അമേരിക്കയെ തള്ളി ഇന്ത്യ; അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന്

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മിത്തന്‍സുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൌകര്യ വികസനത്തിനുള്ള സഹായങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് ഓദ്യോഗിക നയമാക്കിയവരെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഇന്ത്യയും അമേരിക്കയും ഒരു പോലെ തിരിച്ചറിയുന്നുവെന്ന് ജെയിംസ് മിത്തന്‍സും കൂടിക്കാഴ്ച്ചക്ക് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കാന്‍ പോകുന്ന പുതിയ സൈനിക ഓപ്പറേഷനില്‍ ഇന്ത്യയുടെ നേരിട്ടുള്ള പങ്കാളിത്വം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ സെക്രട്ടറി ജെയിംസ് മിത്തന്‍സ് ഡല്‍ഹിയിലെത്തിയത്.

അതിര്‍ത്തി കടന്നുള്ള ഭീകരത, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രതിരോധ ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി മന്ത്രി അറിയിച്ചു.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് ഔദ്യോഗിക നയമായി സ്വീകരിക്കുന്നവരെ കൊണ്ട് മറുപടി പറയിക്കേണ്ടതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും തിരിച്ചറിയുന്നതായി ജെയിംസ് മിത്തന്‍സ് പറഞ്ഞു.

ആഗോള ഭീകരതയെ തുടച്ച് നീക്കാനുള്ള ഉദ്യമത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഇരുവരും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കൂടിക്കാഴ്ച നടത്തി.

Top