2008ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേയ്ക്കായി എത്തുന്ന ചിത്രമാണ് ‘ചാമ്പ്യൻസ്’. ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിനിമയിൽ ഇപ്പോൾ അഭിനയിക്കില്ല എന്ന് പറയുകയാണ് ആമിർ ഖാൻ. നടൻ പിന്മാറിയതായുള്ള വാർത്തകളാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പകരം ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്നാണ് ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ആമിർ പറഞ്ഞതായി ഇ ടൈംസ് പറയുന്നത്.
‘ലാൽ സിംഗ് ഛദ്ദ’യ്ക്ക് ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമയാണ് ‘ചാമ്പ്യൻസ്’. വളരെ നല്ല കഥയും തിരക്കഥയുമാണ് ചിത്രത്തിന്റേത്. പക്ഷെ എനിക്ക് ഇപ്പോൾ ഒരു വിശ്രമം ആവശ്യമാണ് എന്റെ കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 35 വർഷമായി ജോലി ചെയ്യുന്നു. എന്നെ സ്നേഹിക്കുന്നവർക്ക് ഇത് വിഷമകരമാവാം എങ്കിലും ‘ചാമ്പ്യൻസ്’ എന്ന ചിത്രം ഞാൻ നിർമ്മിക്കും. കാരണം എനിക്ക് ഈ സിനിമയിൽ വിശ്വാസമുണ്ട്’, ആമിർ ഖാൻ പറഞ്ഞു.
കരീന കപൂർ ഖാൻ, മോനാ സിംഗ്, നാഗ ചൈതന്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിലാണ് ആമിർ ഖാൻ അവസാനമായി അഭിനയിച്ചത്. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ‘ഫോറെസ്റ് ഗമ്പ്’ന്റെ റീമേയ്ക്ക് ആയിരുന്ന ചിത്രം ബോക്സ് ഓഫീസിൽ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.