ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല, പ്രോസിക്യൂഷന്‍ അനുമതിയെ നേരിടും

തിരുവനന്തപുരം: പ്രോസിക്യൂഷന്‍ അനുമതിയെ നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍.

‘ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല ഞാന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുന്ന ആളുമല്ല. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് അറിയില്ല. ഇതേക്കുറിച്ച് തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ല. കിട്ടിയാല്‍ അതിന്റെതായ നിലയില്‍ നേരിടും’-സെന്‍കുമാര്‍ പറഞ്ഞു.

പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ.ഐ.ജി. വി. ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെതിരേ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സെന്‍കുമാറും ഗോപാല്‍ കൃഷ്ണനും തമ്മില്‍ വര്‍ഷങ്ങളായി അഭിപ്രായ ഭിന്നതകളുണ്ട്. സെന്‍കുമാറിനെതിരേ നിയമനടപടിക്ക് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ ഗോപാല്‍ കൃഷ്ണന്‍ സര്‍ക്കാരിനെ സമീപിക്കുകയാണ്. അനുമതി നല്‍കിയില്ല. 2012-ല്‍ വീണ്ടും അപേക്ഷ നല്‍കി. ഇതിനും അന്നത്തെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. ഈ പരാതിയാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചത്.

നിലവില്‍ സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയാണ് ഗോപാല്‍ കൃഷ്ണന്റെ പരാതി പരിഗണിക്കാന്‍ ഇടയായത്. സര്‍ക്കാരും സെന്‍കുമാറും തമ്മിലുള്ള പോരാട്ടമാണ് ഇതിന് പിന്നിലെന്നാണ് സൂചന. പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാറിനെതിരേ തുടര്‍നടപടികള്‍ക്കായി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് വി. ഗോപാല്‍ കൃഷ്ണന്‍.

Top