കോഴിക്കോട് കമ്മീഷണർ തെറിക്കുമോ ? സമ്മർദ്ദം ശക്തമാക്കി സി.പി.എം ജില്ലാകമ്മറ്റി !

കോഴിക്കോട് : സി.പി.എമ്മും പൊലീസും നേർക്കുനേർ അണിനിരന്നതോടെ, കോഴിക്കോട് സിറ്റി കമ്മീഷണറെ സ്ഥലംമാറ്റുമെന്ന അഭ്യൂഹവും ശക്തം. കമ്മീഷണർ എ അക്ബറിനെ സ്ഥലം മാറ്റണമെന്ന ആവശ്യം സി.പി.എം കോഴിക്കോട് ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടതായാണ് സൂചന. സി.പി.എം സംസ്ഥാന നേതൃത്വത്തെയും ജില്ലാഘടകം വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് വേട്ടയാടുന്നതായാണ് സി.പി.എം ആരോപിക്കുന്നത്. ഇതിന് നേതൃത്വം കൊടുക്കുന്നത് സിറ്റി പൊലീസ് കമ്മീഷണറാണ് എന്ന് പരസ്യമായി തന്നെ സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററും തുറന്നടിച്ചിട്ടുണ്ട്.

പൊലീസ് നടപടി ശക്തമാക്കിയതോടെ ഓണത്തിനു തൊട്ട് മുൻപ് പ്രതിപ്പട്ടികയിലുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം ഉൾപ്പെടെയുള്ളവർ കീഴടങ്ങിയിരുന്നു.എന്നാൽ പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഏഴ് മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായിട്ടില്ല. പ്രതികൾ സഹകരിക്കാത്തതിനാൽ തെളിവെടുപ്പും നടന്നിട്ടില്ല. ഇതുമൂലം സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും പൊലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതോടെ കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും പൊലീസിന് കോടതിയിൽ ഹാജരാക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. പൊലീസിനോട് സഹകരിക്കേണ്ട എന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് പ്രതികൾ ഇങ്ങനെ പെരുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സി.പി.എം ഭരണത്തിൽ കൂടുതൽ ‘സാഹസം’ കാട്ടിയാൽ ‘പണി’ കിട്ടുമെന്ന് ഭയം ജൂനിയർ ഉദ്യോഗസ്ഥൻമാർക്കുണ്ടെങ്കിലും കമ്മീഷണർ ശക്തമായ നിലപാടിൽ തന്നെയാണ്. ഇതോടെ ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ സിറ്റിയിലെ പൊലീസ്. അതേസമയം പൊലീസിന്റെ ജോലി നിഷ്പക്ഷമായും കൃത്യമായി ചെയ്യാൻ പറ്റാത്തവർ ജോലിക്ക് വരേണ്ടതില്ലന്ന നിലപാടിലാണ് കമ്മീഷണർ. സ്ഥലം മാറ്റുന്നെങ്കിൽ മറ്റട്ടെ എന്നത് തന്നെയാണ് നിലപാട്. സി.പി.എമ്മും കമ്മീഷണർക്കെതിരെ നിലപാട് കൂടുതൽ കടുപ്പിച്ചിട്ടുണ്ട്.

അറസ്റ്റിന് വഴങ്ങാത്ത അവശേഷിക്കുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഈർജ്ജിതമാക്കിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. “കേരളത്തിലേത് മികച്ച പൊലീസ് മാതൃകയാണെങ്കിലും ചില ഉദ്യോഗസ്ഥർ അതിന് എതിരാണെന്നാണ് ” സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ വിമര്‍ശിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. എന്നാൽ ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണ് സിറ്റി പൊലീസ് കമ്മീഷണറെ പരാമർശിച്ച് പി മോഹനന്‍ തുറന്നടിച്ചിരിക്കുന്നത്. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ലെന്നാണ് ആക്ഷേപം.

ഒളിവിൽ കഴിയുന്ന പ്രതിയുടെ ഗ‍ർഭിണിയായ ഭാര്യയെ ഭീഷണിപ്പെടുത്തിയതും പ്രതിയെ സഹായിച്ചു എന്ന് കരുതുന്ന ഡോക്ടറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്.

സിറ്റി പൊലീസ് കമ്മീഷണർ എ അക്ബറിനെതിരെ ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി വിമർശനമുന്നയിച്ചത് ആഭ്യന്തര വകുപ്പിന് ശരിക്കും തലവേദനയായിട്ടുണ്ട്. അക്ബറിനെ സ്ഥലം മാറ്റിയാൽ അത് പൊലീസ് സേനയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമാകുമെന്ന ആശങ്കയും സർക്കാറിനുണ്ട്. ഐ.പി.എസ് അസോസിയേഷനും ശക്തമായ നിലപാടിലേക്ക് പോകാനും സാധ്യതയുണ്ട്. പ്രതിപക്ഷവും മാധ്യമങ്ങളും അത്തരം നീക്കമുണ്ടായാൽ ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യും. രണ്ടു വർഷം തികയാതെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയാൽ അത് ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താലും വെട്ടിലാകുക സർക്കാറാണ്. സുപ്രീം കോടതി മുൻപ് പുറപ്പെടുവിച്ച ഉത്തരവിൽ മതിയായ കാരണങ്ങളില്ലാതെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും കമീഷണറെ മാറ്റിയില്ലങ്കിൽ അത് സി.പി.എമ്മിലും ശക്തമായ പ്രതിഷേധത്തിനാണ് കാരണമാകുക. കമ്മീഷണർ പറയുന്ന കാര്യങ്ങൾ കേൾക്കുന്നില്ല എന്ന പരാതിയാണ് പ്രധാനമായും സി.പി.എം ജില്ലാ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാന പൊലീസിലെ കർക്കശക്കാരനായ ഐ.പി.എസ് ഓഫീസറായാണ് കോഴിക്കോട് കമീഷണർ അക്ബർ അറിയപ്പെടുന്നത്. തൃശൂർ ഡി.ഐ.ജി ആയിരിക്കെയാണ് അദ്ദേഹത്തെ കോഴിക്കോട് കമ്മീഷണറായി മാറ്റി നിയമിച്ചിരുന്നത്. അക്ബറിനെ മാറ്റിയാൽ നിലവിലെ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ നായർക്കും സാധ്യതയുണ്ട്.

Top