അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടില്ല, എല്ലാത്തിനും മറുപടി നല്‍കും; മാത്യു കുഴല്‍നാടന്‍

കൊച്ചി: വിജിലന്‍സ് അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കിയതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാരിന് ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടില്ല. എല്ലാത്തിനും മറുപടി നല്‍കും. അന്വേഷണം പ്രഖ്യാപിച്ചതില്‍ അത്ഭുതം തോന്നുന്നില്ല. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സത്യസന്ധതയും സുതാര്യതയും തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. പ്രതിപക്ഷ നിരയില്‍ നിന്നും സര്‍ക്കാരിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ ശബ്ദമുയര്‍ത്തുന്ന മാത്യു കുഴല്‍നാടനെ മുളയിലേ നുള്ളനാണ് സര്‍ക്കാര്‍ നീക്കം. മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേടന്വേഷിക്കാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. നേരത്തെ പ്രതിപക്ഷ നേതാവിനെതിരെ ഉള്‍പ്പെടെ സര്‍ക്കാര്‍ വിജിലന്‍സിനെ ആയുധമാക്കിയിരുന്നു. മാത്യുവിനെതിരെയും അതേ വഴിയിലാണ് സര്‍ക്കാര്‍ നീക്കം.

മാത്യു സര്‍ക്കാരിന്റെ കണ്ണിലെ കരട് ആവുന്നത് മാസപ്പടി വിവാദവും, മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ നിരന്തരമായ ആരോപണമുന്നയിക്കലും കൊണ്ടാണ്. നിയമസഭയില്‍ പ്രതിപക്ഷം സംസാരിക്കേണ്ട എന്ന് തീരുമാനിച്ച മാസപ്പടി വിഷയവും, ഒറ്റയ്ക്ക് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. ഇതിന് തൊട്ടു പിന്നാലെയാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ രംഗത്ത് എത്തുന്നത്.

മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിക്കലും കള്ളപ്പണം വെളുപ്പിക്കലും നടത്തി എന്നായിരുന്നു ആരോപണം. ആ ആരോപണത്തിന്മേലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമെടുത്തതും, ഒടുവില്‍ അതിന് ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കിയതും.

Top