നിയമപരമായി നേരിടും; ഭ്രമയുഗം വ്യാജ പ്രിന്റുകള്‍ പ്രചരിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് രാഹുല്‍ സദാശിവന്‍

റിലീസ് ചെയ്ത് ഒരുദിവസം പിന്നിടുമ്പോള്‍ ഭ്രമയുഗത്തിന്റെ വ്യാജ പ്രിന്റുകള്‍ ടെലിഗ്രാമില്‍ പ്രചരിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ‘വ്യാജപതിപ്പ് ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ല. ആളുകള്‍ പറഞ്ഞാണ് ഇക്കാര്യം അറിയുന്നത്. ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ നിയമപരമായി നേരിടുമെന്ന്’ രാഹുല്‍ സദാശിവന്‍.

ഇന്നലെയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഭ്രമയുഗം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. പ്രിന്റ് ഫിലിം എന്ന ഐഡിയില്‍ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ഈ മാസം ഒമ്പതിന് തിയേറ്ററുകളില്‍ എത്തിയ പ്രേമലു, ടോവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളുടെയും യാത്ര – 2 എന്ന തമിഴ് ചിത്രത്തിന്റെയും വ്യാജ പതിപ്പും ടെലിഗ്രാമില്‍ പ്രചരിക്കുന്നുണ്ട്.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഭ്രമയുഗത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന കഥാപാത്രത്തില്‍ എത്തുന്നത് അര്‍ജുന്‍ അശോകനാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Top