കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; കെ വി തോമസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയാണ് യോഗം ചേര്‍ന്നത്. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം .

ഹൈക്കമാന്റ് പ്രതിനിധികളായ അശോക് ഗെഹ്ലോട്ടും ജി പരമേശ്വരയും അടക്കമുള്ളവര്‍ ഇതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. എഐസിസി പ്രതിനിധികളെ ഒറ്റക്ക് കാണുമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. കെ മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

അതിനിടെ സ്ഥാനമാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന കെ.വി തോമസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരുവനന്തപുരത്തേക്ക് എത്തിയ കെ വി തോമസ് ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

പാര്‍ട്ടി വിടുമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ എതിര്‍ പ്രചാരണത്തിന് പിന്നിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചിലരുണ്ടെന്ന പരാതിയാണ് കെവി തോമസിനുള്ളത്. സോണിയാ ഗാന്ധി നേരിട്ട് കെവി തോമസിനെ വിളിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും കെ വി തോമസുമായി ആശയവിനിമയം നടത്തിയിരുന്നു.

 

Top