ബിജെപി സംസ്ഥാന അധ്യക്ഷനാവുമോ?; സുരേഷ് ഗോപി എംപിയുടെ മറുപടി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താല്‍പര്യം. പാഠവമുള്ള ആളുകള്‍ക്ക് മാത്രമെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരാന്‍ സാധിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

‘അതിനൊന്നും ഞാന്‍ തയ്യാറല്ല. എനിക്ക് കൈപിടിയില്‍ ഒതുങ്ങാവുന്ന നേതാക്കളെയുള്ളൂ പാര്‍ട്ടിയില്‍. ഞാന്‍ എന്ത് ജോലി ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അതില്‍ പ്രമുഖരായ അഞ്ച് പേര്‍ക്കറിയാം. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്തൊക്കെ ചെയ്യാനാണ് എനിക്ക് സൗകര്യം എന്നത് അവര്‍ക്കറിയാം. അതൊക്കെ ഞാന്‍ ഓടി നടന്നു ചെയ്യുന്നുണ്ട്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കൊക്കെ വരാന്‍ പാഠവമുള്ള ആളുകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. നാമ്പു നട്ട് വേരോടാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.’ സുരേഷ് ഗോപി പറഞ്ഞു.

ആറുമാസത്തിനുള്ളില്‍ സംസ്ഥാന ബി ജെ പിയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഫണ്ടു വിവാദത്തിന് ശേഷമുള്ള സംസ്ഥാന ബി ജെ പിയുടെ പ്രവര്‍ത്തനമാണ് മാറി ചിന്തിക്കാന്‍ കേന്ദ്ര നേതൃത്വത്തിനെ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Top