്ലെന്ന തിരിച്ചറിവില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയും ഇനി തള്ളിക്കളയാന്‍ കഴിയുകയില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്.പി – ബി.എസ്.പി പാര്‍ട്ടികള്‍ സഖ്യമായി മത്സരിച്ചിട്ടും തകര്‍ന്നടിയുകയാണുണ്ടായത്. ഹിന്ദു ദേശീയതയും പാകിസ്താന്‍ വിരോധവും വളര്‍ത്തിയാണ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും യു.പിയില്‍ വമ്പന്‍ വിജയം നേടിയിരുന്നത്. ഹിന്ദു ദേശീയതയില്‍ മുറുകെ പിടിച്ചാല്‍ ജാതി രാഷ്ട്രീയത്തെ തളയ്ക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴും ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഈ കാര്യം മനസ്സിലാക്കി തന്നെയാണ് കോണ്‍ഗ്രസ്സും തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച് പ്രിയങ്ക രംഗത്ത് വന്നതും ഇതിന്റെ ഭാഗമാണ്. മോദിയും ആര്‍.എസ്.എസ് തലവനും ക്ഷേത്ര ശിലാസ്ഥാപനത്തിന് എത്തിയത് വിവാദമാക്കാനും പ്രിയങ്ക ശ്രമിച്ചിരുന്നില്ല.

മൃദു ഹിന്ദുത്വ വാദം തന്നെയാണ് പ്രിയങ്കയും ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. അതു പക്ഷേ ന്യൂനപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കാന്‍ ശ്രമിച്ചാണെന്ന് മാത്രം. ബി.ജെ.പി എങ്ങനെ വളര്‍ന്നു എന്ന് പഠിച്ചിട്ട് തന്നെയാണ് പ്രിയങ്കയും ഇപ്പോള്‍ ഇടപെടല്‍ നടത്തിവരുന്നത്. 1984ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റുകളില്‍ ഒതുങ്ങിപ്പോയ ബി.ജെ.പി 33 വര്‍ഷം കൊണ്ട് 303 സീറ്റുകളിലേക്കാണ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെയും ജാതി പാര്‍ട്ടികളുടെയും അടിവേര് തകര്‍ത്തായിരുന്നു കാവിപ്പടയുടെ ഈ തേരോട്ടം. ജാതി രാഷ്ട്രീയത്തെ മറികടക്കാന്‍ ബി.ജെ.പി സ്വീകരിച്ച മാര്‍ഗ്ഗം തന്നെ വ്യത്യസ്തമായിരുന്നു.

യാദവനു സാദ്ധ്യതയുള്ള മണ്ഡലത്തില്‍ യാദവനെയും, ബ്രാഹ്മണനു സാദ്ധ്യതയുള്ള മണ്ഡലത്തില്‍ ബ്രാഹ്മണനേയും ഭൂമിഹാറിനു സാദ്ധ്യതയുള്ള സ്ഥലത്ത് ഭൂമിഹാറിനേയും തന്ത്രപൂര്‍വ്വം ഇറക്കിയുള്ള കളിയാണ് ബി.ജെ.പി കളിച്ചിരുന്നത്. ഒപ്പം ജാതിയെക്കാള്‍ വലുത് രാജ്യമാണെന്നും ശൗചാലയവും വെള്ളവും ജീവിതസൗകര്യങ്ങളും ആണെന്നും കാവിപ്പട ആഴത്തില്‍ ബോധവല്‍ക്കരണവും നടത്തുകയുണ്ടായി. ഈ നീക്കങ്ങളിലാണ് പ്രതിപക്ഷത്തിന് അടിപതറിയിരുന്നത്. ഈ വീഴ്ച തിരിച്ചറിഞ്ഞ ഒരു ‘ചികിത്സ’ യു.പിയില്‍ നിന്നും തുടങ്ങാനാണ് പ്രിയങ്കയും ആഗ്രഹിക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുക്കാനും പാര്‍ട്ടി നേതാക്കളോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യു.പി യിലെ സ്ത്രീ പീഡനം ശക്തമായി ഉയര്‍ത്തി കൊണ്ടു വരുന്നതും ഇതിന്റെ ഭാഗമാണ്. ഹിന്ദുത്വവാദത്തെ രൂക്ഷമായി എതിര്‍ക്കേണ്ടതില്ലെന്ന നിര്‍ദേശവും യു.പിയിലെ നേതാക്കള്‍ക്ക് പ്രിയങ്ക നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യത്തിന് അനുസരിച്ച നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നാണ് പ്രിയങ്കയുടെ വാദം. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗതമായ ‘പാത’ വിട്ടുള്ള നിലപാടാണിത്. ഇത്തരമൊരു നീക്കം നടത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്നാണ് പ്രിയങ്കയെ പിന്തുണയ്ക്കുന്നവരും ഇപ്പോള്‍ വാദിക്കുന്നത്.

2022 ല്‍ യു.പി പിടിച്ചാല്‍ ദേശീയ തലത്തില്‍ അത് കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിന് കളമൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. സംഘപരിവാറിന്റെ കരുത്തുറ്റ സംഘടനാ കരുത്തിനെയാണ് പ്രിയങ്ക എന്ന ‘വണ്‍മാന്‍ ആര്‍മിക്ക്’ ഇനി യു.പി യില്‍ നേരിടേണ്ടി വരിക. അത് ‘തീ’ പാറുന്ന പോരാട്ടത്തിലാണ് കലാശിക്കുക. ഈ പടര്‍ക്കളത്തില്‍ വീണാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ ജീവിതം തന്നെയാണ് ത്രിശങ്കുവിലാകുക. മറിച്ചായാല്‍ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള സാധ്യതയാണ് അവര്‍ക്കു മുന്നില്‍ വര്‍ദ്ധിക്കുക.

Top