കോവിഡില്‍ ‘തട്ടി’ തീരുമോ, കാവിപ്പട ? പരിവാര്‍ നേതൃത്വത്തിനും ആശങ്ക . . .

രാജ്യത്ത് കാവിയുഗത്തിന്റെ അടിത്തറയും കോവിഡ് തകര്‍ക്കുമെന്ന ഭീതിയില്‍ ആര്‍.എസ്.എസ് നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥിതിഗതികളെക്കുറിച്ചു യഥാര്‍ഥ വിവരം ലഭിക്കുന്നില്ലെന്നും കൃത്യമായ നടപടി സ്വീകരിക്കുവാന്‍ ഇതാണ് തടസ്സമെന്നുമാണ് പരിവാര്‍ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ കോവിഡ് നേരിടുന്ന ടീമില്‍ മാറ്റം വരുത്തണമെന്ന അഭിപ്രായവും ആര്‍.എസ്.എസിനുണ്ട്. ഇക്കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന് വിവിധ വകുപ്പുകളെ തയാറെടുപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് നിലവില്‍ ഗുരുതര പാളിച്ചയാണ് പറ്റിയിരിക്കുന്നത്. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും നടപടികളാണ് വേണ്ടതെന്നുമാണ് ഉയര്‍ന്നു വന്നിരിക്കുന്ന വിമര്‍ശനം. ജനങ്ങള്‍ക്കിടയില്‍ ഇത് അമര്‍ഷമായി പടരുന്ന സാഹചര്യം രാഷ്ട്രിയപരമായും ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച പറ്റിയതായാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെടെ വിലയിരുത്തിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും ബി.ജെ.പിക്കേറ്റ ദയനീയ പരാജയവും പരിവാര്‍ സംഘടനകളെ ആശങ്കപ്പെടുത്തുന്നതാണ്. കോവിഡ് നിയന്ത്രണത്തിന്റെ പിടി സര്‍ക്കാരില്‍ നിന്ന് അയഞ്ഞുപോയെന്നും അത് ഭരണകക്ഷിയുടെ അടിത്തറയെ തന്നെ ബാധിച്ചുവെന്നുമാണ് എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് രണ്ടാം വരവിനെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ കാണിച്ച അലംഭാവം പൊറുക്കാനാവാത്ത വീഴ്ചയാണെന്നാണ് രാജ്യാന്തര മേഡിക്കല്‍ ജേണലായ ലാന്‍സെറ്റ് മുഖപ്രസംഗത്തിലെഴുതിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖപ്രസംഗമാണിത്. ഇന്ത്യയില്‍ മധ്യവര്‍ഗത്തെയാണ് കോവിഡ് ഏറെ ദോഷം ചെയ്തിരിക്കുന്നത്. ഗ്രാമീണ മേഖലയിലേക്കും വ്യാപിക്കുന്ന വൈറസ് പ്രത്യേകിച്ച് ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.’കോവിഡ് മൂലം ദുഖം അനുഭവിക്കുന്നവരുടെ രോക്ഷം ദീര്‍ഘകാലമാണ് നീണ്ടുനില്‍ക്കാന്‍ പോകുന്നത്.അതാകട്ടെ ഏത് രൂപത്തില്‍ വേണമെങ്കിലും പ്രകടിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പുകളിലും ഇതിന്റെ അലയൊലിയുണ്ടാകും. ബി.ജെ.പിക്കാണ് അപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരിക.

2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മോദി മൂന്നാം ടേമിനായി വീണ്ടും മത്സരിക്കും. ഉത്തര്‍പ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. അടുത്തിടെ നടന്ന യു.പി പഞ്ചായത്ത് തിരഞ്ഞെടുപ്പും കാവിപ്പടക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി മാത്രമല്ല കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പോലും വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബി.ജെ.പിയൂടെ ഇപ്പോഴത്തെ ആശങ്കയുടെ അടിസ്ഥാനവും ഇതു തന്നെയാണ്.

ബറേലി അടക്കമുള്ള സ്ഥലങ്ങളില്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമവും മരുന്ന് അടക്കമുള്ളവ കരിഞ്ചന്തയിലേക്ക് പോകുന്നതും കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വൈകുന്നതും യു.പി ഭരണകൂടത്തെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വാറിനു തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കേണ്ടി വന്നിരിക്കുകയാണ്. കോവിഡ് രൂക്ഷമായ ബറേലിയിലെ ഓക്‌സിജന്‍ ക്ഷാമവും വെന്റിലേറ്റര്‍ കരിഞ്ചന്തയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രി രംഗത്തു വന്നിരിക്കുന്നത്. ബി.ജെ.പിക്കുള്ളിലെ രോക്ഷമായാണ് ഈ ഭിന്നതയെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ആര്‍.എസ്.എസ് അതൃപ്തിയാണ് നേതാക്കളുടെ നീക്കങ്ങളില്‍ നിന്നും പ്രകടമാകുന്നതെന്ന അഭിപ്രായവും ശക്തമാണ്.

മോദിക്ക് മൂന്നാം ഊഴത്തിന് യു.പിയിലെ വിജയം നിര്‍ണ്ണായകമാണ്. അവിടെയാണിപ്പോള്‍ കടിഞ്ഞാണ്‍ പൊട്ടിയിരിക്കുന്നത്.ഈ സാഹചര്യത്തില്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിധി എന്താകുമെന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. യു.പിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കര്‍ഷക രോക്ഷവും ഒരു പ്രധാന കാരണമാണ്. ഇനി കോവിഡ് കൂടി ചേരുമ്പോള്‍ യോഗിക്കും മോദിക്കും വെല്ലുവിളിയും കടുപ്പമായിരിക്കും.

കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കാന്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പുതുമുഖങ്ങള്‍ അടക്കമുളളവരെ കൊണ്ടുവരണമെന്ന നിര്‍ദേശം ഉണ്ടെങ്കിലും നടപ്പാക്കപ്പെടുമോ എന്നതും വ്യക്തമല്ല. ആരോഗ്യം സംസ്ഥാന വിഷയമാണെങ്കിലും അത് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച കേന്ദ്ര സര്‍ക്കാറിനെയും ദോഷമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രവും യു.പിയും ഭരിക്കുന്നത് ബി.ജെ.പി ആയതിനാല്‍ ഒരു ന്യായീകരണവും വിലപ്പോവുന്നുമില്ല. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. കര്‍ണ്ണാടകയിലെ സ്ഥിതിയും ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ ഭരണത്തിലില്ലങ്കിലും പഴി മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത് കേന്ദ്ര സര്‍ക്കാരാണ്. നിലവിലെ വീഴ്ചയില്‍ ജനങ്ങള്‍ ഏറെ അസ്വസ്ഥരാണ്. അവര്‍ കേന്ദ്ര നേതൃത്വത്തെയാണ് പഴിക്കുന്നത്. കാര്യങ്ങള്‍ ഞങ്ങളുടെ കൈകളില്‍ നിന്ന് വഴുതിപോകുകയാണെന്ന്, വൈകിയാണെങ്കിലും ബി.ജെ.പി നേതാക്കളും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ പശ്ചിമ ബംഗാളില്‍ മോദി നടത്തിയ പ്രചാരണവും ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. .ഇത് രാജ്യത്തിന് ‘തെറ്റായ സന്ദേശമാണ്’ നല്‍കിയതെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ അടക്കം പങ്കെടുത്ത കൂറ്റന്‍ റാലികളും റോഡ്‌ഷോകളും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടുള്ളതായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ഗുരുതര പിഴവാണ് കാട്ടിയിരിക്കുന്നത്. മാസ്‌കും മറ്റും ധരിക്കാതെയാണ് പല നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഇതെല്ലാം തന്നെ ആഗോള മാധ്യമങ്ങളില്‍ അടക്കം രാജ്യത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കാനാണ് വഴിവച്ചിരിക്കുന്നത്. ഓക്‌സിജന്റെയും വാക്‌സിന്റെയും വിതരണം ഊര്‍ജിതമാക്കലാണ് സര്‍ക്കാരുകള്‍ ഇനി ചെയ്യേണ്ട പ്രധാന ദൗത്യം. അതിനാണ് കേന്ദ്ര സര്‍ക്കാറും വേഗത നല്‍കേണ്ടത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഉള്‍പ്പെടെ നടപടികള്‍ വേഗത്തിലാക്കണം.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും മനുഷ്യരാണുള്ളത്. ഒരു വിവേചനവും അവരോടും പാടില്ല. കൊലയാളി വൈറസിനെ തുരത്താന്‍ ഒറ്റക്കെട്ടായാണ് രാജ്യം പൊരുതേണ്ടത് അതല്ലങ്കില്‍ വൈറസുകളാണ് നമുക്ക് മേല്‍ ആധിപത്യം ഉറപ്പിക്കുക. മാനവരാശിക്കു തന്നെ അപകടമാകുന്ന അത്തരം അവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം. ഈ കാലഘട്ടം ആവശ്യപ്പെടുന്നതും അതു തന്നെയാണ്.

Top