ഗൂഗിള്‍ വഴിവിട്ട രീതികള്‍ കൈക്കൊണ്ടുവോ? ഇന്റര്‍നെറ്റിന്റെ ഗതി നിര്‍ണയിക്കാന്‍ ജഡ്ജി അമിത് മേത്ത

സേര്‍ച്ചില്‍ ഒന്നാം സ്ഥാനത്തു തുടരാന്‍ ഗൂഗിള്‍ വഴിവിട്ട രീതികള്‍ കൈക്കൊണ്ടു എന്ന ആരോപണം വ്യക്തമായ ആന്റിട്രസ്റ്റ് നീക്കത്തിന്റെ ബാക്കി പത്രമാകുന്നു. പ്രതിയായ ഗൂഗിള്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോടാണ്. ഡിസ്ട്രിക്ട് ജഡ്ജി അമിത് മേത്തയുമായി പത്ത് ആഴ്ചത്തെ വാദമാണ് നടക്കുന്നത്. സേര്‍ച്ചിലെ തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താനായി ഗൂഗിള്‍ വഴിവിട്ട രീതികള്‍ കൈക്കൊണ്ടന്ന് അദ്ദേഹം വിധിച്ചാല്‍ ഇന്റര്‍നെറ്റ് സേര്‍ച്ചിന്റെ ഗതി പൂര്‍ണ്ണമായും മാറിയേക്കുമൈന്ന് അസോഷ്യേറ്റഡ് പ്രസ് (എപി) പറയുന്നു.

ഇതോടെ ഓണ്‍ലൈനില്‍ ഒട്ടനവധി പുതിയ മേഖലകള്‍ ഉപയോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും തുറന്നുകിട്ടുമെന്നും എപി എഴുതുന്നു. വിവരാന്വേഷികള്‍ക്കും വിനോദാസ്വാദകര്‍ക്കും വാണിജ്യ മേഖലയ്ക്കും ഇത് പുത്തന്‍ ദിശകള്‍ സമ്മാനിക്കും. ഗൂഗിള്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന തടയണകള്‍ തുറന്നുവിടാന്‍ ജഡ്ജി ആവശ്യപ്പെട്ടാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും തേഡ്പാര്‍ട്ടി എതിരാളികള്‍ക്കും അത് ചാകരയാകും. ഗൂഗിള്‍ കടുത്ത വെല്ലുവിളികള്‍ നേരിടും. ”അതോടെ ഇന്റര്‍നെറ്റ് കൂടുതല്‍ മികച്ച നിലവാരത്തിലേക്കു പോകും” – യെല്‍പ് ആപ്പിന്റെ പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് ലൂതര്‍ ലൊവ് പറയുന്നു. ഗൂഗിളിന്റെ ഏറ്റവും കടുത്ത വിമര്‍ശകരിലൊരാളാണ് യെല്‍പ്. തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ക്ക് അനുകൂലമാക്കാനായി എവിടെയും ‘തലയിടുന്ന’ ഗൂഗിളിന്റെ സ്വഭാവത്തെ മറ്റു കമ്പനികളും വിമര്‍ശിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായിരുന്ന മൈക്രോസോഫ്റ്റിന് അമേരിക്ക മൂക്കുകയറിട്ടതിന്റെ ഫലമായാണ് നാമിന്ന് ഗൂഗിള്‍, ഫെയ്സ്ബുക് തുടങ്ങിയ കമ്പനികളെ കാണുന്നതു തന്നെ. ബില്‍ ഗേറ്റ്സ് സ്ഥാപിച്ച കമ്പനി പ്രഭാവത്തോടെ മുന്നേറുന്ന കാലത്തായിരുന്നു ലാറി പേജ്, സെര്‍ഗെയ് ബ്രിന്‍ എന്നീ രണ്ടു ചെറുപ്പക്കാര്‍ ഗൂഗിള്‍ തുടങ്ങിയിരുന്നതെങ്കില്‍, അത് മൈക്രോസോഫ്റ്റ് വാങ്ങി വിന്‍ഡോസിനൊപ്പം ചേര്‍ത്തേനെ. ഫെയ്സ്ബുക്കിനും ആ ഗതി വന്നേനെ. കുത്തക നിലനിര്‍ത്തുകയാണ് മൈക്രോസോഫ്റ്റ് എന്ന് ആരോപിച്ച്, അമേരിക്ക ആന്റിട്രസ്റ്റ് വാദം തുടങ്ങിയത് 2001 ഫെബ്രുവരി 26 നാണ്. മൈക്രോസോഫ്റ്റിനെതിരെയുള്ള വിധി വന്നത് ആ വര്‍ഷം ജൂണ്‍ 28നും. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഗൂഗിളിന്റെ കാര്യത്തിലുമുള്ളത്. അതായത്, ഇനി മേത്തയുടെ കൈകളിലാണ് ഗൂഗിളിന്റെ ഭാവി.

ഗൂഗിള്‍-ആപ്പിള്‍ ഇടപാടിനെതിരെ മേത്ത വിധി പറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത് ഗൂഗിളിന് ക്ഷീണം ചെയ്തേക്കില്ല. കാരണം ആര്‍ക്കും തിരിച്ച് ഗൂഗിളിനെ ഡീഫോള്‍ട്ട് സെര്‍ച്ച് എന്‍ജിനാക്കാം. കേസിലെ വാദത്തിനിടയില്‍ കോടതിയില്‍ ഹാജരായ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല പറഞ്ഞത് പലര്‍ക്കും ഗൂഗിള്‍ ഒഴിച്ചു കൂടാനാകാത്ത ശീലമായിക്കഴിഞ്ഞു എന്നാണ്. ”നിങ്ങള്‍ രാവിലെ ഉണരുന്നു, പല്ലു തേക്കുന്നു, ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുന്നു” – നദെല പറഞ്ഞു. അതേസമയം, ഡീഫോള്‍ട്ട് സേര്‍ച്ചിന് പണം നല്‍കരുതെന്ന വിധി വന്നില്ലെങ്കില്‍ തങ്ങള്‍ ബിങ്ങിനു പണം നല്‍കി ആ സ്ഥാനം നേടുമെന്നും നദെല കൂട്ടിച്ചേര്‍ത്തു. സേര്‍ച്ചിന്റെ കാര്യത്തിലാണ് വാദം നടക്കുന്നതെങ്കിലും, കേസില്‍ സര്‍ക്കാരിനാണു വിജയമെങ്കില്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഉദാഹരണത്തിന്, ആപ്പിള്‍ സൃഷ്ടിച്ചെടുത്ത ടെക്നോളജി പരിസ്ഥിതിക്കെതിരെ ആയേക്കാം അടുത്ത വാളോങ്ങല്‍ എന്നും കരുതപ്പെടുന്നു.

Top