ശബരീനാഥിന്റെ ‘കൈവിട്ട കളിയിൽ’ ദിവ്യ എസ് അയ്യരും തെറിക്കുമോ… ?

ത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർക്ക് ഉടൻ സ്ഥാനചലനമുണ്ടാകുമോ ? മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കളക്ടറുടെ ഭർത്താവ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ഈ ചോദ്യത്തിന്റെയും പ്രസക്തി വർദ്ധിക്കുന്നത്. വിമാനത്തിൽ നടന്നത് കേവലം പ്രതിഷേധം മാത്രമല്ല മുഖ്യമന്ത്രിയെ ആക്രമിക്കാൻ നടത്തിയ ശ്രമമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. അതേ ഗൗരവത്തിൽ തന്നെയാണ് പൊലീസും കേസന്വേഷിക്കുന്നത്. യൂത്ത് കോൺഗ്രസ്സ് വാട്സ് ആപ്പ് ചാറ്റിലാണ് ശബരീനാഥിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ പുറത്തായിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മുൻ എം.എൽ.എ കൂടിയായ ശബരീനാഥിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതു സംബന്ധമായി നോട്ടീസും ശംഖുമുഖം എസിപി നൽകിയിട്ടുണ്ട്. വാട്സ് ആപ്പ് ചാറ്റ് സൈബർ പരിശോധനക്കും വിധേയമാക്കും. കുറ്റം തെളിഞ്ഞാൽ ഇത്‌ ഗൂഢാലോചനക്കേസിലെ നിർണായക തെളിവാകും. അതോടെ ഗൂഢാലോചന കേസിൽ ശബരിനാഥ് പ്രതിയാകാനും സാധ്യതയുണ്ട്.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിർദേശം നൽകിയത്‌ ശബരീനാഥാണെന്ന്‌ തെളിയിക്കുന്ന യൂത്ത്‌ കോൺഗ്രസ്‌ ഔദ്യോഗിക വാട്‌ആപ്‌ ഗ്രൂപ്പിൽ നടന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘സിഎം കണ്ണൂരിൽ നിന്ന്‌ വരുന്നുണ്ടെന്നും രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണം’ എന്നുമാണ് പുറത്തു വന്ന ശബരീനാഥിന്റെ ചാറ്റിലുള്ളത്. വിമാനത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക്‌ പുറത്തിറങ്ങാൻ ആകില്ലെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റായ ശബരിനാഥൻ പ്രസ്തുത ഗ്രൂപ്പ് ചാറ്റിൽപറയുന്നുണ്ട് ‘

ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലാണ്. വിമാനത്തിനുള്ളിലെ അക്രമം കളർഫുള്ളും അടിപൊളിയും ആകുമെന്നും അതിനാൽ ടിക്കറ്റിന്‌ എത്ര രൂപ ആയാലും കുഴപ്പമില്ലന്നുമാണ് നേതാക്കൾ ചാറ്റിൽ പറയുന്നത്. 109 ഓളം നേതാക്കൾ അടങ്ങിയതാണ്‌ ഈ വാട്സ്‌ആപ് ഗ്രൂപ്പ്‌. യൂത്ത്‌ കോൺഗ്രസ്‌ ലോഗോയാണ്‌ ഡിസ്‌പ്ലേ പിക്‌ചർ. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജിൽ മാക്കുറ്റി ക്രമീകരിക്കണമന്നും, തിരുവനന്തപുരത്ത്‌ സമരക്കാരെ സ്വീകരിക്കാൻ ശബരിനാഥൻ മുന്നിലുണ്ടാകണമെന്നും ഗ്രൂപ്പിൽ നിർദേശിച്ചിട്ടുണ്ട്. ഇതിൻ്റെ ആധികാരികതയാണിപ്പോൾ പൊലീസ് പരിശോധിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിലുണ്ടായ ഭിന്നതയാണ് വാട്സ് ആപ്പ് സന്ദേശം ചോരാൻ കാരണമായതെന്നാണ് സി.പി.എം നേതൃത്വം സംശയിക്കുന്നത്. ഗൂഢാലോചനകാർക്കെതിരെ ശക്തമായ നടപടിയാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം നേതൃത്വത്തിന്റെ ഗൂഢാലോചന പ്രകാരമെന്ന തെളിവ് ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അക്രമിക്കാൻ ക്രിമിനലുകളെ പറഞ്ഞ് വിട്ടത് മുൻ എംഎൽഎ ശബരിനാഥ് ഉൾപ്പെടെയുള്ള യൂത്ത് കോണ്ഗ്രസ് നേതാക്കളാണ് എന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ തുറന്നടിച്ചിട്ടുണ്ട്. ക്രിമിനലുകളെ രൂപപെടുത്തി പോറ്റി വളർത്തുന്ന യൂത്ത് കോൺഗ്രസിനെ കേരള പൊതു സമൂഹം ബഹിഷ്‌കരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിൽ വന്ന മെസേജുകളെ കുറിച്ചുള്ള വാർത്തകളോട് ശബരിനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തമായി പ്രതികരിക്കാത്തതും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതോടെ ഇപ്പോൾ വെട്ടിലായിരിക്കുന്നത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കൂടിയാണ്. മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിൽ നിലപാടെടുക്കുന്ന ശബരീനാഥന്റെ ഭാര്യ തന്ത്രപ്രധാനമായ പദവിയിൽ തുടരുന്നതിൽ ശക്തമായ അമർഷമാണ് സി.പി.എം പ്രവർത്തകർക്കുള്ളത്. ഭർത്താവ് എന്ന നിലയിൽ കളക്ടറുടെ ഔദ്യോഗിക വസതിയിൽ താമസിക്കാനുള്ള അവകാശം ശബരീനാഥിനുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കളക്ടർക്കെതിരായ നീക്കം. ദിവ്യ എസ് അയ്യരെ മാറ്റണമെന്ന് ഇതുവരെ ഭരണപക്ഷത്തെ ആരും പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലങ്കിലും അധികം താമസിയാതെ തന്നെ അവർ സ്ഥലംമാറ്റപ്പെടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

പത്തനംതിട്ടയിലെ മുപ്പത്തിയാറാമതു കലക്ടറാണ് ഡോ. ദിവ്യ എസ്.അയ്യർ. അരുവിക്കര എം.എൽ.എ ആയിരിക്കെ ശബരീനാഥുമായുള്ള പ്രണയമാണ് വിവാഹത്തിൽ കലാശിച്ചിരുന്നത്. ഒരു രാഷ്ട്രീയ നേതാവിനെ ഐ.എ.എസുകാരി ഭർത്താവായി തിരഞ്ഞെടുത്തതിനെ ഉദ്യാഗസ്ഥരും അത്ഭുതത്തോടെയാണ് നോക്കി കണ്ടിരുന്നത്. ഭർത്താവിന്റെ രാഷ്ട്രീയ എതിരാളികളുടെ നോട്ടപ്പുള്ളിയായി ഭാര്യയും മാറുമോ എന്ന ആശങ്കയും ഉദ്യോഗസ്ഥർക്കിടയിൽ പ്രകടമായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു വിവേചനത്തിനും പിണറായി സർക്കാർ തയ്യാറായിരുന്നില്ല. ദിവ്യ എസ് അയ്യരെ പത്തനംതിട്ട ജില്ലാ കളക്ടറാക്കിയതും അതു കൊണ്ടാണ്. കലക്ടർക്കായി കുലശേഖരപതിയിൽ പുതിയ വസതിയും സർക്കാർ ഒരുക്കിയിട്ടുണ്ട്. 1 കോടി 76 ലക്ഷം രൂപ ചെലവിൽ മനോഹരമായ കെട്ടിടം ഹരിത ചട്ടം പാലിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത്രയും ചിലവിൽ നിർമ്മിച്ച സംസ്ഥാനത്തെ ഏക കളക്ടറുടെ വസതിയും ഇതാണ്. രണ്ട് കുടുംബങ്ങൾക്കു താമസിക്കാനുള്ള സൗകര്യമുള്ള ഇരുനില വീടാണ് ഒരുക്കിയിരിക്കുന്നത്. സോളർ സംവിധാനം സ്ഥാപിക്കുന്ന പണികളും വൈദ്യുതി കണക്‌ഷൻ എടുക്കുന്ന നടപടികളും അന്തിമഘട്ടത്തിലാണ്. 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. മാത്യു സി.കുന്നുങ്കൽ ആയിരുന്നു ആദ്യ കലക്ടർ. മുപ്പത്തിയാറാമതു കലക്ടറാണ് ഡോ. ദിവ്യ എസ്.അയ്യർ. പുതിയ വസതിയിൽ കാലെടുത്തു വയ്ക്കും മുൻപ് ദിവ്യ തെറിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. രാഷ്ട്രീയ കേന്ദ്രങ്ങൾ മാത്രമല്ല ഉദ്യോഗസ്ഥ കേന്ദ്രങ്ങളും അതാണിപ്പോൾ ഉറ്റുനോക്കുന്നത്…

EXPRESS KERALA VIEW

Top