ഭാരത് ജോഡോ യാത്ര കോൺഗ്രസ്സിന് ഗുണം ചെയ്യുമോ ? മോദിയെ വിമർശിക്കാതിരുന്നതും ചർച്ചയാകുമ്പോൾ

കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ സമാപിച്ചിരിക്കുകയാണ്. ഈ യാത്ര കൊണ്ട് കോൺഗ്രസ്സ് എന്തു നേടി എന്നതിന് കാലമാണ് മറുപടി പറയേണ്ടത്. എന്നാൽ ഒരു കാര്യം നിസംശയം പറയാൻ സാധിക്കും കോൺഗ്രസ്സിൽ രാഹുൽ ഗാന്ധിയും നെഹറു കുടുംബവും അതിന്റെ സർവ്വാധിപത്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഭാരത് ജോഡോ യാത്ര വലിയ പങ്കു വഹിച്ചിട്ടുണ്ട്. നെഹറു കുടുംബത്തിന്റെ ആധിപത്യത്തിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിയ കലാപക്കൊടി ചായ കോപ്പയിലെ കൊടുക്കാറ്റായാണ് മാറിയിരിക്കുന്നത്. രാഹുൽ ഗാന്ധി ആഗ്രഹിച്ചതും അതു തന്നെയാണ്.

അതല്ലാതെ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരായ ഒരു രാഷ്ട്രീയ മുന്നേറ്റമായി ഒരിക്കലും ഈ യാത്രയെ വിലയിരുത്താൻ കഴിയുന്നതല്ല. കോൺഗ്രസ്സ് നേതാക്കൾക്ക് പോലും അക്കാര്യം അവകാശപ്പെടാനും കഴിയുകയില്ല. “ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം” എന്നതായിരുന്നു ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കുക എന്നതും യാത്രയുടെ ലക്ഷ്യമായാണ് അവതരിപ്പിച്ചിരുന്നത്.

പക്ഷേ ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര സർക്കാറിനെതിരെ ശക്തമായ കടന്നാക്രമണം രാഹുൽ ഗാന്ധിയോ മറ്റു നേതാക്കളോ നടത്തിയിരുന്നില്ല. മാത്രവുമല്ല “രാജസ്ഥാനിൽ ഭാരത് ജോഡോ യാത്ര എത്തിയപ്പോൾ മോദി അനുകൂല മുദ്രാവാക്യങ്ങൾ ബി.ജെ.പി പ്രവർത്തകർ മുഴക്കിയപ്പോൾ അവർക്ക് ‘പറക്കും ചുംബനമാണ്’ രാഹുൽ നൽകിയിരുന്നത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വലിയ തോതിലാണ് വൈറലായിരുന്നത്.

കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ ഇടതുപക്ഷത്തെ കടന്നാക്രമിച്ച കോൺഗ്രസ്സ് നേതാക്കൾ ജാഥ കേരളം വിട്ടപ്പോൾ ജാഥയുടെ സ്വഭാവം തന്നെയാണ് മാറ്റിയത്. കാവിയിൽ പൊതിഞ്ഞ രാഹുൽ ഗാന്ധിയെയാണ് പിന്നീട് പല സംസ്ഥാനത്തും ദർശിക്കാൻ കഴിഞ്ഞിരുന്നത്. കേരളത്തിൽ ന്യൂനപക്ഷ പ്രീണനവും മറ്റിടങ്ങളിൽ ഭൂരിപക്ഷ പ്രീണനവുമാണ് ഇപ്പോഴും കോൺഗ്രസ്സ് തുടരുന്നത്. രണ്ട് ‘വഞ്ചിയിൽ’ കാലു വയ്ക്കുന്ന ഈ നയം തിരുത്താത്ത ഇടത്തോളം കാലം എന്ത് യാത്രകൾ നടത്തിയാലും വലിയ പ്രയോജനമുണ്ടാകാൻ സാധ്യതയില്ല.

ഭാരത് ജോഡോ യാത്രയിൽ സി.പി.എം പങ്കെടുക്കാത്തതിനെ വിമർശിക്കുന്നവർ കേരളത്തിൽ രാഹുലിന്റെ യാത്ര എത്തിയപ്പോൾ എന്തിനാണ് ഇടതുപക്ഷത്തെ കടന്നാക്രമിച്ചതെന്നതിനാണ് ആദ്യം മറുപടി പറയേണ്ടത്. രാജ്യത്ത് കോൺഗ്രസ്സിന് തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ആദ്യം തുറന്നു കാട്ടേണ്ടതും പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതും കേന്ദ്ര സർക്കാറിനും പരിവാർ സംഘടനകൾക്കും എതിരെയാണ്. അതിനു തയ്യാറാകാതെ ഒരു ഭാരത യാത്ര നടത്തിയത് കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും കോൺഗ്രസ്സിന് ഉണ്ടാകുകയില്ല.

രാഹുൽ ഗാന്ധിയല്ലാതെ മറ്റാരെങ്കിലുമാണ് ഈ യാത്ര നയിച്ചതെങ്കിൽ എത്ര കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുക്കുമായിരുന്നു എന്നതും പ്രസക്തമായ ചോദ്യമാണ്. ഇവിടെയും കേവലം വ്യക്തിയിലേക്കാണ് കോൺഗ്രസ്സ് ചുരുങ്ങിയിരിക്കുന്നത്.

136 ദിവസം നീണ്ട ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്മീരിൽ സമാപിച്ചിരിക്കുന്നത്. കർണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ റിസൾട്ട് വരാൻ പോകുന്നത്. ഈ തിരഞ്ഞെടുപ്പുകളിൽ കൂടി പരാജയപ്പെട്ടാൽ പിന്നെ ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതു തന്നെ കോൺഗ്രസ്സിന് വലിയ അഗ്നി പരീക്ഷണമായാണ് മാറുക.

EXPRESS KERALA VIEW

Top