കറുത്ത കുപ്പായം ഊരി, ഇനി രാഷ്ട്രീയം; മുന്‍ ചീഫ് ജസ്റ്റിസ് ബിജെപി വഴിയിലേക്ക് തിരിയുമോ?

ന്ത്യയുടെ പരമോന്നത കോടതിയുടെ കസേരയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പാര്‍ലമെന്റില്‍ ഒരു കൈ പയറ്റാനുള്ള ഒരുക്കത്തിലാണ്. കറുത്ത കുപ്പായം ഊരിയ മുന്‍ ചീഫ് ജസ്റ്റിസ് ഇനി രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയും. അപ്രതീക്ഷിതമായാണ് രാഷ്ട്രപതിയുടെ നോമിനിയായി രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ നിര്‍ദ്ദേശിച്ചതായി വാര്‍ത്ത പുറത്തുവന്നത്. മറ്റൊരു അഭിഭാഷകന്‍ കെടിഎസ് തുള്‍സി വിരമിക്കുന്ന ഒഴിവിലാണ് അദ്ദേഹത്തിന്റെ രംഗപ്രവേശനം.

മുന്‍പ് കാണാത്ത പല നാടകീയ സംഭവങ്ങളും രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്ന കാലയളവില്‍ അരങ്ങേറി. 2018ല്‍ ജനുവരിയില്‍ മുന്‍പൊരിക്കലും കാണാത്ത തരത്തില്‍ നാല് ജഡ്ജിമാര്‍ അസാധാരണ പത്രസമ്മേളം വിളിച്ചുചേര്‍ത്തപ്പോഴും ഗൊഗോയി അവരില്‍ ഒരാളായിരുന്നു. സുപ്രീംകോടതി വിട്ടുവീഴ്ചകള്‍ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ജഡ്ജിമാര്‍ അന്ന് അസാധാരണ നടപടി സ്വീകരിച്ചത്.

ഇതിന് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റ രഞ്ജന്‍ ഗൊഗോയി 2018 നവംബര്‍ 26ന് ഭരണഘടനാ ദിനത്തില്‍ ബംഗ്ലാദേശ്, ഇന്ത്യന്‍, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് സാമ്പത്തിക സഹകരണ രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്കായി സംഘടിപ്പിച്ച വിരുന്നിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റഫാല്‍ കരാറില്‍ കേസുകള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു ആ അസാധാരണ സന്ദര്‍ശനം.

റഫാല്‍ ഹര്‍ജികളില്‍ സുപ്രീംകോടതി മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ആസാമിലെ എന്‍ആര്‍സി, അയോധ്യ ഭൂമിതര്‍ക്ക കേസ് തുടങ്ങിയ പരിഗണിക്കാനും ഗൊഗോയി കസേരയിലുണ്ടായിരുന്നു. ബിജെപി രാഷ്ട്രീയത്തിന് പ്രചോദനമേകിയ പ്രഖ്യാപനങ്ങള്‍ വിധിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭയില്‍ എത്തുമ്പോള്‍ സര്‍ക്കാരിന് ആയുധമായി മാറുമെന്നാണ് കരുതുന്നത്.

ഇനി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ബിജെപിയില്‍ ഔദ്യോഗികമായി ചേരുമോ? നിയമപ്രകാരം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത അംഗത്തിന് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതില്‍ തടസ്സമില്ല. പ്രഖ്യാപനം ആറ് മാസത്തിനകം നല്‍കണം. നിലവിലെ രാജ്യസഭാ അംഗങ്ങളില്‍ 12 പേരാണ് നോമിനേറ്റ് ചെയ്തവര്‍. ഇതില്‍ നാലു പേരൊഴികെ ബാക്കിയുള്ളവര്‍ രാഷ്ട്രീയമുള്ളവരാണ്. മുന്‍പ് രണ്ട് വട്ടം വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ രാജ്യസഭയിലെത്തിയത് കോണ്‍ഗ്രസ് ഭരണകാലത്താണ്.

Top