സബ് കളക്ടറുടെ ശുപാര്‍ശ അഡ്വ.ജനറലിന്റെ ഓഫീസ് തള്ളി !

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യേണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്.കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണുരാജ് നല്‍കിയ ശുപാര്‍ശ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തള്ളി. മൂന്നാറില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ശുപാര്‍ശ ചെയ്തത്.

കേസില്‍ തുടര്‍നടപടികള്‍ ലഘൂകരിക്കാനുള്ള നീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് ഭരണകക്ഷി എംഎല്‍എയായ എസ് രാജേന്ദ്രനുള്‍പ്പടെ ഇടപെട്ട സംഭവമായതിനാല്‍ കോടതിയില്‍ കടുത്ത നിലപാടെടുക്കേണ്ടെന്നാണ് എജിയുടെ തീരുമാനമെന്ന് ആരോപണമുയരുന്നുണ്ട്.

മുതിരപ്പുഴയാറിന്റെ തീരത്ത് നടത്തിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഹര്‍ജി നല്‍കാമെന്നാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സബ് കളക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിയമോപദേശം. ഇപ്പോഴുണ്ടായ നിയമലംഘനങ്ങളെല്ലാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. തുടര്‍നടപടികളെന്ത് വേണമെന്ന കാര്യം ഹൈക്കോടതി തീരുമാനിക്കട്ടെയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

Top