ഇന്ത്യയെ വന്‍ സൈനിക ശക്തിയാക്കും; ഏഴ് പ്രതിരോധ കമ്പനികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ദില്ലി: പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഏഴ് പുതിയ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കമ്പനികള്‍ ഇന്ത്യയുടെ സൈനിക ശേഷിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രതിരോധ രംഗത്ത് വലിയ മാറ്റത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 41 ഓര്‍ഡനന്‍സ് ഫാക്ടറികളുടെ നവീകരണവും ഈ ഏഴ് കമ്പനികളുടെ ആരംഭവും ആ യാത്രയുടെ ഭാഗമാണെന്നും മോദി പറഞ്ഞു. വളര്‍ച്ചയാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും മോദി പറഞ്ഞു.

മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ്, ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ്, അഡ്വാന്‍സ്ഡ് വെപണ്‍സ് ആന്റ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫര്‍ട്‌സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്റ്റല്‍ ലിമിറ്റഡ്, ഗ്ലൈഡേര്‍സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് പുതുതായി രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ട കമ്പനികള്‍. രാജ്യത്തെ കര-വ്യോമ-നാവികാ സേനാ വിഭാഗങ്ങളില്‍ നിന്നും പാരാമിലിറ്ററി ഫോഴ്‌സുകളില്‍ നിന്നുമായുള്ള 65000 കോടി രൂപയുടെ 66 പുതിയ കരാറുകളാണ് ഈ കമ്പനികള്‍ക്ക് ആദ്യം കിട്ടുക.

ഇന്ത്യയിലെ ഓര്‍ഡനന്‍സ് ഫാക്ടറികളായിരുന്നു ഒരു കാലത്ത് ലോകത്തെ ഏറ്റവും ശക്തമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമഹായുദ്ധ കാലത്ത് ലോകം ഇന്ത്യയുടെ കരുത്തറിഞ്ഞു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം പ്രതിരോധ രംഗത്ത് പുതിയ കാല സാങ്കേതിക വിദ്യയ്ക്ക് അനുയോജ്യമായി മുന്നേറാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം തന്റെ സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് സുതാര്യത കൊണ്ടുവന്നതായി അദ്ദേഹം അവകാശപ്പെട്ടു. പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്താന്‍ സ്വകാര്യ മേഖലയും സഹായിക്കുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യകള്‍ നവീകരികേണ്ട സമയമാണിതെന്ന് ഓര്‍മ്മപ്പെടുത്തി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ പുതിയ ഏഴ് കമ്പനികള്‍ ശക്തിപ്പെടുത്തും. വികസനത്തിലും ഗവേഷണത്തിലുമാണ് കമ്പനികള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ആഗോള കമ്പനികളോട് മത്സരിക്കുക മാത്രമല്ല അവരെ മറികടക്കുകയും വേണമെന്ന് കമ്പനികളെ മോദി ഓര്‍മ്മിപ്പിച്ചു.

 

Top