മധ്യപ്രദേശില്‍ കാലുകുത്തിയാല്‍ ജീവനോടെ കത്തിക്കും;പ്രഗ്യാ സിങിന് എം.എല്‍.യുടെ ഭീഷണി

ഭോപ്പാല്‍: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചതിന് പിന്നാലെ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വധ ഭീഷണി. പ്രഗ്യാ സിങ് മധ്യപ്രദേശില്‍ കാലുകുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ഭീഷണി. ബയോറ എംഎല്‍എ ഗോവര്‍ധന്‍ ദാംഗിയാണ് പ്രഗ്യക്ക് താക്കീത് നല്‍കിയത്.

എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്സെ രചിച്ച ”വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. ബിജെപി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെടുകയും അപലപിക്കുകയും ചെയ്തിരുന്നു.

Top