അധികാരത്തിലെത്തിയാല്‍ 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ ഒഴിവുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലികളില്‍ നിയമനം നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ട്വിറ്ററിലൂടെയാണ് രാഹുല്‍ വാഗ്ദാനം നടത്തിയത്. ഇന്ന് 22 ലക്ഷം സര്‍ക്കാര്‍ പോസ്റ്റുകളാണ് ഒഴിവ് വന്ന് കിടക്കുന്നത്. ഈ ഒഴിവുകള്‍ 2020 മാര്‍ച്ച് 31 ഓടെ ഞങ്ങള്‍ നികത്തും. ആരോഗ്യ പരിരക്ഷക്കും വിദ്യാഭ്യാസത്തിനുമുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈമാറും. ഒഴിവ് വരുന്ന പോസ്റ്റുകളിലെല്ലാം നിയമനം നടത്തുമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

രാജ്യത്ത് മോദി ഭരണകാലത്ത് തൊഴിലില്ലായ്മ വലിയ രീതിയില്‍ വര്‍ധിച്ചെന്നുള്ള വിമര്‍ശനത്തിന്റെ ചുവട് പിടിച്ചാണ് രാഹുലിന്റെ തൊഴില്‍ വാഗ്ദാനം.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്.

ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

Top