ഇ.പി ജയരാജന് ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയേണ്ടി വരും ?

തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണത്തിൽ സി.പി.എം അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, പിന്നെ അദ്ദേഹത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ ബുദ്ധിമുട്ടാകും. അത്തരമൊരു സാഹചര്യത്തിൽ മുന്നണി നേതൃസ്ഥാനം ഇ.പി സ്വയം ഒഴിയുകയോ, അതല്ലങ്കിൽ സി.പി.എം നേതൃത്വം ഇടപെട്ട് മാറി നിൽക്കാൻ നിർദ്ദേശിക്കുകയോ ചെയ്യുമെന്നാണ് സൂചന. സി.പി.ഐ ഉൾപ്പെടെയുള്ള ഘടക കക്ഷികൾക്കും സമാന അഭിപ്രായമാണ് ഉള്ളതത്രെ.

ഇടതു മുന്നണിക്ക് നേതൃത്വം നൽകുന്ന വ്യക്തി സംശയത്തിന് അതീതനാകണം എന്ന നിലപാടാണ് പൊതുവെയുള്ളത്. ഇടതു മുന്നണി കൺവീനർ സ്ഥാനം സി.പി.എമ്മിന് അവകാശപ്പെട്ടത് ആയതിനാൽ അന്തിമ തീരുമാനവും സി.പി.എമ്മിന്റേത് മാത്രമാകും.

ആയുർവേദ റിസോർട്ടു വിവാദത്തിൽ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജൻ രേഖാമൂലം പരാതി നൽകുന്നതോടെ, ഇക്കാര്യത്തിൽ സി.പി.എമ്മിന് അന്വേഷണം നടത്താതിരിക്കാൻ കഴിയുകയില്ല. സി.പി.എമ്മിന്റെ സംഘടനാ രീതിയും അതാണ്. പാർട്ടി അച്ചടക്കം സാധാരണ പാർട്ടി അംഗം മുതൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വരെ ഒരു പോലെ ബാധകമാണ്. മുൻപ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്കെതിരെ വരെ നടപടി സ്വീകരിച്ച പാർട്ടിയാണ് സി.പി.എം. അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിൽ എത്തിയതോടെ, പാർട്ടി സ്ഥാപക നേതാവ് വി.എസ് അച്ചുതാനന്ദനും പിണറായിക്കും എതിരെ നടപടി സ്വീകരിച്ചതും സി.പി.എമ്മിന്റെ സംഘടനാ രീതി എത്രമാത്രം കർക്കശമാണ് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ്. അതു കൊണ്ടു തന്നെ ഇ.പി ജയരാജന് എതിരെയും അന്വേഷണം ഉണ്ടാകാൻ തന്നെയാണ് സാധ്യത. ഇ.പി ജയരാജൻ കേന്ദ കമ്മറ്റി അംഗമായതിനാൽ, നിർണ്ണായക തീരുമാനം സി.പി.എം പി.ബിയും കേന്ദ്ര കമ്മറ്റിയുമാണ് സ്വീകരിക്കുക. പരാതി നൽകുന്നത് സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാണ് എന്നത് പരാതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

ഇ പി ജയരാജൻ കൺവീനർ സ്ഥാനത്ത് നിന്നും മാറിയാൽ എ.കെ ബാലൻ, ടി.പി രാമകൃഷ്ണൻ , തോമസ് ഐസക് , എളമരം കരീം, ശൈലജ ടീച്ചർ എന്നീ നേതാക്കളിൽ ആരെങ്കിലും പകരം കൺവീനർ ആകാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാകും.

പുതിയ സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടശേഷം ഇ.പി ജയരാജൻ പാർട്ടി – മുന്നണി പരിപാടികളിൽ അത്ര സജീവമല്ല. ആരോഗ്യപരമായ കാര്യമാണ് കാരണമായി പറയുന്നതെങ്കിലും, സീനിയറായ തന്നെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന്റെ അതൃപ്തിയാണ് ഈ വിട്ടു നിൽക്കലെന്നാണ് , ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇങ്ങനെ നീണ്ട ഇടവേള എടുക്കുന്നത് ഇടതു മുന്നണിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതും , ഇ.പിക്ക് പകരക്കാരനെ കണ്ടെത്താൻ സി.പി.എമ്മിനെ നിർബന്ധിതമാക്കുന്നതാണ്.

നിലവിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ പി.കെ.ശ്രീമതി കഴിഞ്ഞാൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനാണ് സെക്രട്ടറിയും ്് പിബി അംഗവും ആകുക എന്നാണ് കരുതപ്പെട്ടിരുന്നത്. 2005ലെ ഡൽഹി പാർട്ടി കോൺഗ്രസിലാണ് ജയരാജൻ കേന്ദ്രകമ്മിറ്റി അംഗമായത്. 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലാണ് ഗോവിന്ദൻ കേന്ദ്രകമ്മിറ്റിയിൽ ഇടംപിടിച്ചത്.

ഒക്ടോബർ ആറിന് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ച ഇ.പി.ജയരാജൻ അക്കാലയളവിൽ ചികിത്സ നടത്തി. തുടർന്നും വിശ്രമം വേണം എന്നു ചൂണ്ടിക്കാട്ടി അവധിയിൽ തുടരുകയാണ് ഉണ്ടായത്. ഇടക്കാലത്ത് ഒരു സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തുക മാത്രമാണ് ഉണ്ടായത്. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്ന സൂചന ഉണ്ടായെങ്കിലും വിട്ടു നിന്നു. കൺവീനറുടെ അസാന്നിധ്യത്തിൽ ഇടതുപക്ഷ മുന്നണി യോഗം തന്നെ വിളിച്ചു ചേർക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്

കൂട്ടായ നേതൃത്വം എന്ന പാർട്ടി രീതിയെയാണ് വിട്ടു നിൽക്കുന്നതിലൂടെ ഇപി ചോദ്യം ചെയ്യുന്നുവെന്ന വികാരം സി.പി.എം നേതൃത്വത്തിൽ ഉണ്ട്. ഇതിനിടെയാണ് പി.ജയരാജൻ അദ്ദേഹത്തിനെതിരെ പാർട്ടി വേദിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കണ്ണൂരിലെ റിസോർട്ട് നിർമാണത്തോട് ആദ്യം മുതൽ എതിർപ്പ് ഉണ്ടായിരുന്ന രണ്ടു നേതാക്കളാണ് എം.വി ഗോവിന്ദനും പി.ജയരാജനും. പാർട്ടി അണികളുടെ വികാരവും അതു തന്നെയാണ്. ഗോവിന്ദന്റെ സ്വന്തം മൊറാഴ ലോക്കൽ കമ്മിറ്റിയിൽ നിന്നാണ് ആദ്യത്തെ പരാതി പാർട്ടിക്കു പോകുന്നതെന്നതും ശ്രദ്ധേയമാണ്.
ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്.
വ്യവസായി കെപി രമേശ് കുമാറുമായി ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന രേഖകൾ.

2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. പിന്നീട് കൂടുതൽ പേർ വന്നു. ഇ.പി ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയും മകൻ പി.കെ.ജയ്സണും ഉൾപ്പെടെ 11 പേർ അടങ്ങിയ ബോർഡ് ഓഫ് ഡയറക്ടേഴ്സാണ് 11 ഏക്കറിലെ ആയുർവേദ റിസോർട്ട് നടത്തുന്നത്. മന്ത്രിയായിരിക്കെ 2021 ഏപ്രിൽ 28ന് ആണ് ഇ.പി.ജയരാജൻ റിസോർട്ട് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. കുന്നിടിച്ച് റിസോർട്ട് പണിതതിൽ നാട്ടുകാർ മാത്രമല്ല സി.പി.എം പ്രവർത്തകരും കട്ട കലിപ്പിലാണ്.

ഇതിനിടെ, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ഇ.പി ജയരാജൻ രംഗത്ത് വന്നിട്ടുണ്ട് പാർട്ടി ചോദിച്ചാൽ വിശദീകരണം നൽകുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Top