വയസ്സന്‍ പടയെ ‘ഒതുക്കി’, കോണ്‍ഗ്രസ് ഇനിയെങ്കിലും ന്യൂജനറേഷന് വഴിതുറക്കുമോ?

ജ്യോതിരാദിത്യ സിന്ധ്യയുടെ പടപ്പുറപ്പാട് കോണ്‍ഗ്രസിനുള്ള ചോദ്യമാണ്. ഇനിയും പഴയ നേതാക്കളെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകണോ, അതോ പുതിയ നേതാക്കള്‍ക്ക് വഴിതുറക്കണോ എന്ന ചോദ്യം. സാക്ഷാല്‍ രാഹുല്‍ ഗാന്ധി പോലും ശ്രമിച്ച് പരാജയപ്പെട്ട ഈ വഴി തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കില്‍ ഭാവി അത്ര സുഖകരമാകില്ലെന്ന് ഉറപ്പ്.

സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദിയോറ, കുല്‍ദീപ് ബിഷ്‌ണോയി, സന്ദീപ് ദീക്ഷിത്ത്, ജിതിന്‍ പ്രസാദ തുടങ്ങിയ യുവനേതാക്കള്‍ ഇപ്പോഴും പഴയ പടക്കുതിരകള്‍ക്ക് പിന്നില്‍ ഒതുങ്ങി നില്‍ക്കേണ്ട ഗതികേടിലാണ്. വയസ്സന്‍ പടയാകട്ടെ ന്യൂജെന്‍ നേതാക്കള്‍ക്ക് മുന്നില്‍ വഴിമാറുന്നുമില്ല. നിലവില്‍ കോണ്‍ഗ്രസിനായി തീരുമാനം കൈക്കൊള്ളുന്ന നേതാക്കള്‍ മോട്ടിലാല്‍ വോറാ, അഹമ്മദ് പട്ടേല്‍, അശോക് ഘെലോട്ട്, കമല്‍നാഥ്, ദിഗ്‌വിജയ് സിംഗ്, തരുണ്‍ ഗൊഗോയി, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, ഗുലാം നബി ആസാദ്, മന്‍മോഹന്‍ സിംഗ്, എകെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങീ സോണിയാ ഗാന്ധിക്ക് മുന്‍പ് കോണ്‍ഗ്രസിലെത്തിയവരാണ്.

പാര്‍ട്ടിയുടെ എല്ലാ സുപ്രധാന വിഷയങ്ങളിലും ഇവര്‍ തന്നെയാണ് കാര്യക്കാര്‍. 40 വയസ്സ് വരെയുള്ള നേതാക്കളും, 55, 60 വയസ്സ് വരെയുള്ള നേതാക്കളും കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുന്ന അവസ്ഥയാണ്. ഇവരെ സ്വാഗതം ചെയ്യാന്‍ ബിജെപി തയ്യാറായി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് വിഷയത്തില്‍ ജാഗ്രത കാണിക്കണം. കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്രമാണ് ബിജെപി വാഗ്ദാനം.

സോണിയ, രാഹുല്‍ ഗാന്ധിമാര്‍ക്ക് ഇതൊരു പുതിയ കാര്യമല്ല. ആസാമില്‍ ഹിമന്ത ബിസ്വ ശര്‍മ്മയെ തരുണ്‍ ഗൊഗോയിക്ക് വേണ്ടി പിന്തള്ളിയപ്പോള്‍ ഒരു സംസ്ഥാനം മാത്രമല്ല നോര്‍ത്ത് ഈസ്റ്റ് മേഖല മുഴുവന്‍ അവര്‍ക്ക് ബിജെപിക്ക് അടിയറ വെയ്‌ക്കേണ്ടി വന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ പുറത്തേക്കുള്ള പോക്ക് കോണ്‍ഗ്രസിന് മറ്റൊരു മുന്നറിയിപ്പാണ്. വയസ്സന്‍ പടയ്ക്ക് മുന്നില്‍ ഒതുങ്ങിപ്പോകുന്ന യുവ നേതാക്കള്‍ നേരിടുന്ന സംഘര്‍ഷം കണ്ടില്ലെന്ന് നടിച്ചാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ഉറപ്പ്.

Top