ഭീകരരെ വധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോ; വിമര്‍ശനവുമായി മോദി

കുശിനഗര്‍: ആയുധങ്ങളുമായി ആക്രമിക്കാന്‍ വരുന്ന ഭീകരവാദികെളെ നേരിടുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ സൈന്യത്തിന് ആവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ഭീകരവാദികളെ കൊലപ്പെടുത്തിയതിനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈ സമയത്ത് അവരെ വെടിവെക്കാന്‍ നമ്മുടെ ജവാന്മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്. അക്രമകാരികള്‍ക്കെതിരെ സൈന്യംവെടിയുതിര്‍ക്കുന്നതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ട്- ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

അതേസമയം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് മോദി നടത്തിയ വെളിപ്പെടുത്തല്‍ ബിജെപിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. കാര്‍മേഘം ബാലക്കോട് ആക്രമണത്തിന് പോകുന്ന ഇന്ത്യന്‍ വിമാനങ്ങളെ റഡാറുകളില്‍ നിന്ന് മറക്കും എന്ന് താന്‍ ഇന്ത്യന്‍ സേനയ്ക്ക് ഉപദേശം നല്‍കിയെന്നായിരുന്നു മോദി പറഞ്ഞത്.

തനിക്ക് ഈ ശാസ്ത്രം അറിയില്ല എന്നു പറഞ്ഞായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. ആക്രമണം നടത്താന്‍ നിശ്ചയിച്ചിരുന്ന ആ ദിവസം 9-9.30 സമയത്ത് താന്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി. 12 മണിക്ക് വീണ്ടും പരിശോധിച്ചു. അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്തിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. ഈ കാലാവസ്ഥയില്‍ എന്തു ചെയ്യുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെട്ടു. വ്യോമാക്രമണം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ തന്റെ മനസില്‍ രണ്ടു കാര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് രഹസ്യാത്മകത. രണ്ട് താന്‍ ഈ ശാസ്ത്രം അറിയുന്ന ആളല്ല. എന്നാല്‍ ഈ മേഘങ്ങളും മഴയും നമുക്ക് ഗുണം ചെയ്യുമെന്ന് എനിക്കു തോന്നി. ഇന്ത്യന്‍ വിമാനങ്ങളെ റഡാറില്‍നിന്നു മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നായിരുന്നു തന്റെ തോന്നല്‍. എല്ലാവര്‍ക്കും എന്തു ചെയ്യുമെന്ന് ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ താന്‍ പറഞ്ഞു. കുഴപ്പമില്ല, മേഘങ്ങളുണ്ട്. നമുക്ക് ആരംഭിക്കാം എന്ന്. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത് എന്നായിരുന്നു മോദി പറഞ്ഞത്.

മോദി പ്രസംഗം നടത്തിയതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ തീരുമാനം എന്ന സന്ദേശത്തോടെ ബിജെപി ദേശീയ നേതൃത്വം അഭിമുഖത്തിന്റെ വിവരങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും ട്വീറ്റ് ചെയ്തു.

അതിനുശേഷമാണ് സംഭവങ്ങള്‍ ബിജെപിയുടെ കൈവിട്ട് പോയത്. ട്വീറ്റ് പുറത്തു വന്നതിന് പിന്നാലെ മോദിയുടെ മണ്ടത്തരത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പോസ്റ്റിനെതിരെ വ്യാപകമായി പരിഹാസവും വിമര്‍ശനവും ട്വീറ്റ് ചെയ്യപ്പെട്ടു.റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നായിരുന്നു ചിലരുടെ ചോദ്യം. സംഭവത്തെ പരിഹസിച്ച് നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.

Top