‘ഹിമാചലിലെ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിക്കും’; അശോക് ഗെഹ്‍ലോട്ട്

ഹിമാചൽ പ്രദേശിലെ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. കോൺഗ്രസിന് ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെയുണ്ട്. കോൺഗ്രസ് ജയിക്കുമെന്ന് ബിജെപിയും തിരിച്ചറിഞ്ഞുകഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്ര ബിജെപിയെ പരിഭ്രാന്തരാക്കിയിരിക്കുന്നു എന്നും ഗെഹ്‍ലോട്ട് പറഞ്ഞു.

അതേസമയം ഹിമാചലില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. ഭരണ തുടർച്ച ബിജെപി പ്രതീക്ഷിക്കുമ്പോൾ ഭരണ വിരുദ്ധ വികാരം, ബിജെപിയിലെ വിമത നീക്കം എന്നിവ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വൈകീട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്.

56 ലക്ഷം മാത്രം ജനസംഖ്യയുള്ള സംസ്ഥാനത്തെ ഓരോ വോട്ടും നിർണായകമാണ്. 68 മണ്ഡലങ്ങളിൽ 15 എണ്ണത്തിൽ അതിശക്തമായ പോരാട്ടമാണ്. ഭരണം പിടിക്കാൻ അനുകൂലമായ അന്തരീക്ഷം, പുതിയ അധ്യക്ഷന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്നിങ്ങനെ കോൺഗ്രസിന് വിജയം അനിവാര്യമാണ്. പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം.

പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുടെ സംസ്ഥാനം കൂടി ആയതിനാൽ ബി ജെ പിക്ക് വിജയം അത്യാവശ്യമാണ്. ഭരണ വിരുദ്ധ വികാരം, പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ എന്നിവ ശക്തമായതിനാൽ അവസാന ദിവസങ്ങളിൽ ഏകീകൃത സിവിൽ കോഡ് ശക്തമായി തന്നെ ബിജെപി ഉയർത്തിക്കാട്ടി. സർവെ ഫലങ്ങൾ നേരിയ മുൻതൂക്കം ബിജെപിക്ക് നൽകുന്നുണ്ട്. ഡിസംബർ 8 നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.

Top