സിദ്ദുവിനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരേയും പോകും; അമരീന്ദര്‍സിംഗ്

അമൃത്‌സര്‍: പഞ്ചാബില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസിസി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നവ്‌ജ്യോത് സിംഗ് അപകടകാരിയാണെന്ന് അമരീന്ദര്‍ സിംഗ് ആരോപിച്ചു. സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

സിദ്ദു അധികാരത്തിലെത്തുന്നത് രാജ്യത്തിന് തന്നെ അപകടമാണെന്ന് അഭിപ്രായപ്പെട്ട അമരീന്ദര്‍ സിംഗ് തനിക്ക് രാജിവച്ച് പുറത്ത് പോകേണ്ടിവന്നതിലെ ദു:ഖവും മറച്ചുവച്ചില്ല. മൂന്നാഴ്ച മുന്‍പ് താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് രാജിസന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ സ്ഥാനത്ത് തുടരാനാണ് അവര്‍ ആവശ്യപ്പെട്ടത്. തനിക്ക് മക്കളെപ്പോലെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. എന്നാലും ഇത് ഇങ്ങനെയായിരുന്നില്ല അവസാനിക്കേണ്ടിയിരുന്നതെന്നും, അവരെ ഉപദേശികള്‍ തെറ്റായ വഴിക്കാണ് നയിച്ചതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനാണെന്ന് വ്യക്തമാക്കിയ അമരീന്ദര്‍ സിദ്ദുവിന് പാകിസ്ഥാനുമായി വ്യക്തമായി ബന്ധമുണ്ടെന്നും അത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും വ്യക്തമാക്കി. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരെ ഏതറ്റം വരെയും പോകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദു ജയിക്കാതിരിക്കാന്‍ പല്ലും നഖവും ഉപയോഗിച്ച് താന്‍ പ്രയത്‌നിക്കും. മന്ത്രിയായിരുന്ന കാലത്ത് സ്വന്തം വകുപ്പ് പോലും നല്ല നിലയ്ക്ക് കൊണ്ടുപോകാന്‍ സാധിക്കാതിരുന്ന സിദ്ദുവിന് എങ്ങനെ ഒരു ക്യാബിനറ്റിനെ നയിക്കാന്‍ സാധിക്കുമെന്നറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Top